ETV Bharat / health

ഉരുളക്കിഴങ്ങിനായും ഒരു ദിനം; എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍ - International potato day

author img

By ETV Bharat Kerala Team

Published : May 30, 2024, 1:17 PM IST

അന്താരാഷ്‌ട്ര പൊട്ടേറ്റോ ദിനം ആദ്യമായി ലോകം ആചരിക്കുമ്പോള്‍ ഉരുളക്കിഴങ്ങിന്‍റെ ആഗോള പ്രാധാന്യവും ഉരുളക്കിഴങ്ങിന്‍റെ പോഷക ഗുണങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം

INTERNATIONAL POTATO DAY POTATO HEALTHY OR UN HEALTHY ഉരുളക്കിഴങ്ങിനായി ഒരു ദിനം ഉരുളക്കിഴങ്ങ് ആരോഗ്യകരമോ
vendor sorting potatoes at the APMC in Bengaluru- (IANS Photo)

ഹൈദരാബാദ് : ലോകമെമ്പാടുമുള്ള ഒരു ബില്യണിലധികം ആളുകൾ ഉപയോഗിക്കുന്ന ഭക്ഷ്യ വിളയായ ഉരുളക്കിഴങ്ങിനോടുള്ള ബഹുമാനാർഥം 2024 മെയ് 30 ന് അന്താരാഷ്‌ട്ര ഉരുളക്കിഴങ്ങ് ദിനമായി ആചരിക്കുകയാണ്. ഉപഭോഗത്തിന്‍റെ കാര്യത്തിൽ അരിയും ഗോതമ്പും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ ഭക്ഷ്യ വിളയാണ് ഉരുളക്കിഴങ്ങ്.

സോളനം ട്യൂബറോസം എന്ന ശാസ്‌ത്രീ നാമത്തിൽ അറിയപ്പെടുന്ന ഉരുളക്കിഴങ്ങ് നൈറ്റ്ഷെയ്‌ഡ് കുടുംബത്തിലെ സസ്യമാണ്. തെക്കേ അമേരിക്കയിലെ ആൻഡീസ് ആണ് ഉരുളക്കിഴങ്ങിന്‍റെ ഉത്ഭവ സ്ഥലം. ലോകമെമ്പാടുമുള്ള 160 രാജ്യങ്ങളിൽ ഉരുളക്കിഴങ്ങ് വളരുന്നുണ്ട്.

1,500-2,000 വ്യത്യസ്‌ത തരം ഉരുളക്കിഴങ്ങുകൾ ഉണ്ട്. വലിപ്പത്തിലും നിറത്തിലും പോഷക മൂല്യത്തിലും ഈ വ്യത്യാസം കാണാനാകും. എങ്കിലും ഉരുളക്കിഴങ്ങിന്‍റെ അടിസ്ഥാന ഘടന സമാനമാണ്. അന്നജം അടങ്ങിയതാണ് ഉരുളക്കിഴങ്ങിന്‍റെ മാംസം. നേർത്തതും പോഷക സമൃദ്ധവുമായ തൊലിയില്‍ പൊതിഞ്ഞാണ് ഉരുളക്കിഴങ്ങ് വിളയുന്നത്. ഭക്ഷ്യ പദാര്‍ഥങ്ങളില്‍ പ്രധാനിയായ ഉരുളക്കിഴങ്ങ് ആവിയിൽ വേവിച്ചോ വറുത്തോ തീയില്‍ ചുട്ടെടുത്തോ കഴിക്കാവുന്നതാണ്.

2024-ലെ അന്താരാഷ്‌ട്ര ഉരുളക്കിഴങ്ങ് ദിന തീം : 'വൈവിധ്യത്തിന്‍റെ വിളവെടുപ്പ്, പ്രത്യാശയെ പരിപോഷിപ്പിക്കല്‍'

5,000-ലധികം മെച്ചപ്പെട്ട ഇനങ്ങളും വൈവിധ്യമാർന്ന ഉത്‌പാദന സമ്പ്രദായം, പാചക രീതി, വ്യാവസായിക ഉപയോഗം എന്നിവയുടെ വിപുലമായ ഓപ്ഷനുകളുമുള്ള ഉരുളക്കിഴങ്ങിന്‍റെ പ്രാധാന്യമാണ് തീം എടുത്ത് കാണിക്കുന്നത്. ആഗോള കാർഷിക-ഭക്ഷ്യ സംവിധാനങ്ങൾ അപകടത്തിലായിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഈ തീമിന്‍റെ പ്രാധാന്യവും വര്‍ധിക്കുന്നു.

ഉരുളക്കിഴങ്ങ് ആരോഗ്യകരമോ അനാരോഗ്യകരമോ?

ലോകമെമ്പാടുമുള്ള വിവിധ പാചകക്കുറിപ്പുകളിൽ ഉപയോഗിക്കുന്ന റൂട്ട് പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. പച്ചക്കറികൾ ആരോഗ്യകരമാണെന്ന പൊതു ധാരണ ഉണ്ടെങ്കിലും ഉരുളക്കിഴങ്ങിന്‍റെ കാര്യത്തില്‍ ഇത് സംവാദാത്മകമാണ്. ഉയർന്ന അന്നജമുള്ള ഉരുളക്കിഴങ്ങ് മിതമായ അളവിൽ മാത്രം കഴിക്കണമെന്നാണ് പലരും വിശ്വസിക്കുന്നത്.

പ്രോസസ് ചെയ്‌തും വറുത്തും ഉണ്ടാക്കുന്ന ഉരുളക്കിഴങ്ങ് വിഭവങ്ങള്‍ പലപ്പോഴും ദോഷകരമാണ്. റസറ്റ് ഉരുളക്കിഴങ്ങുമായി താരതമ്യപ്പെടുത്തുമ്പോൾ ചുവന്ന ഉരുളക്കിഴങ്ങിൽ കൂടുതൽ പോഷകങ്ങളും നാരുകളും അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങിന്‍റെ മറ്റ് ആരോഗ്യ ഗുണങ്ങൾ അതിന്‍റെ വ്യത്യസ്‌ത തരത്തെ ആശ്രയിച്ചും തയ്യാറാക്കുന്ന രീതി ആശ്രയിച്ചും വ്യത്യാസപ്പെടാം.

ഉരുളക്കിഴങ്ങിന്‍റെ പോഷക ഗുണങ്ങള്‍ :

ഒരു ഇടത്തരം വേവിച്ച റസറ്റ് ഉരുളക്കിഴങ്ങിന്‍റെ (6.1 oz അല്ലെങ്കിൽ 173 ഗ്രാം) മാംസവും തൊലിയും താഴെ പറയുന്ന പോഷകങ്ങള്‍ അടങ്ങിയതാണ്

 • കലോറി: 168
 • കൊഴുപ്പ്: 0 ഗ്രാം
 • പ്രോട്ടീൻ: 5 ഗ്രാം
 • കാർബോഹൈഡ്രേറ്റ്സ്: 37 ഗ്രാം
 • ഫൈബർ: 4 ഗ്രാം
 • സോഡിയം: 24 മില്ലിഗ്രാം
 • വിറ്റാമിൻ സി: ആർഡിഐയുടെ 37%
 • വിറ്റാമിൻ ബി6: ആർഡിഐയുടെ 31%
 • പൊട്ടാസ്യം: ആർഡിഐയുടെ 27%
 • മാംഗനീസ്: ആർഡിഐയുടെ 20%

ഉരുളക്കിഴങ്ങിൻ്റെ ആരോഗ്യ ഗുണങ്ങൾ :

വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്‌സിഡന്‍റുകളും ധാരാളം ഉള്ളതിനാൽ ഉരുളക്കിഴങ്ങ് അവിശ്വസനീയമാംവിധം ആരോഗ്യകരമാണ്. ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾക്ക് മികച്ച പ്രതിരോധ ശേഷി, ഹൃദ്രോഗ സാധ്യത കുറയ്ക്കൽ, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം എന്നിവ ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു.

അവ ദഹനത്തിനും സഹായകമാകും. ശരീരഭാരം കുറയ്ക്കാനും ഉരുളക്കിഴങ്ങ് സഹായിക്കും. ആരോഗ്യ ഗുണങ്ങൾക്ക് പുറമേ, ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ഉരുളക്കിഴങ്ങ് സാംസ്‌കാരികമായ പങ്ക് കൂടെ വഹിക്കുന്നുണ്ട്.

2023 സാമ്പത്തിക വർഷത്തിൽ, ഇന്ത്യയില്‍ ഉത്‌പാദിപ്പിക്കുന്ന ഉരുളക്കിഴങ്ങിന്‍റെ അളവ് ഏകദേശം 59.74 ദശലക്ഷം മെട്രിക് ടൺ ആയിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. മുൻ സാമ്പത്തിക വർഷത്തേക്കാൾ മൂന്ന് ദശലക്ഷം മെട്രിക് ടണ്ണിന്‍റെ വർധനയാണിത്. ഇന്ത്യൻ ഉരുളക്കിഴങ്ങിന്‍റെ ഭൂരിഭാഗവും ഉത്തർപ്രദേശിൽ നിന്നാണ്.

ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ് എന്നീ ആറ് സംസ്ഥാനങ്ങളാണ് ഇന്ത്യയിലെ മൊത്തം ഉരുളക്കിഴങ്ങ് ഉത്‌പാദനത്തിന്‍റെ 90 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത്.

Also Read : പഴങ്ങള്‍ കഴിച്ചോളൂ, പക്ഷെ ജ്യൂസ്...; ആരോഗ്യ സംരക്ഷണത്തിനായി മികച്ച ഭക്ഷണ ക്രമങ്ങള്‍ അറിയാം - NIN GUIDELINES

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.