ETV Bharat / state

നരേന്ദ്ര മോദിയെ പുകഴ്ത്തി ഗവർണറുടെ റിപ്പബ്ലിക് പ്രസംഗം; മുഖ്യമന്ത്രിയെ വേദിയിലിരുത്തി സംസ്ഥാന സർക്കാരിന് രൂക്ഷ വിമർശനം

author img

By ETV Bharat Kerala Team

Published : Jan 26, 2024, 11:02 AM IST

Updated : Jan 26, 2024, 12:06 PM IST

Republic Day 2024  Governor Arif Mohammed Khan Speech  റിപ്പബ്ലിക് ദിനം 2024  ഗവർണർ റിപ്പബ്ലിക് ദിന പ്രസംഗം
Republic Day 2024: Governor Arif Mohammed Khan Speech

സർക്കാരുമായുള്ള പോര് തുറന്നു കാട്ടി ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശ പ്രസംഗം.

ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശ പ്രസംഗം

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി റിപ്പബ്ലിക് ദിന പ്രസംഗത്തിൽ (Republic Day 2024) പ്രധാനമന്ത്രിയുടെ പേര് പറഞ്ഞ് പുകഴ്ത്തിയും സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Governor Arif Mohammed Khan Speech). തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷം നടത്തിയ പ്രസം‌ഗത്തിലാണ് കേന്ദ്രസർക്കാരിന്‍റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശ പ്രസംഗം. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻകുട്ടി, വി അബ്‌ദുറഹിമാൻ എന്നിവർ വേദിയിലിരിക്കെയാണ് ഗവർണർ സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ സൂപ്പർ പവറാക്കിയെന്ന് പറഞ്ഞാണ് കേന്ദ്ര സർക്കാരിനെ പുകഴ്ത്താൻ ഗവർണർ ആരംഭിച്ചത്. മേക്ക് ഇൻ ഇന്ത്യയിലൂടെ വന്ദേ ഭാരതും കൊച്ചി വാട്ടർ മെട്രോയും യാഥാർഥ്യമായി. വികസിത് സങ്കൽപ്പ് യാത്ര കേന്ദ്ര സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെ പട്ടിണിക്കെതിരെ വിജയകരമായ പ്രവർത്തനം നടത്താനായെന്നും ഗവർണർ പറഞ്ഞു.

എന്നാൽ കേരളം ആരോഗ്യകരമായ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ഗവർണർ സംസ്ഥാന സർക്കാരിനെ ഓർമ്മിപ്പിച്ചു. സ്റ്റാർട്ട് അപ്പ് റാങ്കിങ്ങിൽ കേരളത്തിന് മികച്ച നേട്ടം ഉണ്ടായി. അതേസമയം, ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാഹ്യ ഇടപെടലുകൾ അക്കാദമിക മേഖലയെ മലിനമാക്കുന്നുവെന്ന് ഗവർണർ വിമർശിച്ചു.

വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളം ആരോഗ്യകരമായ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണം. അധികാരത്തിന് വേണ്ടിയുള്ള ആന്തരിക മത്സരങ്ങൾ ഭരണ നിർവഹണത്തെ ബാധിക്കരുത്. ബാഹ്യ ഇടപെടൽ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന് അനിവാര്യമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

മുഖ്യമന്ത്രിയുള്ള ഭാഗത്തേക്ക്‌ നോക്കുക പോലും ചെയ്യാതെയാണ് ഗവർണർ ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിൽ ഒന്നരമണിക്കൂറോളം ഗവർണറും മുഖ്യമന്ത്രിയും വേദി പങ്കിട്ടിട്ടും ഇരുവരും പരസ്‌പരം ഹസ്‌തദാനം നടത്തുകയോ സംസാരിക്കുകയോ ചെയ്‌തില്ലെന്നതും കൗതുകമായി. ഇന്നലെ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗം ഒന്നര മിനിറ്റിൽ ഒതുക്കി സർക്കാരിനെ വെട്ടിലാക്കിയ ഗവർണർ തൊട്ടടുത്ത ദിവസവും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സർക്കാരിനെ കടന്നാക്രമിക്കുകയായിരുന്നു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്‌ഭവനിൽ പതിവുപോലെ സംഘടിപ്പിക്കുന്ന അറ്റ് ഹോം എന്ന വിരുന്ന് സൽക്കാരം ഇന്ന് വൈകുന്നേരം ആറ് മണിക്കാണ്. ഈ വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുയർന്നിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ മുഖ്യമന്ത്രി പങ്കെടുക്കാനിടയില്ലെന്നാണ് സൂചന.

Last Updated :Jan 26, 2024, 12:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.