ബെംഗളൂരു: ഐപിഎല്‍ നടപ്പ് സീസണില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയാണ് ആര്‍സിബിയുടെ സൂപ്പര്‍ താരം വിരാട് കോലി. റണ്‍വേട്ടക്കാരുടെ പട്ടികയിലും ഒന്നാമനായ കോലി 13 മത്സരങ്ങളില്‍ നിന്നും 661 റണ്‍സാണ് ഇതുവരെ നേടിയത്. കോലിയുടെ തകര്‍പ്പൻ ഫോമിലാണ് പ്ലേഓഫ് മോഹങ്ങളുമായി സീസണിലെ അവസാന മത്സരത്തില്‍ ബെംഗളൂരു ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടാൻ ഇറങ്ങുന്നത്.
ഇന്ത്യൻ പ്രീമിയര്‍ ലീഗിന് ശേഷം ഇന്ത്യയ്ക്കായി ടി20 ലോകകപ്പ് കളിക്കാനും വിരാട് കോലി ഇറങ്ങും. ടി20 ലോകകപ്പിലൂടെ ഇന്ത്യയുടെ 13 വര്‍ഷത്തോളമായുള്ള ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കുക കൂടിയാകും 35കാരനായ താരത്തിന്‍റെ ലക്ഷ്യം. ഒരുഘട്ടത്തില്‍ വിരാട് കോലി ടി20 ലോകകപ്പ് സ്ക്വാഡില്‍ ഇടം നേടിയേക്കില്ലെന്ന തരത്തില്‍ പോലും റിപ്പേര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, തന്‍റെ പ്രകടന മികവ് കൊണ്ടാണ് താരം ഈ അഭ്യൂഹങ്ങളെല്ലാം കാറ്റില്‍ പറത്തിയത്.
അതേസമയം, വരാനിരിക്കുന്ന ടി20 ലോകകപ്പിന് പിന്നാലെ തന്‍റെ ലിമിറ്റഡ് ഓവര്‍ കരിയര്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് സൂചന നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ വിരാട് കോലി. ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനുമാണ് താരം വൈറ്റ് ബോള്‍ ക്രിക്കറ്റിനോട് വിടപറയാൻ ഒരുങ്ങുന്നത്. വിരമിക്കലിന് ശേഷം എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് വ്യക്തമായ പ്ലാനുകള്‍ ഉള്ള വിരാട് കോലി യാതൊരു പശ്ചാത്താപവും ഇല്ലാതെ കരിയര്‍ അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ആര്‍സിബി പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
'വളരെ ലളിതമായ ഒരു കാര്യമാണിത്. ഏതൊരു കായിക താരം ആയാലും അവരുടെ കരിയറിന് അവസാന തീയതി ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്നാല്‍, ഇത്തരത്തിലുള്ള ചിന്തകളെ ഞാൻ അധികം ഇഷ്‌ടപ്പെടുന്നില്ല.
ആ ദിവസം ഞാൻ ഇത് ചെയ്‌തിരുന്നെങ്കിലോ എന്ന ചിന്തയോടെ കരിയര്‍ അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം, എന്നേന്നേക്കുമായി മുന്നോട്ട് പോകാൻ കഴിയില്ല. അതുകൊണ്ട് തന്നെ എല്ല കാര്യങ്ങളും ചെയ്‌ത ശേഷം മടങ്ങാൻ ആണ് ഞാൻ ഇഷ്‌ടപ്പെടുന്നത്.
ഒന്നും ബാക്കിവെച്ച് മടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ചെയ്യാനുള്ളതെല്ലാം ചെയ്‌ത് കഴിഞ്ഞാല്‍ ഞാൻ പോകും. പിന്നീട് കുറച്ച് കാലം നിങ്ങളെന്നെ കാണില്ല. അതുകൊണ്ട് കളിക്കുന്ന കാലയളവില്‍ ഏറ്റവും ബെസ്റ്റ് നല്‍കാൻ ഞാൻ ആഗ്രഹിക്കുന്നു. ആ ചിന്തയാണ് ഇന്ന് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്'- വിരാട് കോലി പറഞ്ഞു.
Also Read : 'വിരാട് കോലി വീണ്ടും ആര്‍സിബിയുടെ ക്യാപ്‌റ്റനാകണം': ഹര്‍ഭജൻ സിങ് - Harbhajan Singh On RCB Captaincy