ETV Bharat / international

അടവുകള്‍ പാളി, പ്രതിപക്ഷ യോര്‍ക്കറില്‍ കുറ്റിതെറിച്ച് ഇമ്രാന്‍ പുറത്ത് ; പാക് ക്രീസില്‍ ഷെഹബാസ് ഷരീഫ്

author img

By

Published : Apr 11, 2022, 9:28 PM IST

pakistan after Imran Khan  പാകിസ്ഥാനിലെ രാഷ്‌ട്രീയ നാടകത്തിന് വിരാമം  പാകിസ്ഥാനിലെ പുതിയ പ്രധാനമന്ത്രി മറ്റൊരു ഇമ്രാന്‍ ഖാന്‍ ആവുമോ  പാകിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ്  shahbaz sherrif pakistan's new prime minister
പാക് രാഷ്‌ട്രീയ നാടകത്തിന് വിരാമം; പുതിയ പ്രധാനമന്ത്രി മറ്റൊരു ഇമ്രാന്‍ ഖാന്‍ ആവുമോ?

പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ സഹോദരനുമായ പുതിയ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിന്‍റെ മുന്‍പില്‍ നിരവധി കടമ്പകളാണുള്ളത്

ഇസ്‌ലാമാബാദ് : വിശ്വാസ വോട്ട് നേടാനാകാതെ പ്രധാനമന്ത്രി പദത്തില്‍ നിന്നും ഇമ്രാന്‍ ഖാന്‍ വീണതോടെ പാക്‌ മണ്ണിലെ രാഷ്‌ട്രീയ നാടകങ്ങള്‍ക്ക് വിരാമം. പാര്‍ലമെന്‍റ് പ്രക്ഷുബ്ധമായ ആഴ്‌ചകളിലൂടെയാണ് കടന്നുപോയത്. പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ സഹോദരനുമായ ഷെഹബാസ് ഷരീഫാണ് പുതിയ പ്രധാനമന്ത്രി.

ഭാവി, കടുത്ത ആശങ്കയില്‍ : പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സ്ഥാനാർഥിയായാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി, ഉയർന്ന പണപ്പെരുപ്പം, കുതിച്ചുയരുന്ന ഊർജ പ്രതിസന്ധി തുടങ്ങിയവ വെല്ലുവിളിയുയര്‍ത്തി ഷെഹബാസിന്‍റെ മുന്‍പിലുണ്ട്. അതുകൊണ്ടുതന്നെ, ഒട്ടും സുഖകരമായിരിക്കില്ല പുതിയ പ്രധാനമന്ത്രിയുടെ മുന്നോട്ടുള്ള യാത്രയും.

യാഥാസ്ഥിതിക ഇസ്‌ലാമിക പ്രത്യയശാസ്‌ത്രവും വിട്ടുവീഴ്‌ചയില്ലാത്ത സ്വയാധികാരവും കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമായിരുന്നു ഇമ്രാന്‍ ഖാന്‍റേത്. മൂന്ന് വർഷവും എട്ട് മാസവുമാണ് മുൻ ക്രിക്കറ്റ് താരംകൂടിയായ അദ്ദേഹം അധികാരത്തിലിരുന്നത്. പാർലമെന്‍റില്‍ അവിശ്വാസ വോട്ട് പാസായതോടെ ഞായറാഴ്ചയാണ് ഇമ്രാന്‍ പുറത്താക്കപ്പെട്ടത്.

ഇമ്രാന്‍ ഖാനായി തെരുവിലിറങ്ങി യുവത : 342 സീറ്റുള്ള ദേശീയ അസംബ്ലിയിൽ 174 വോട്ടുകൾക്കാണ് ഖാന്‍ പുറത്തായത്. മുന്‍പ്രധാനമന്ത്രിയുടെ തെഹ്‌രീകെ ഇൻസാഫ് പാർട്ടി, പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിന് മുന്‍പ് തന്നെ പാർലമെന്‍റില്‍ നിന്ന് രാജിവച്ചിരുന്നു. മുൻ വിദേശകാര്യ മന്ത്രിയും പരിചയ സമ്പന്നനുമായ ഷാ മഹ്മൂദ് ഖുറേഷിയെയാണ് പാർട്ടി സ്ഥാനാർഥിയായി ഉയർത്തിയത്. പാകിസ്ഥാന്‍റെ ചരിത്രത്തിലാദ്യമായാണ് അവിശ്വാസ വോട്ടിലൂടെ പ്രധാനമന്ത്രിയെ പുറത്താക്കിയത്.

ഇമ്രാന്‍ ഖാനെ സ്ഥാനഭ്രഷ്‌ടനാക്കിയതിനെതിരെ പ്രതിഷേധിക്കാന്‍ പാകിസ്ഥാനില്‍ ഞായറാഴ്ച വൈകി ലക്ഷക്കണക്കിന് അനുയായികളാണ് അണിനിരന്നത്. രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ, ഖാന്‍റെ അനുയായികൾ വലിയ പാർട്ടി പതാകകൾ വീശി. വന്‍ പിന്തുണയാണ് അവര്‍ അദ്ദേഹത്തിനായി വാഗ്‌ദാനം ചെയ്‌തത്. വൈകാരികമായി പ്രതികരിച്ച അവര്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം വിളിക്കുകയുണ്ടായി.

'പ്രതിപക്ഷം യു.എസുമായി ഒത്തുകളിച്ചു': 2023 ഓഗസ്റ്റിനുമുന്‍പ് വോട്ടെടുപ്പ് നടക്കില്ലെങ്കില്‍ പോലും നേരത്തെയുള്ള തെരഞ്ഞെടുപ്പ് സംഘടിപ്പിക്കേണ്ടതുണ്ടെന്ന് ഖാന്‍ ആവശ്യപ്പെട്ടു. തന്നെ അട്ടിമറിക്കാൻ വാഷിങ്‌ടണ്‍ തന്‍റെ എതിരാളികളുമായി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഇമ്രാന്‍റെ 'ഗൂഢാലോചനാ സിദ്ധാന്തം' യുവാക്കളായ അനുയായികളില്‍ പിന്തുണ ചെലുത്തുന്നതായി പലപ്പോഴായി രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിട്ടുണ്ട്.

ചൈനയ്ക്കും റഷ്യയ്ക്കും അനുകൂലമായ സ്വതന്ത്ര വിദേശനയമാണ് തന്നെ പുറത്താക്കുന്നതിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്നെന്ന് ഇമ്രാന്‍ ഖാന്‍ അസന്ദിഗ്ധമായി ആരോപിച്ചു. ഫെബ്രുവരി 24 ന് മോസ്‌കോയിൽ നടത്തിയ സന്ദർശനമടക്കം വലിയ വിമര്‍ശനം രാജ്യത്തുനിന്നുമുണ്ടായിരുന്നു.

സ്‌പീക്കറുടെ രാജി, പിന്നാലെ ഇമ്രാന്‍റെ പതനം : ഏപ്രിൽ മൂന്നിനാണ് പാകിസ്ഥാനില്‍ രാഷ്ട്രീയ നാടകം ആരംഭിച്ചത്. പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം ഖാൻ ഒഴിവാക്കിയതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയിൽ അപ്പീൽ നൽകി.

തുടര്‍ന്ന്, നാല് ദിവസത്തെ വാദങ്ങള്‍ക്ക് ശേഷം പാർലമെന്‍റ് പുനസ്ഥാപിക്കാൻ കോടതി ഉത്തരവിടുകയും അവിശ്വാസ വോട്ടെടുപ്പ് നടക്കുകയും ചെയ്‌തു. ഇതിനിടെ ഇമ്രാന് അനുകൂലമായി നിലപാടെടുക്കുന്നു, അവിശ്വാസം ഒഴിവാക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ പാർലമെന്‍റ് സ്‌പീക്കർക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.

ALSO READ | ഇമ്രാന്‍റെ പതനം പൂര്‍ണം ; ഷെഹബാസ് ഷരീഫ് പ്രധാനമന്ത്രി

ഇക്കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച മാരത്തൺ പാർലമെന്‍റ് സമ്മേളനത്തിന് ശേഷം സ്‌പീക്കർ അസദ് ഖൈസര്‍ രാജിവയ്‌ക്കുകയുണ്ടായി. പിന്നാലെ ഇമ്രാന്‍ ഖാന്‍റെ പ്രധാനമന്ത്രി പദം തെറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.