ETV Bharat / state

'ക്രൈസ്‌തവരെ ലക്ഷ്യമാക്കി ബിജെപി നടത്തുന്നത് സ്‌നേഹ യാത്രയല്ല, യൂദാസിന്‍റെ ചുംബനമാണ്': കെ സുധാകരന്‍

author img

By ETV Bharat Kerala Team

Published : Dec 21, 2023, 3:11 PM IST

K Sudhakaran About BJP Sneha Yatra  BJP Sneha Yatra  K Sudhakaran  കെ സുധാകരന്‍  ബിജെപിയുടെ സ്‌നേഹ യാത്ര  ബിജെപി  കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍  ലോക്‌സഭ  ലോക്‌സഭ തെരഞ്ഞെടുപ്പ്  കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍  ക്രിസ്‌മസ്  റബ്ബര്‍ വില  മണിപ്പൂര്‍ കലാപം  യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം  ക്രിസ്‌ത്യന്‍ വര്‍ഗീയ കലാപം  കേന്ദ്ര സര്‍ക്കാര്‍  Manipur Conflict  KPCC President K Sudhakaran  Manipur Conflict
K Sudhakaran About BJP's Sneha Yatra

KPCC President K Sudhakaran: ബിജെപിയുടെ സ്‌നേഹ യാത്രയെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മണിപ്പൂരില്‍ കൂട്ടക്കൊല നടന്നപ്പോള്‍ ബിജെപി ഓടിയൊളിച്ചു. മണിപ്പൂരിലേത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആസൂത്രിത വംശഹത്യയെന്നും കുറ്റപ്പെടുത്തല്‍.

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രൈസ്‌തവരെ സന്ദര്‍ശിക്കുന്ന ബിജെപിയുടേത് സ്‌നേഹ യാത്രയല്ലെന്നും മുപ്പതുവെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്‍റെ ചുംബനമാണെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ന്യൂനപക്ഷങ്ങളെ ഒറ്റുകൊടുത്ത ചരിത്രം മാത്രമെ സംഘ്പ‌രിവാറിനുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി (KPCC President K Sudhakaran). ബിജെപിയുടെ സ്‌നേഹ യാത്രയെ കുറിച്ച് വാര്‍ത്ത കുറിപ്പില്‍ പ്രതികരിക്കുകയായിരുന്നു കെ സുധാകരന്‍.

റബര്‍ വില 200 രൂപയാക്കാമെന്ന് മോഹിപ്പിച്ചും കുരിശുമല കയറിയും ക്രിസ്‌മസ് കേക്കുമായി വീടുകളില്‍ കയറിയിറങ്ങിയും ക്രൈസ്‌തവരെ പാട്ടിലാക്കാന്‍ ഓടി നടക്കുന്ന കേരളത്തിലെ ബിജെപിക്കാര്‍ മണിപ്പൂരില്‍ ക്രിസ്ത്യാനികളുടെ കൂട്ടക്കൊല നടന്നപ്പോള്‍ ഓടിയൊളിച്ച് ആട്ടിന്‍ തോലിട്ട ചെന്നായയുടെ തനിസ്വരൂപം പ്രദര്‍ശിപ്പിച്ചു. മണിപ്പൂരിലും രാജ്യവ്യാപകമായും ക്രൈസ്‌തവര്‍ക്കെതിരെ സംഘ്പ‌രിവാരങ്ങളുടെ ആക്രമണം തുടരുന്നതിനിടയിലാണ് കേരളത്തില്‍ മാത്രം അവര്‍ വീണ്ടും സ്‌പെഷ്യല്‍ ന്യൂനപക്ഷ പ്രേമം വിളമ്പുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു (K Sudhakaran About BJP Sneha Yatra).

ക്രൈസ്‌തവര്‍ക്കെതിരെ ഈ വര്‍ഷം 687 അതിക്രമങ്ങള്‍ ഉണ്ടായെന്നാണ് ഡല്‍ഹിയിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം വെളിപ്പെടുത്തിയത്. ഓരോ ദിവസവും 2 ക്രൈസ്‌തവര്‍ വീതം അക്രമത്തിന് ഇരയാകുന്നു. പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപകമായി ആക്രമിക്കുന്നു (KPCC President K Sudhakaran Criticized BJP).

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള ഹിന്ദി ഹൃദയ ഭൂമിയിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നത്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്‍റെ ഹെല്‍പ്പ് ലൈനില്‍ 2014ല്‍ 147 അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തപ്പോള്‍ 2023ല്‍ അത് 687 ആയി കുതിച്ചുയര്‍ന്നു. 7 മാസമായി മണിപ്പൂര്‍ കത്തിയെരിഞ്ഞിട്ടും നൂറുകണക്കിന് പേരെ കൊന്ന് കുക്കി, ഗോത്രവര്‍ഗ, ക്രിസ്ത്യന്‍ സമൂഹത്തെ വേട്ടയാടിയിട്ടും പ്രധാനമന്ത്രി അതീവ ഗൗരവമുള്ള ഈ വിഷയത്തില്‍ ഇടപെട്ടില്ല (Manipur Conflict).

മണിപ്പൂരില്‍ സ്‌നേഹ യാത്രയുമായി രാഹുല്‍ ഗാന്ധി എത്തിയതോടെയാണ് വിഷയം ദേശീയ ശ്രദ്ധ പിടിച്ച് പറ്റിയത്. ഡീന്‍ കുര്യാക്കോസ് എംപി, ഹൈബി ഈഡന്‍ എന്നിവരാണ് അവിടെ ആദ്യം കാലുകുത്തിയത്.7 മാസത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം 87 കുക്കി ഗോത്രവര്‍ഗക്കാരുടെ മൃതദേഹം പോലും സംസ്‌കരിക്കാനായത്.

249 ക്രിസ്ത്യന്‍ പള്ളികള്‍ വര്‍ഗീയ കലാപം ആരംഭിച്ച് 36 മണിക്കൂറിനുള്ളില്‍ തകര്‍ത്തെന്നാണ് ഇംപാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമോന്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്നും നിരവധി പേര്‍ കൊല്ലപ്പെട്ടു. വീടുകളും സ്വത്തുക്കളും നശിപ്പിക്കപ്പെട്ടു.

പതിനായിരങ്ങള്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. 15 വര്‍ഷം മണിപ്പൂരില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ബോബി സിങ് ഭരിച്ചപ്പോള്‍ അവിടെ കലാപം ഉണ്ടായിട്ടില്ല. ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിങ് ഭരണമേറ്റ 2017 മുതലാണ് മണിപ്പൂര്‍ കലാപഭരിതമായത്. മണിപ്പൂരിലേത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ നടക്കുന്ന ആസൂത്രിതമായ വംശഹത്യയാണ്.

ഗുജറാത്തില്‍ നടന്ന വംശഹത്യയ്ക്ക് സമാനമാണിത്. മണിപ്പൂരിലും രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലും നടക്കുന്ന അക്രമങ്ങളില്‍ നിന്ന് കേരളത്തിന് വലിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്. ബിജെപിക്ക് നില്‍ക്കാനൊരിടം കിട്ടിയാല്‍ ഒട്ടകത്തിന് തലചായ്ക്കാന്‍ ഇടംകൊടുത്തതു പോലെ ആകുന്നതാണ് ചരിത്രമെന്ന് സുധാകരന്‍ പറഞ്ഞു.

also read: ബിജെപിയുടെ ക്രിസ്‌മസ്‌ സ്നേഹയാത്രയ്ക്ക് കൊച്ചിയിൽ തുടക്കം ; ജോര്‍ജ് ആലഞ്ചേരിയെ കണ്ട് കെ സുരേന്ദ്രന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.