ETV Bharat / state

എ എ റഹീമിനും മുഹമ്മദ്‌ റിയാസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം

author img

By

Published : Apr 29, 2022, 12:22 PM IST

#pta dyfi  dyfi state meeting criticised a a rahim and p a muhammed riyas  എ എ റഹീമിനും മുഹമ്മദ്‌ റിയാസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം  സ്വന്തം അനുയായികളെ സൃഷ്ടിക്കാനാണ് എ എ റഹീമിനും മുഹമ്മദ്‌ റിയാസിനുമെതിരെ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം
എ എ റഹീമിനും മുഹമ്മദ്‌ റിയാസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം

സ്വന്തം അനുയായികളെ സൃഷ്‌ടിക്കാനാണ് എ എ റഹീമും മുഹമ്മദ്‌ റിയാസും ശ്രമിക്കുന്നതെന്ന് പ്രതിനിധികള്‍

പത്തനംതിട്ട: ജില്ലയിൽ നടക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ ഡിവൈഎഫ്‌ഐ കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹീമിന്‍റെയും മുന്‍ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസിന്റെയും പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം. ഇവര്‍ സ്വന്തം അനുയായികളെ സൃഷ്‌ടിക്കാനാണ് ശ്രമിക്കുന്നത്.

ഇത് സംഘടനയുടെ സ്വതന്ത്രമായ പ്രവര്‍ത്തന മുന്നേറ്റത്തിന് തടസമാകുമെന്നും കേന്ദ്ര നേതൃത്വം സമരങ്ങള്‍ ചെയ്യുന്നതില്‍ പരാജയമാണെന്നും പ്രതിനിധികൾ പറഞ്ഞു. വൃന്ദാ കാരാട്ട് അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കുള്ള ഊര്‍ജ്ജം പോലും ഡിവൈഎഫ്‌ഐ കേന്ദ്ര നേതൃത്വത്തിനില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.

പത്തനംതിട്ടിയില്‍ ഡിവൈഎഫ്‌ഐയെ നിയന്ത്രിക്കുന്നത് സിപിഎം ആണ്. ഇത് സംഘടനയുടെ സ്വതന്ത്ര പ്രവര്‍ത്തനത്തെ ഉള്‍പ്പെടെ ബാധിക്കുന്ന വിഷയമാണ്. ആലപ്പുഴയില്‍ മെമ്പർഷിപ്പ് ചേര്‍ക്കലില്‍ ഗണ്യമായ കുറവുണ്ടായി. സ്ത്രീകളെ സംഘടനയുടെ മുന്‍നിരയിലേയ്ക്കും യൂണിറ്റ് കമ്മിറ്റി ഭാരവാഹിത്വത്തിലേക്കും കൊണ്ടുവരണമെന്ന നിര്‍ദേശം സംസ്ഥാനത്തിന്റെ പലഭാഗത്തും നടപ്പായില്ല എന്ന കാര്യത്തിലും വിമര്‍ശനമുയര്‍ന്നു.

ഘടകകക്ഷി മന്ത്രിമാര്‍ക്കെതിരെയും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. വൈദ്യുതി, ഗതാഗത വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലല്ല. മാനേജ്‌മെന്റിനെ നിലയ്ക്ക് നിര്‍ത്താന്‍ മന്ത്രിമാര്‍ക്കാകുന്നില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ ഭരിക്കുമ്പോഴും ഇടതുപക്ഷത്തിന്റെ പൊലീസ് നയം ചില പൊലീസുകാര്‍ക്ക് ഇനിയും അറിയില്ല എന്നും മലപ്പുറത്ത് നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശിച്ചു.

കണ്ണൂരിലാണ് മെമ്പർഷിപ്പ് കൂടുതലുള്ളത്, വയനാടാണ് ഏറ്റവും കുറവ്. കോട്ടയത്ത് മെമ്പർഷിപ്പ് പ്രവര്‍ത്തനത്തില്‍ വലിയ വീഴ്‌ചയുണ്ടായി. മെമ്പര്‍ഷിപ്പിലുണ്ടായ യുവതികളുടെ കൊഴിഞ്ഞുപോക്കും പരിശോധിക്കണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. ലഹരി ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ലഹരി ഗുണ്ട സംഘകങ്ങളെ തുറന്നുകാട്ടുന്നതില്‍ കണ്ണൂര്‍ ജില്ല കമ്മിറ്റി മാതൃകയായെന്നും ഈ വിഷയത്തില്‍ മറ്റു ജില്ലകള്‍ കണ്ണൂരിനെ മാതൃകയാക്കണം എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രതിനിധി സമ്മേളനം ഇന്നലെ ഡോ സുനില്‍ പി ഇളയിടമാണ് ഉദ്ഘാടനം ചെയ്‌തത്. സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് അധ്യക്ഷനായിരുന്നു. അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം എം പി, സെക്രട്ടറി അവോയ് മുഖര്‍ജി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി പി എ മുഹമ്മദ് റിയാസ്, ചിന്ത ജെറോം, പ്രീതി ശേഖര്‍, കെ യു ജനീഷ് കുമാര്‍ എം എല്‍ എ, ട്രഷറര്‍ എസ് കെ സതീഷ്, സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, മന്ത്രി വീണാ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. 628 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇന്ന്‌ വൈകിട്ട് പൊതുസമ്മേളനം സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ചിന്തയോ വസീഫോ? ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷ പദവയിലേക്ക് ചിന്താ ജെറോമിന്റെയും കോഴിക്കോട്ടു നിന്നുള്ള നേതാവ് വി. വസീഫിന്റെയും പേരുകളാണ് ഉയർന്നു കേൾക്കുന്നത്. ഡി വൈ എഫ് ഐ സംസ്ഥാന അധ്യക്ഷ സ്ഥാനം ഇതുവരെ വനിതകള്‍ക്ക് നല്‍കിയിട്ടില്ല എന്നത് ചിന്തയ്ക്ക് അനുകൂല ഘടകമാകുമ്പോൾ എറണാകുളം സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സമിതിയിലെത്തിയ ചിന്തയ്ക്ക് ഉടന്‍ മറ്റൊരു പദവി കൂടി നല്‍കുന്നതില്‍ വ്യത്യസ്‌ത അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

എന്നാൽ കാര്യങ്ങൾ അനുകൂലമായി വന്നാൽ ഡിവൈഎഫ്ഐയുടെ ആദ്യ വനിതാ അധ്യക്ഷയായി ചിന്താ ജെറോം മാറുകയും പത്തനംതിട്ട സമ്മേളനം ചരിത്രമാകുകയും ചെയ്യും. ചിന്തയ്ക്ക് പുറമെ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നത് കോഴിക്കോട്ടു നിന്നുള്ള നേതാവ് വി. വസീഫാണ്. സംസ്ഥാന സെക്രട്ടറിയായി വി കെ സനോജ് തുടര്‍ന്നേക്കും. സി പി എം സംസ്ഥാന സമിതി അംഗമായ എസ്‌ സതീഷ്, ഷിജു ഖാന്‍, എം വിജിന്‍ എന്നിവരും സംസ്ഥാന ഭാരവാഹികളായി പരിഗണിക്കപ്പെടുന്നുണ്ട്.

തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു ഖാന്‍ , എം. വിജിന്‍ എം എല്‍ എ, കൊല്ലത്തു നിന്നുള്ള നേതാവ് അരുണ്‍ ബാബു എന്നിവരില്‍ ഒരാള്‍ സംസ്ഥാന ട്രഷറര്‍ ആകും. ജെയ്ക്ക് സി തോമസ് ഡല്‍ഹിയിലേക്ക് പ്രവര്‍ത്തന കേന്ദ്രം മാറ്റിയതിനാലും മെയ് മാസത്തിൽ കൊല്‍ക്കത്തയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തില്‍ ജെയ്ക്ക് അഖിലേന്ത്യാ അധ്യക്ഷനായേക്കുമെന്നതിനാലും സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കില്ല. 30 ന് വൈകിട്ട് പൊതുസമ്മേളനത്തോടെയാകും സംസ്ഥാന സമ്മേളനത്തിന് സമാപനമാകുക.

Also Read ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.