ETV Bharat / sports

Ashes 2023| നാലാം ദിനത്തില്‍ ഒപ്പത്തിനൊപ്പം; ജയം പിടിക്കാന്‍ ഇംഗ്ലണ്ടും ഓസീസും, എഡ്‌ജ്ബാസ്റ്റണ്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

author img

By

Published : Jun 20, 2023, 7:08 AM IST

Ashes 2023  Ashes  england vs australia  england vs australia day 5 preview  ashes first test final day  Australia  England  Pat Cummins  Nathan Lyon  Joe Root  ആഷസ്  ആഷസ് ടെസ്റ്റ് പരമ്പര  ഓസ്‌ട്രേലിയ  ഇംഗ്ലണ്ട്  ഇംഗ്ലണ്ട് vs ഓസ്‌ട്രേലിയ  ജോ റൂട്ട്  പാറ്റ് കമ്മിന്‍സ്  ഡേവിഡ് വാര്‍ണര്‍
Ashes 2023

ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്‍റെ അഞ്ചാം ദിനം. ഇന്ന് മത്സരം സ്വന്തമാക്കാന്‍ ഓസ്‌ട്രേലിയക്ക് 174 റണ്‍സാണ് വേണ്ടത്. കങ്കാരുപ്പടയുടെ ശേഷിക്കുന്ന ഏഴ് വിക്കറ്റ് വീഴ്‌ത്തിയാല്‍ ഇംഗ്ലണ്ടിനും ജയം പിടിക്കാം.

എഡ്‌ജ്‌ബാസ്റ്റണ്‍: ആഷസ് (Ashes) പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. മത്സരത്തിന്‍റെ അവസാന ദിവസമായ ഇന്ന് ജയം പിടിക്കാന്‍ ഓസ്‌ട്രേലിയക്ക് (Australia) 174 റണ്‍സാണ് വേണ്ടത്. മറുവശത്ത് ഇന്ന് ഏഴ് വിക്കറ്റ് സ്വന്തമാക്കാനായാല്‍ ഇംഗ്ലണ്ടിനും (England) കളി പിടിക്കാം.

രണ്ടാം ഇന്നിങ്‌സിന് പിന്നാലെ ഇംഗ്ലണ്ട് ഉയര്‍ത്തിയ 281 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ നിലവില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 107 റണ്‍സ് നേടിയിട്ടുണ്ട്. മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയെ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയ ഉസ്‌മാന്‍ ഖവാജയ്‌ക്കൊപ്പം (34) നൈറ്റ് വാച്ച്മാന്‍ ആയെത്തിയ സ്‌കോട്ട് ബോളണ്ടാണ് (13) ക്രീസില്‍.

28-2 എന്ന നിലയില്‍ നാലാം ദിനത്തില്‍ രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 245 റണ്‍സായിരുന്നു കൂട്ടിച്ചേര്‍ക്കാനായത്. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് (Pat Cummins) എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ജോ റൂട്ട് (Joe Root) 16 റണ്‍സ് അടിച്ചെടുത്തു. പിന്നീട് പതിഞ്ഞ താളത്തില്‍ റണ്‍സ് കണ്ടെത്തി തുടങ്ങിയ അവര്‍ക്ക് 17-ാം ഓവറില്‍ 14 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ഒലീ പോപ്പിനെ (Olie Pop) നഷ്‌ടമായി.

നാലാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ജോ റൂട്ടും ഹാരി ബ്രൂക്കും ചേര്‍ന്നാണ് പിന്നീട് ആതിഥേയരുടെ സ്‌കോര്‍ ഉയര്‍ത്തിയത്. സ്‌കോര്‍ 130ല്‍ നില്‍ക്കെ ഇംഗ്ലണ്ടിന് റൂട്ടിനെ നഷ്‌ടമായി. 55 പന്തില്‍ 46 റണ്‍സ് നേടിയ റൂട്ടിനെ നാഥന്‍ ലിയോണിന്‍റെ (Nathan Lyon) പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി (Alex Carry) സ്റ്റമ്പ് ചെയ്‌ത് പുറത്താക്കുകയായിരുന്നു.

34-ാം ഓവറില്‍ ഹാരി ബ്രൂക്കിനെയും (Harry Brook) ഓസ്‌ട്രേലിയ തിരികെ പവലിയനിലെത്തിച്ചു. നാഥന്‍ ലിയോണ്‍ തന്നെ ആയിരുന്നു ഈ വിക്കറ്റും നേടിയത്. 52 പന്തില്‍ 46 റണ്‍സ് നേടിയ ബ്രൂക്ക് പുറത്താകുമ്പോള്‍ 150 റണ്‍സായിരുന്നു ഇംഗ്ലീഷ് സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്.

ആറാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്റ്റോയും (Jonny Bairstow) നായകന്‍ ബെന്‍ സ്റ്റോക്‌സും (Ben Stokes) ചേര്‍ന്ന് ഇംഗ്ലണ്ട് സ്‌കോറിലേക്ക് 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 46-ാം ഓവറില്‍ ബെയര്‍സ്റ്റോയെ (20) മടക്കി ലിയോണ്‍ വീണ്ടും ഓസീസിന്‍റെ രക്ഷകനായെത്തി. ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പുറത്തായപ്പോഴേക്കും അവരുടെ രണ്ടാം ഇന്നിങ്‌സ് ലീഡ് 200 കടന്നിരുന്നു.

ബെയര്‍സ്റ്റോ പുറത്തായതിന് പിന്നാലെ തന്നെ സ്റ്റോക്‌സും (43) മടങ്ങി. ഇതോടെ 210-7 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണു. അവസാന മൂന്ന് വിക്കറ്റില്‍ 63 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഇംഗ്ലണ്ടിനായി. മൊയീന്‍ അലി (19), ഒലീ റോബിന്‍സണ്‍ (27), ജെയിംസ് ആന്‍ഡേഴ്‌സണ്‍ (12) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് അവസാനം നഷ്‌ടമായത്.

10 റണ്‍സ് നേടിയ സ്റ്റുവര്‍ട്ട് ബ്രോഡ് പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി നായകന്‍ പാറ്റ് കമ്മിന്‍സും സ്‌പിന്നര്‍ നാഥന്‍ ലിയോണും നാല് വീതം വിക്കറ്റുകളാണ് മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ സ്വന്തമാക്കിയത്.

അധികം വിക്കറ്റുകള്‍ നഷ്‌ടപ്പെടുത്താതെ പരമാവധി റണ്‍സ് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഓസ്‌ട്രേലിയ ഇന്നലെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ചത്. ഈ സാഹചര്യത്തില്‍ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ഉസ്‌മാന്‍ ഖവാജയും ചേര്‍ന്ന് അവര്‍ക്ക് ഭേദപ്പെട്ട തുടക്കവും സമ്മാനിച്ചു. ഒന്നാം വിക്കറ്റില്‍ ഓസീസ് ഓപ്പണര്‍മാര്‍ 61 റണ്‍സ് ആയിരുന്നു അടിച്ചെടുത്തത്.

ഇംഗ്ലണ്ടിന്‍റെ ഒലീ റോബിന്‍സണ്‍ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പുറത്താകുമ്പോള്‍ 36 റണ്‍സ് ആയിരുന്നു വാര്‍ണറിന്‍റെ സമ്പാദ്യം. സ്‌കോര്‍ 78ല്‍ നില്‍ക്കെ മാര്‍നസ് ലബുഷെയ്‌നെയും കങ്കാരുപ്പടയ്‌ക്ക് നഷ്‌ടമായി.

15 പന്തില്‍ 13 റണ്‍സ് നേടിയ ലബുഷെയ്‌നെ സ്‌റ്റുവര്‍ട്ട് ബ്രോഡ് ആണ് തിരികെ പവലിയനിലെത്തിച്ചത്. പിന്നാലെ എത്തിയ സ്റ്റീവ് സ്‌മിത്തിനെയും (6) ക്രീസില്‍ നിലയുറപ്പിക്കും മുന്‍പ് തന്നെ ബ്രോഡ് പുറത്താക്കി. ഇതോടെയാണ് നൈറ്റ് വാച്ച്മാനായി സ്‌കോട്ട് ബോളണ്ട് ക്രീസിലേക്കെത്തിയതും ഖവാജയുമായി ചേര്‍ന്ന് ഓസീസ് സ്‌കോര്‍ ഉയര്‍ത്തിയത്.

Also Read : Ashes 2023 | സ്റ്റോക്‌സിന്‍റെ 'ബ്രംബ്രല്ല' മാസ്റ്റര്‍ പ്ലാന്‍, ഇംഗ്ലീഷ് തന്ത്രത്തിന് മുന്നില്‍ വീണ് ഉസ്‌മാന്‍ ഖവാജ... വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.