ETV Bharat / state

കോൺഗ്രസ് ലീഗ് തര്‍ക്കം; കാവനൂരില്‍ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജിവെച്ചു - CONGRESS IUML CONFLICT

author img

By ETV Bharat Kerala Team

Published : May 16, 2024, 7:47 PM IST

മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കുന്നതിനെ ചൊല്ലി ലീഗുമായുള്ള തർക്കത്തെ തുടര്‍ന്ന് കാവനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷഹർബാൻ ശരീഫ് രാജിവെച്ചു.

KAVANUR PANCHAYAT VICE PRESIDENT  കാവനൂർ പഞ്ചായത്ത് തര്‍ക്കം  കാവനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ലീഗ് കോണ്‍ഗ്രസ് തര്‍ക്കം
- (Photo Source : Etv Bharat Reporter)

മലപ്പുറം: ലീഗുമായുള്ള തർക്കത്തെ തുടർന്ന് കാവനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷഹർബാൻ ശരീഫ് രാജിവെച്ചു. കോൺഗ്രസിൻ്റെ എതിർപ്പ് മറികടന്ന് കാവനൂർ മട്ടത്തിരിക്കുന്നിൽ മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ലീഗ്- കോൺഗ്രസ് ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത്.

13-ാം വാർഡായ മട്ടത്തിരിക്കുന്നിൽ എംസിഎഫ് കേന്ദ്രം തുടങ്ങാൻ കഴിഞ്ഞ വർഷം ഭരണസമിതി തീരുമാനിച്ചിരുന്നു. മാലിന്യവുമായി എത്തിയ ലോറി പ്രദേശത്തുകാരും കോൺഗ്രസ് പ്രവർത്തകരും തടഞ്ഞു. തീരുമാനത്തിൽ നിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ ഭരണസമിതിക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകുകയും ചെയ്‌തു.

യുഡിഎഫിൽ ഭിന്നത രൂക്ഷമായതോടെ സിപിഎം അംഗങ്ങൾ പ്രസിഡൻ്റിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഇതോടെ പി കെ ബഷീർ എംഎൽഎ, എ പി അനിൽ കുമാർ എംഎൽഎ, ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ ടി അഷ്റഫ് എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് മട്ടത്തിരിക്കുന്നിൽ എംസിഎഫ് സ്ഥാപിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തിരുന്നു.

ഇതിനെ തുടർന്ന് കോൺഗ്രസും ലീഗും ഒന്നിച്ച് നിന്ന് സിപിഎമ്മിൻ്റെ അവിശ്വാസത്തെ പരാജയപ്പെടുത്തി. യുഡിഎഫ് നേതാക്കളുടെ തീരുമാനം ലംഘിച്ച് മട്ടത്തിരിക്കുന്നിലേക്ക് വീണ്ടും എംസിഎഫ് കേന്ദ്രം കൊണ്ടുവരാനാണ് ശ്രമമെന്ന് കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പഞ്ചായത്തിൽ മുസ്‌ലിം ലീഗ് അംഗം പിവി ഉസ്‌മാൻ പ്രസിഡൻ്റും കോൺഗ്രസിലെ ഷഹർബാൻ ശരീഫ് പ്രസിഡൻ്റുമായ യുഡിഎഫ് ഭരണ സമിതിയാണ് ഭരിച്ചിരുന്നത്. ഭരണ സമിതിക്കുള്ള പിന്തുണ പിൻവലിച്ച് വൈസ് പ്രസിഡൻ്റ് രാജിവച്ചതോടെ ഭരണ സമിതിയുടെ ഭാവി തുലാസിലായി. മുസ്‌ലിം ലീഗിന് ഒൻപതും സിപിഎമ്മിന് ഏഴും കോൺഗ്രസിന് മൂന്ന് അംഗങ്ങളുമാണ് പഞ്ചായത്തിലുള്ളത്.

Also Read : പാര്‍ട്ടി വിപ്പ് ലംഘിച്ച് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌തു; പഞ്ചായത്ത് അംഗത്തെ ഇലക്ഷന്‍ കമ്മീഷന്‍ അയോഗ്യനാക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.