ETV Bharat / state

വടകര തീപിടിത്തത്തില്‍ ദുരൂഹത; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ല കലക്‌ടര്‍

author img

By

Published : Dec 17, 2021, 12:44 PM IST

Kozhikode Vadakara Taluk Office Fire  വടകര തീപിടിത്തത്തില്‍ ദുരൂഹത  വടകര തീപിടിത്തത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കലക്‌ടര്‍  kozhikode todays news  കോഴിക്കോട് ഇന്നത്തെ വാര്‍ത്ത  വടകര ഇന്നത്തെ വാര്‍ത്ത  vadakara todays news
വടകര തീപിടിത്തത്തില്‍ ദുരൂഹത; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ല കലക്‌ടര്‍

പൊലീസും ഇലക്ട്രിക്കൽ വിഭാഗവും അടങ്ങുന്ന ടീം രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ല കലക്‌ടര്‍ നിര്‍ദേശിച്ചു.

കോഴിക്കോട്: വടകര താലൂക്ക് ഓഫിസ് തീപിടിത്തവുമായി ബന്ധപ്പെട്ട് ദുരൂഹത ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ല കലക്‌ടര്‍. പൊലീസും ഇലക്ട്രിക്കൽ വിഭാഗവും അടങ്ങുന്ന ടീം രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. അതേസമയം കെട്ടിടത്തിൻ്റെ പുറത്ത് ഷോർട്ട് സർക്യൂട്ട് ഉണ്ടായിട്ടില്ല എന്നാണ് കെ.എസ്.ഇ.ബിയുടെ പ്രാഥമിക റിപ്പോർട്ട്.

അകത്ത് കൂടുതൽ പരിശോധന നടത്തണമെന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. അട്ടിമറി സാധ്യത തള്ളിക്കളയാൻ പറ്റില്ല എന്നാണ് പൊലീസും വ്യക്തമാക്കുന്നത്. പുരാവസ്‌തു വകുപ്പിൻ്റെ പൈതൃക പട്ടികയിലുള്ള കെട്ടിടം 2017 ലാണ് 50 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചത്‌. ഇതിൽ അപാകത ഉണ്ടായോ എന്നും അന്വേഷിക്കും.

'ലാന്‍ഡ് അക്വിസിഷൻ ഓഫിസിൽ രണ്ട് തവണ തീപിടുത്തം'

വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെ ഉണ്ടായ തീപിടിത്തത്തിൽ ഓഫിസിലുണ്ടായിരുന്ന 85 ശതമാനം ഫയലുകളും കത്തിനശിച്ചു. 2019 ന് മുമ്പുള്ള ഫയലുകളാണ് കത്തിയത്. ഇതിന് ശേഷമുള്ള ഫയലുകൾ കമ്പ്യൂട്ടർ സ്റ്റോറേജിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ലാന്‍ഡ് അക്വിസിഷൻ ഓഫിസിൽ രണ്ട് തവണ തീപിടുത്തമുണ്ടായിരുന്നു. ബാത്ത്റൂമിൻ്റെ പരിസരത്ത് കൂട്ടിയിട്ട കടലാസുകൾക്കാണ് തീപിടിച്ചത്.

ഇതിന് പിന്നാലെ ഓഫിസ് ചുമരിൽ തെലുങ്കിലുള്ള എഴുത്ത് പ്രത്യക്ഷപ്പെട്ടതും സംശയങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇതേ കുറിച്ചൊന്നും അന്വേഷണം നടന്നിരുന്നില്ല. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ലഭിക്കാനുള്ളവരുടേത് അടക്കമുള്ള ഫയലുകൾ കൈകാര്യം ചെയ്യുന്ന ഓഫിസിലാണ് തീപിടിത്തം ഉണ്ടായത് സംശയങ്ങൾ വർധിപ്പിക്കുകയാണ്.

ALSO READ: വടകര താലൂക്ക് ഓഫിസില്‍ വന്‍ തീപിടിത്തം; നിയന്ത്രണവിധേയമാക്കി അഗ്‌നിശമന സേന

പുർച്ചെ അഞ്ചരയോടെയാണ് തീ ആളിപ്പടർന്നത്. മിനി സിവില്‍ സ്റ്റേഷനു സമീപമാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. പഴയ ഓട് മേഞ്ഞ കെട്ടിടം 90 ശതമാനവും കത്തിയതോടെ രേഖകളും കമ്പ്യൂട്ടറുകളും നശിച്ചു. തൊട്ടടുത്തുള്ള സബ് ജയിലിലേക്കും പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടര്‍ന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി വടകര, കൊയിലാണ്ടി, പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.