ETV Bharat / state

തേനുറും മാമ്പഴ രുചിയുമായി 'മാമ്പഴക്കാലം' ഫെസ്‌റ്റ് - MANGO FEST AT KOTTAYAM

author img

By ETV Bharat Kerala Team

Published : May 16, 2024, 6:54 PM IST

Updated : May 16, 2024, 7:47 PM IST

കോട്ടയം നാഗമ്പടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ 'മാമ്പഴക്കാലം' ഫെസ്‌റ്റിന് തുടക്കമായി. വിവിധ തരത്തിലുള്ള മാമ്പഴങ്ങളാണ് ഫെസ്‌റ്റില്‍ ഒരുക്കിയിരിക്കുന്നത്.

മാമ്പഴക്കാലം ഫെസ്‌റ്റ്  KOTTAYAM  NAGAMPADAM INDOOR STADIUM  DIFFERENT TYPES OF MANGOES
വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന മാമ്പഴങ്ങൾ (source: ETV Bharat Reporter)

കോട്ടയത്ത് 'മാമ്പഴക്കാലം' ഫെസ്‌റ്റ് (source: ETV Bharat Reporter)

കോട്ടയം: തേനൂറും മാമ്പഴങ്ങളുടെ രുചി അറിയാൻ കോട്ടയംകാരെ ക്ഷണിച്ച് 'മാമ്പഴക്കാലം' ഫെസ്‌റ്റ്. കോട്ടയം നാഗമ്പടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മധ്യവേനൽ അവധിക്ക് മാമ്പഴ മധുരം പകരാൻ മാമ്പഴ ഫെസ്‌റ്റ് തുടങ്ങിയത്. വൈവിധ്യമാർന്ന മാമ്പഴയിനങ്ങള്‍ ഫെസ്‌റ്റില്‍ കാണാം. അൽഫോൻസോയും, ബംഗനപ്പള്ളിയും, നിലവും, മല്ലികയും, മൽഗോവയും തുടങ്ങി നാവിൽ കൊതിയൂറുന്ന അപൂർവ ഇനങ്ങളും ഇവിടെ വിൽപനയ്‌ക്കുണ്ട്.

നാടൻ, വിദേശശ്രേണിയിലുള്ള മാവുകളിൽ നിന്ന് നേരിട്ട് ശേഖരിച്ച എഴുപതിലധികം തരം മാമ്പഴങ്ങളാണ് ഫെസ്‌റ്റില്‍ ഒരുക്കിയിരിക്കുന്നത്. വെള്ളായണി വരിക്ക, കപ്പ മാങ്ങ, മൂവാണ്ടൻ, സിന്ദൂരം, പുളിശ്ശേരി മാങ്ങ, പേരക്ക മാങ്ങ, നമ്പ്യാർ മാങ്ങ, വെള്ളരി മാങ്ങ, കിളിച്ചുണ്ടൻ, ഒട്ട് മാങ്ങ, പഞ്ചവർണ്ണം, രത്നഗിരി, ദശേരി മാങ്ങ, വാഴ കൂമ്പൻ, തുടങ്ങി പട്ടിക നീളുന്നു.

മധ്യവേനലവധിക്ക് മാമ്പഴ രുചി ആസ്വദിക്കാനായതിൻ്റെ സന്തോഷത്തിലാണ് മേളയിലെത്തിയവർ. പുഷ്‌പ തൈകളുടെയും ഫലവൃക്ഷ തൈകളുടെയും ശേഖരം, ഭക്ഷണസാധനങ്ങള്‍ ഒരുക്കിയിരിക്കുന്ന ഫുഡ് കോര്‍ട്ടുകള്‍ എന്നിവയും മാമ്പഴ ഫെസ്‌റ്റില്‍ ഉണ്ട്. ഗൃഹോപകരണങ്ങളും വൻ വിലക്കുറവിൽ ഫെസ്‌റ്റിൽ ലഭ്യമാണ്.

വളർത്തു മൃഗങ്ങളുടെയും വളർത്തു പക്ഷികളുടെയും അത്ഭുത കാഴ്‌ചകളുമായി പെറ്റ്ഷോയും മാംഗോ ഫെസ്‌റ്റിന്‍റെ പ്രധാന ആകര്‍ഷണമാണ്. മാമ്പഴങ്ങള്‍ ആസ്വദിക്കുന്ന കൂട്ടത്തില്‍ ബാൾ പൈത്തൺ, ഇഗ്വാന, സൽഫർ ക്രെസ്‌റ്റഡ് കൊക്കാറ്റൂ, സൺ കോണർ, കോക്‌ടെയിൽ, പൈനാപ്പിൾ കോണർ, ആഫ്രിക്കൻ ലവ്ബേർഡ്‌സ്, ഫാന്‍റയിൽ തുടങ്ങിയ അരുമ ജീവികൾക്കൊപ്പം സെൽഫിയുമെടുക്കാം.

രാവിലെ 11 മണി മുതൽ രാത്രി പത്തുമണി വരെയാണ് സന്ദര്‍ശന സമയം. കേരള മാംഗോ ഗ്രോവേഴ്‌സ് കൺസോർഷ്യം, എസ് ആർ കണക്‌ടേഴ്‌സ് തിരുവനന്തപുരം എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന മാമ്പഴ ഫെസ്‌റ്റ് മെയ് 19 ന് അവസാനിക്കും.

ALSO READ: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത ; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Last Updated : May 16, 2024, 7:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.