ETV Bharat / state

ഒഡിഷ ട്രെയിൻ അപകടം; രക്ഷപ്പെട്ടവരിൽ നാല് മലയാളികളും

author img

By

Published : Jun 3, 2023, 1:59 PM IST

കോറോമണ്ഡൽ എക്‌സ്‌പ്രസിന്‍റെ മറിഞ്ഞ ബോഗികളിലൊന്നിലെ യാത്രക്കാരായിരുന്നു ഇവർ. കൊല്‍ക്കത്തയില്‍ ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടൈല്‍സ് ജോലികള്‍ക്ക് പോയി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

ഒഡീഷ ട്രെയിൻ അപകടം  ട്രെയിൻ അപകടം  ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് മലയാളികൾ  Odisha Train accident  ODISHA TRAIN TRAGEDY  ഒഡിഷയിലെ ബാലസോറില്‍ ഉണ്ടായ തീവണ്ടി അപകടം  Malayalis escaped from odisha train accident  കോറമണ്ഡൽ എക്‌സ്‌പ്രസ്  odisha train accident  odisha train tragedy  balasore train accident  balasore train tragedy
ഒഡീഷയിലെ തീവണ്ടി അപകടം

തൃശൂർ/ഭുവനേശ്വർ: ഒഡിഷയിലെ ബാലസോറില്‍ ഉണ്ടായ ട്രെയിൻ അപകടത്തില്‍ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് നാല് മലയാളി യുവാക്കൾ. അപകടത്തിൽ പെട്ട കൊറോമണ്ഡല്‍ എക്‌സ്‌പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികളാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെയെത്തിയത്. അന്തിക്കാട്, കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരണ്‍, വൈശാഖ്, ലിജീഷ് എന്നിവരാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

ഇവർക്ക് നിസാര പരിക്കുകൾ മാത്രമാണുള്ളത്. അപകടത്തിൽ രഘുവിന്‍റെ ഒരു പല്ല് തകർന്നു. മറ്റൊരാൾക്ക് കൈയ്‌ക്കും പരിക്കുണ്ട്. ഇതില്‍ കിരണ്‍ ശാരിരിക അസ്വസ്ഥ്യം മൂലം ഇപ്പോള്‍ ബാലസോറിന് സമീപത്തെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മറ്റു മൂന്ന് പേരും കിരണിന്‍റെ കൂടെ ആശുപത്രിയില്‍ തുടരുകയാണ്.

കൊല്‍ക്കത്തയില്‍ ഒരു ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടൈല്‍സ് ജോലികള്‍ക്ക് പോയി മടങ്ങുമ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. കോറോമണ്ഡൽ എക്‌സ്‌പ്രസിന്‍റെ മറിഞ്ഞ ബോഗികളിലൊന്നിലെ യാത്രക്കാരായിരുന്നു ഇവർ. വയലിലേക്ക് മറിഞ്ഞ ബോഗിയുടെ മുകളിലത്തെ ഗ്ലാസ് പൊട്ടിച്ച് വൈശാഖ് ഒരു വശത്തേക്ക് രക്ഷപ്പെടുകയായിരുന്നു

മറ്റ് മൂന്നു പേർ മറുവശത്തുടെ പുറത്തേക്കെത്തി. മണിക്കൂറുകൾക്ക് ശേഷമാണ് ഇവർ തമ്മിൽ കണ്ടുമുട്ടിയത്. തുടർന്ന് ഒരു പാടത്തിലൂടെ ഏറെ ദൂരം നടന്ന് ഒരു വീട് കണ്ടെത്തുകയും വീട്ടുകാർ വിശ്രമത്തിനു സൗകര്യമൊരുക്കി കൊടുക്കുകയുമായിരുന്നു. തുടർന്ന് ഈ വീട്ടുകാരുടെ സഹായത്തോടെ ഇവര്‍ നാട്ടിലെ കരാറുകാരനുമായി ബന്ധപ്പെട്ടു.

ഇതിനിടെ ട്രെയിൻ അപകടത്തിൽ പെട്ടുവെന്നും മറ്റ് മൂന്നു പേരെ കാണാനില്ലെന്നും വൈശാഖ് വീട്ടുകാരെ വിളിച്ചറിയിച്ചിരുന്നു. ഈ വാർത്തയറിഞ്ഞ് സങ്കടക്കടലിലായ വീട്ടുകാരെ തേടി അധികം വൈകാതെ മൂന്ന് പേരും സുരക്ഷിതരാണെന്ന വാർത്ത എത്തുകയായിരുന്നു. അപകടത്തിൽ പെട്ട നാല് പേർ അടക്കം എട്ട് പേരാണ് ടെെല്‍സ് ജോലികള്‍ക്കായി പോയത്. ഇതില്‍ നാല് പേര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തിയിരുന്നു.

ALSO READ : ബാലസോര്‍ ട്രെയിന്‍ ദുരന്തം: മരണം 261 ആയി, ഒഡിഷയില്‍ ഇന്ന് ഔദ്യോഗിക ദുഃഖാചരണം

ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപം ഇന്നലെ രാതി 7.20 ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടമുണ്ടായത്. പാളം തെറ്റി മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് ട്രെയിനില്‍ ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിൻ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കോറോമണ്ഡൽ എക്‌സ്‌പ്രസിന്‍റെ ബോഗികള്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ മരണ സംഖ്യ ഇതിനകം 260 കഴിഞ്ഞു. 900ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരില്‍ 650 പേര്‍ ഒഡിഷയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.

ALSO READ : ഒഡിഷ ട്രെയിൻ ദുരന്തം; ഹെൽപ് ലൈൻ നമ്പറുകൾ അറിയാം, ദുഃഖം രേഖപ്പെടുത്തി പ്രമുഖര്‍

സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. അതേസമയം മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കും. ഇതിന് പുറമെ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.