ETV Bharat / state

'ഗവര്‍ണര്‍ പ്രതിപക്ഷ നേതാവാകുന്നു, എല്ലാം സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ മാത്രം': വി ശിവന്‍കുട്ടി

author img

By ETV Bharat Kerala Team

Published : Nov 7, 2023, 9:13 AM IST

Minister V Sivankutty Against Governor  On Unsigned Bills Governor  Governor Arif Mohammed Khan  Minister V Sivankutty  ഗവര്‍ണര്‍ കേരളത്തിന്‍റെ പ്രതിപക്ഷ നേതാവാകുന്നു  സ്വീകരിക്കുന്നത് സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍  വി ശിവന്‍കുട്ടി  ധനമന്ത്രി  കേരളീയം പരിപാടി ഇന്ന് സമാപിക്കും  കേരളീയത്തിന് ഇന്ന് പരിസമാപ്‌തിയാകും
Minister V Sivankutty Against Governor On Unsigned Bills

Keraleeyam Will Conclude Today: നിയമസഭ പാസാക്കിയ ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നിലപാടിനെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി.

തിരുവനന്തപുരം: ഗവർണർ കേരളത്തിലെ പ്രതിപക്ഷ നേതാവായി മാറുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സര്‍ക്കാര്‍ വിരുദ്ധ നിലപാടാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളീയം പരിപാടിയുടെ സമാപന സമ്മേളനവുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ശിവന്‍കുട്ടി.

സംസ്ഥാനത്തെ സേവിക്കാൻ ജീവിതം സമർപ്പിച്ചവർക്ക് പെൻഷൻ പോലും നൽകാതെ പണം ധൂർത്തടിക്കുകയാണ് സര്‍ക്കാറെന്ന് കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം. കേരളീയം പരിപാടിയുമായി ബന്ധപ്പെട്ട് പണം ചെലവഴിച്ചതിന്‍റെ കണക്കുകൾ ഗവർണർക്ക് വേണമെങ്കിൽ ചോദിച്ചാൽ നൽകാമെന്നും മന്ത്രി പറഞ്ഞു.

കേരളീയം വൻ വിജയമായതിന്‍റെ പശ്ചാത്തലത്തിലാണ് ഈ വിമർശനം എന്നാണ് കാണാൻ കഴിയുന്നത്. കൃത്യമായ കാരണം ഗവർണർ വ്യക്തമാക്കാതെ നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ ഗവർണർ തടഞ്ഞ് വച്ചിരിക്കുകയാണ്. ഏഴ് മാസം മുതൽ രണ്ട് വർഷം വരെ ഈ ബില്ലുകൾ ഗവർണറുടെ അംഗീകാരത്തിനായി കെട്ടി കിടക്കുകയാണെന്നും ഇക്കാര്യത്തിൽ ഉന്നത നീതി പീഠത്തെ സംസ്ഥാന സർക്കാർ സമീപിച്ചതും അതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു. കേരളീയം വൻ വിജയമാണെന്നും കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണി മുതൽ 11 മണി വരെ കനകക്കുന്നിൽ എത്തിയത് ഒരുലക്ഷം പേരാണെന്നും മന്ത്രി വി. ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു.

പ്രതികരണവുമായി മന്ത്രി കെഎന്‍ ബാലഗോപാലും ആന്‍റണി രാജുവും: നയാപൈസ ഇല്ല എന്നതല്ല കേരളത്തിന്‍റെ അവസ്ഥയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലും പ്രതികരിച്ചു. എല്ലാ മേഖലയിലും മുൻഗണന നോക്കിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. നെൽ കർഷകർക്ക് നെല്ല് സംഭരണത്തിന് കൂടുതൽ പണം നൽകുന്നത് കേരളമാണ്.

ടൂറിസം രംഗത്ത് വലിയ കുതിച്ചു ചാട്ടം ഉണ്ടാകുന്നു. 4000 കലാകാരന്മാർക്ക് കേരളീയം അവസരമായിട്ടുണ്ട്. നിരവധി ആദിവാസി വിഭവങ്ങളെ കേരളത്തിന് പരിചയപെടുത്താൻ കഴിഞ്ഞു. ഇങ്ങനെ എല്ലാത്തിനെയും എതിർക്കണോ എന്ന് പ്രതിപക്ഷ നേതാവ് തീരുമാനിക്കട്ടെയെന്നും 40000 കോടി കേന്ദ്രം തരുന്നില്ല അത് എന്ത് കൊണ്ട് പറയുന്നില്ലെന്നും ബാലഗോപാൽ പറഞ്ഞു.

ഐഎഫ്എഫ്കെ വന്നപ്പോഴും ധൂർത്താണെന്ന് ആരോപണം ഉയര്‍ന്നിരുന്നുവെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. പണം മുടക്കാൻ ഇല്ലാത്തത് കൊണ്ടല്ല തിരുവനന്തപുരത്തെ റോഡുകൾ നന്നാക്കാൻ കഴിയാത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളീയത്തിന് ഇന്ന് പരിസമാപ്‌തിയാകും : നവംബര്‍ 1 മുതല്‍ തലസ്ഥാനത്ത് ആരംഭിച്ച കേരളീയം പരിപാടി ഇന്ന് (നവംബര്‍ 7) സമാപിക്കും. വൈകിട്ട് 4 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും.

സമാപന സമ്മേളനത്തിന്‍റെ ഭാഗമായി ഇന്ന് (നവംബര്‍ 7) വൈകിട്ട് 3.30 മുതൽ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ആദ്യം എത്തുന്നവർക്ക് ആദ്യ സീറ്റ് എന്ന തരത്തിലാണ് സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.30 മുതൽ കെഎസ്ആർടിസി ഇലക്ട്രിക് സ്വിഫ്റ്റ് ബസ് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് സർവീസ് നടത്തും.

സ്റ്റേഡിയത്തിലേക്ക് എത്തുന്നവരെ സുരക്ഷ പരിശോധനകൾക്ക് ശേഷമാകും അകത്തേക്ക് കടത്തിവിടുക. സാൽവേഷൻ ആർമി സ്‌കൂൾ, ഒബ്‌സർവേറ്ററി ഹിൽ, ജിമ്മി ജോർജ് സ്റ്റേഡിയം, വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ടാഗോർ തിയേറ്റർ കോമ്പൗണ്ട്, വിമൻസ് കോളജ്, സെന്‍റ് ജോസഫ് സ്‌കൂൾ, ഹോളി ഏഞ്ചൽ സ്‌കൂൾ, യൂണിവേഴ്‌സിറ്റി ഓഫിസ് പരിസരം തുടങ്ങിയവയാണ് പ്രധാന പാർക്കിങ് സോണുകൾ.

പബ്ലിക് ഓഫിസ് ഗ്രൗണ്ട് മ്യൂസിയം, സംസ്‌കൃത കോളജ് പാളയം, മോഡൽ എച്ച്എസ്എസ് തൈക്കാട്, ആർട്‌സ്‌ കോളജ് തൈക്കാട്, സ്വാതി തിരുനാൾ കോളജ് ഓഫ് മ്യൂസിക്, മാഞ്ഞാലിക്കുളം ഗ്രൗണ്ട് തമ്പാനൂർ, ഐരാണിമുട്ടം ഗവൺമെന്‍റ് ഹോമിയോ ഹോസ്‌പിറ്റൽ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, ബിഎസ്എൻഎൽ ഓഫിസ് കൈമനം, ഗിരിദീപം കൺവെൻഷൻ സെന്‍റർ നാലാഞ്ചിറ എന്നിവിടങ്ങളാണ് മറ്റ് പാർക്കിങ് സോണുകൾ സജ്ജമാക്കിയിട്ടുളളത്.

also read: മൂന്നാം ദിനാഘോഷത്തിലേക്ക് കേരളീയം ; തമിഴ്‌നാട് മന്ത്രി പഴനിവേല്‍ ത്യാഗരാജുവും ക്രിസ് ഗോപാലകൃഷ്‌ണനും നാളെയെത്തും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.