ദിവസവും രാവിലെ എഴുനേറ്റയുടൻ നാരങ്ങ വെള്ളത്തിൽ അൽപം തേൻ ചേർത്ത് കഴിക്കുന്നത് ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ല ഗുണം നൽകുന്നു. വിശപ്പിനെ നിയന്ത്രിക്കാനും ഈ പാനീയം സഹായിക്കുന്നു. വിറ്റാമിൻ ബി, സി, മഗ്നീഷ്യം, ഫോസ്‌ഫറസ്, കാൽസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് നാരങ്ങ. ഇത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും അണുബാധകളെ തടയാനും സഹായിക്കുന്നു. നാരങ്ങയിലും തേനിലും ആന്‍റി ബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ കൊളാജൻ കൂടുതലായി ഉത്പാദിപ്പിക്കുകയും ചർമ്മത്തെ തിളക്കമുള്ളതാക്കാനും സഹായിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.
എന്നാൽ മിക്ക ആളുകളും ശരീരഭാരം കുറയ്ക്കുന്നതിനായി മാത്രമാണ് തേൻ ചേർത്ത നാരങ്ങാവെള്ളം കുടിക്കുന്നത്. എന്നാൽ ഇവയിൽ അടങ്ങിയിരിക്കുന്ന അനേകം ഗുണങ്ങളിൽ ഒന്ന് മാത്രമാണിതെന്ന് പോഷകാഹാര വിദഗ്‌ധ രാഖി ചാറ്റർജി പറയുന്നു. വെറും വയറ്റിൽ നാരങ്ങയും തേനും ചേർത്ത വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള നല്ലൊരു മാർഗമാണ്. ഇതിന് പുറമെ, മറ്റ് നിരവധി ഗുണങ്ങളും നാരങ്ങയിലും തേനിലും അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ തേൻ ചേർത്ത നാരങ്ങാവെള്ളം കുടിക്കുന്നതിൻ്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് കൂടുതൽ അറിയാം.
വിശപ്പ് നിയന്ത്രിക്കുന്നു
വെറും വയറ്റിൽ നാരങ്ങ വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ദിവസം മുഴുവൻ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് രാഖി ചാറ്റർജി പറയുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു
ദഹന എൻസൈമുകളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ നാരങ്ങ വെള്ളം ഗുണം ചെയുന്നു. ഇത് പോഷകങ്ങൾ മികച്ച രീതിയിൽ ആഗിരണം ചെയ്യുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
തേനിന് പഞ്ചസാരയേക്കാൾ കുറഞ്ഞ ഗ്ലൈസെമിക് സൂചികയായതിനാൽ ചെറിയ അളവിൽ നാരങ്ങയും തേനും ചേർത്ത വെള്ളം കുടിക്കുന്നത് പ്രമേഹ രോഗികൾക്ക് വളരെ ഗുണം ചെയ്യും. തേനും നാരങ്ങയും ചേരുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനായി ഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കാനും ഇത് ഗുണം ചെയ്യുന്നു.
ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നു
തേനും നാരങ്ങയും ചേർത്ത വെള്ളം കുടിക്കുന്നത് നിങ്ങളുടെ ഉപാപചയ പ്രവർത്തനത്തെ മികച്ചതാക്കുന്നു. കലോറി കത്തിച്ചു കളയാനുള്ള പ്രത്യേക കഴിവും ഈ പാനീയത്തിൽ അടങ്ങിയിരിക്കുന്നു.
ജലാംശം നിലനിർത്തുന്നു
ശരീരഭാരം കുറയ്ക്കാൻ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ നിങ്ങളുടെ ദിനചര്യയിൽ തേനും നാരങ്ങയും ചേർത്ത വെള്ളം ഉൾപ്പെടുത്തുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താനുള്ള ഒരു എളുപ്പ മാർഗമാണ്. ഇത് വിശപ്പ് നിയന്ത്രിക്കാനും നിങ്ങളെ സഹായിക്കുന്നു.
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു
ദിവസേന നാരങ്ങാ വെള്ളത്തിൽ തേൻ ചേർത്ത് കടിക്കുന്നതിലൂടെ ശരീരത്തിൽ നിന്ന് വിഷവസ്‌തുക്കളെ പുറന്തള്ളാൻ സഹായിക്കും. ഫ്രീ റാഡിക്കലുകളിൽ നിന്നും വിഷവസ്‌തുക്കളിൽ നിന്നുമൊക്കെ ശരീരത്തെ സംരക്ഷിക്കാനും ഇത് ഫലപ്രദമാണ്.
https://www.ncbi.nlm.nih.gov/pmc/articles/PMC4910284/
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.