ETV Bharat / bharat

ഭരണഘടന നശിപ്പിക്കണമെന്ന കുടില അജണ്ടയാണ് ബിജെപിക്കും ആര്‍എസ്എസിനും; രാഹുല്‍ ഗാന്ധി

author img

By ETV Bharat Kerala Team

Published : Mar 10, 2024, 10:34 PM IST

BJP RSS  Devious Agenda  ReWriting Destroying Constitution  congress
bjp-rss-have-devious-agenda-of-re-writing-destroying-constitution-congress-over-bjp-mps-remarks

അനന്തകുമാര്‍ ഹെഗ്‌ഡെയുടെ ഭരണഘടനയെ മാറ്റുമെന്ന പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും ഭരണഘടനവിരുദ്ധമുഖമാണ് വ്യക്തമായിരിക്കുന്നതെന്ന് നേതാക്കള്‍.

ന്യൂഡല്‍ഹി: ഭരണഘടന തിരുത്തുമെന്ന ബിജെപി എംപി അനന്തകുമാര്‍ ഹെഗ്ഡെയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. ബിജെപിക്കും ആര്‍എസ്എസിനും ഭരണഘടന തകര്‍ക്കണമെന്നും തിരുത്തണമെന്നുമുള്ള കുടില അജണ്ടയാണ് ഉള്ളതെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു(BJP, RSS).

തന്‍റെ കക്ഷിക്ക് ഭരണഘടന തിരുത്തണമെങ്കില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്നും ഹെഗ്ഡെ കര്‍ണാടകയിലെ കാര്‍വാറില്‍ നടന്ന ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവേ ചൂണ്ടിക്കാട്ടിയിരുന്നു. കോണ്‍ഗ്രസ് അനാവശ്യമായി ഭരണഘടനയില്‍ പലതും ചേര്‍ത്തിട്ടുണ്ടെന്നും അതെല്ലാം ഒഴിവാക്കേണ്ടതുണ്ടെന്നും ഹെഗ്ഡെ പറഞ്ഞു(Devious Agenda).

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദ്ദേഹത്തിന്‍റെ സംഘപരിവാരത്തിനുമുള്ള കുടില തന്ത്രങ്ങളും മറച്ച് വച്ചിരിക്കുന്ന താത്പര്യങ്ങളുമാണ് ബിജെപി എംപിയുടെ പരാമര്‍ശത്തിലൂടെ പുറത്ത് വന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഏകാധിപത്യം കൊണ്ടുവരാനുള്ള മോഡിയുടെയും ആര്‍എസ്എസിന്‍റെയും കുടില നീക്കങ്ങളാണ് വീണ്ടും പുറത്ത് വന്നിരിക്കുന്നത് എന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്. മോദി സര്‍ക്കാരിനും ബിജെപിക്കും ആര്‍എസ്എസിനും ഏകാധിപത്യം കൊണ്ടുവരണമെന്ന രഹസ്യ താത്പര്യം ഉണ്ട്. അവിടെ അവര്‍ക്ക് അവരുടെ മനുവാദി മനോഭാവം ഇന്ത്യന്‍ ജനതയുടെ മേല്‍ നടപ്പാക്കി പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗ്ഗക്കാരുടെയും മറ്റ് പിന്നാക്കവിഭാഗങ്ങളുടെയും അവകാശങ്ങള്‍ കവരേണ്ടതുണ്ടെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു(Re-Writing, Destroying Constitution).

അവരുടെ പുതിയ ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകളുണ്ടാകില്ല. അല്ലെങ്കില്‍ തെരഞ്ഞെടുപ്പുകളില്‍ കൃത്രിമത്വം കാട്ടും. സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കും. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ തകര്‍ത്തെറിയും. നമ്മുടെ നാനാത്വത്തില്‍ ഏകത്വത്തെയും മതേതരത്വത്തെയും ആര്‍എസ്എസു ബിജെപിയും നശിപ്പിക്കും. എന്നാല്‍ സംഘപരിവാറിന്‍റെ ഈ താത്പര്യങ്ങളൊന്നും നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും കാര്‍ഗെ പറഞ്ഞു. ആര്‍എസ്എസില്‍ നിന്നും ബിെജപിയില്‍ നിന്നുമുണ്ടാകുന്ന ആവര്‍ത്തിച്ചുള്ള ഇത്തരം ആഹ്വാനങ്ങള്‍ ഭരണഘടന സ്രഷ്‌ടാക്കളുടെ പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ ആശയങ്ങളോടുള്ള ചോദ്യം െചയ്യാനാകാത്ത കടപ്പാടിന് നേര്‍ക്കുള്ള കടന്ന് കയറ്റമാണെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

നീതിയും സമത്വവും സ്വാതന്ത്ര്യവും നമ്മുടെ ഭരണഘടനയുടെ ശക്തമായ തൂണുകളാണ്. ഈ തത്വങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നത് ബാബാ സാഹേബ് ഡോ അംബേദ്ക്കറിനോടും നമ്മുടെ രാഷ്‌ട്രശില്‍പ്പികളോടും നാം കാട്ടുന്ന അനാദരവാകും. നമ്മുടെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ ഓരോ ഇന്ത്യാക്കാര്‍ക്കും ഉത്തരവാദിത്തമുണ്ട്. സംവിധാന്‍ ബച്ചാവോ ബിജെപി ഹഠാവോ എന്ന ഹാഷ് ടാഗോടെ ആയിരുന്നു അദ്ദേഹത്തിന്‍റെ എക്‌സിലെ പോസ്റ്റ്.

ബാബാ സാഹേബിന്‍റെ ഭരണഘടന തകര്‍ക്കലാണ് ബിജെപിയുടെയും മോദിയുടെയും അത്യന്തിക ലക്ഷ്യം. അവര്‍ക്ക് നീതിയും സമത്വവും പൗരാവകാശങ്ങളും ജനാധിപത്യവും എന്ന് കേള്‍ക്കുന്നതേ വെറുപ്പാണ്. സമൂഹത്തെ വിഭജിച്ച്, മാധ്യമങ്ങളെ അടിമകളാക്കി, ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ അട്ടിമറിച്ച്, സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി ഇന്ത്യയെന്ന മഹത്തായ ജനാധിപത്യ രാഷ്‌ട്രത്തെ ഇടുങ്ങിയ ഏകാധിപത്യത്തിലേക്ക് നയിക്കാനാണ് അവരുടെ ശ്രമം. ഇതിനായി പ്രതിപക്ഷത്തെ ഇല്ലാതാക്കാനും അവര്‍ ഗൂഢാലോചന നടത്തുന്നു എന്നും എക്‌സില്‍ ഹിന്ദിയില്‍ അദ്ദേഹം കുറിച്ചു.

ഇത്തരം ഗൂഢാലോചനകള്‍ തങ്ങള്‍ അനുവദിക്കില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുക തന്നെ ചെയ്യും. ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനായി അവസാന ശ്വാസം വരെ പോരാടുമെന്നും രാഹുല്‍ പറഞ്ഞു. ഭരണഘടനയ്ക്ക് വേണ്ടിയുള്ള എല്ലാ പോരാളികളും പ്രത്യേകിച്ച് ദളിതുകളും പട്ടികവര്‍ഗക്കാരും പിന്നാക്കക്കാരും ന്യൂനപക്ഷവും ഉണര്‍ന്നെഴുന്നേല്‍ക്കൂ, നിങ്ങളുടെ ശബ്‌ദം ഉയര്‍ത്തൂ, ഇന്ത്യ നിങ്ങള്‍ക്കൊപ്പമുണ്ട്. അദ്ദേഹവും സംവിധാന്‍ ബച്ചാവോ ബിജെപി ഹഠാവോ എന്ന ഹാഷ്‌ടാഗും ഉപയോഗിച്ചിട്ടുണ്ട്.

നേരത്തെ അറിയാവുന്ന കാര്യം തന്നെയാണ് മോഡിയുടെ കണ്ണിലുണ്ണിയും മുന്‍മന്ത്രിയും ബിജെപി എംപിയുമായ അനന്തകുമാര്‍ വീണ്ടും പറഞ്ഞിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു. അംബേദ്ക്കറിന്‍റെ ഭരണഘടന മാറ്റി മറിക്കുക എന്നതാണ് ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും പ്രഖ്യാപിത അജണ്ട. ഈ ലക്ഷ്യത്തിലേക്ക് എത്താനാണ് നാനൂറ് എന്ന മാന്ത്രിക സംഖ്യയെക്കുറിച്ച് പ്രധാനമന്ത്രി ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുന്നത്. ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് ദളിതുകളുടെയും പിന്നാക്കക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും മറ്റും അവകാശ സംരക്ഷണത്തിന്‍റെ അവസാന അത്താണിയായ ഭരണഘടനയെ ഇല്ലാതാക്കാനുള്ള സംഖ്യയാണിത്. അംബേദ്ക്കറിന്‍റെ ഭരണഘടനയെ സംരക്ഷിക്കണമെങ്കില്‍ നമ്മള്‍ മോദി സര്‍ക്കാരിനെ വോട്ട് ചെയ്‌ത് പുറത്താക്കണമെന്നും ജയറാം രമേഷ് എക്‌സില്‍ കുറിച്ചു.

ബിജെപി ഭരണഘടനാ വിരുദ്ധരാണെന്ന് ഈ പരാമര്‍ശം വ്യക്തമാക്കുന്നു എന്നാണ് കര്‍ണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി കെ ശിവകുമാര്‍ പ്രതികരിച്ചത്.

ഹെഗ്‌ഡയെ തള്ളി കേന്ദ്ര നേതൃത്വം

അതേസമയം അനന്തകുമാര്‍ ഹെഗ്ഡെയുടെ അഭിപ്രായം വ്യക്തിപരമാണെന്നും പാര്‍ട്ടിക്ക് അങ്ങനെയൊരു അഭിപ്രായമില്ലെന്നും ബിജെപി കേന്ദ്ര നേതൃത്വം പ്രതികരിച്ചു.

Also Read: ഭരണഘടന പൊളിക്കുമെന്ന് ബിജെപി എംപി; ഭൂരിപക്ഷം വര്‍ധിച്ചാല്‍ മോദി സര്‍ക്കാര്‍ ഭരണഘടന പൊളിച്ചെഴുതുമെന്ന് കര്‍ണാടക എംപി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.