ETV Bharat / international

ഇമ്രാന്‍റെ പതനം പൂര്‍ണം ; ഷെഹബാസ് ഷരീഫ് പ്രധാനമന്ത്രി

author img

By

Published : Apr 11, 2022, 5:39 PM IST

Updated : Apr 11, 2022, 6:18 PM IST

മൂന്ന് തവണ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായ നവാസ് ഷരീഫിന്‍റെ സഹോദരന്‍കൂടിയാണ് ഷെഹബാസ്

new Pakistan Prime minster  Shehbaz Sharif elected new Pakistan Prime  ഷഹബാസ് ഷരീഫ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി  ഇംറാന്‍ഖാന്‍ പുറത്തായി  അവിശ്വാസ വോട്ടെടുപ്പില്‍ ഇംറാന്‍ ഖാന്‍ വീണു  പാകിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രി
ഇമ്രാന്‍റെ പതനം പൂര്‍ണം; ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയാകും

ഇസ്ലാമാബാദ് : രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും താത്കാലിക വിരാമമിട്ട് പാകിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രിയായി 70 കാരനായ ഷഹബാസ് ഷരീഫ് സ്ഥാനമേല്‍ക്കും. മുമ്പ് മൂന്ന് തവണ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായ നവാസ് ഷരീഫിന്‍റെ സഹോദരന്‍കൂടിയായ ഷെഹബാസ് സ്ഥാനമേല്‍ക്കുമ്പോള്‍ ഇനിയും ശാന്തമാകാത്ത പാകിസ്ഥാന്‍റെ ചരിത്രത്തിലെ നിര്‍ണായക അധ്യായമാകുമത്.

വിശ്വാസ വോട്ട്‌ നേടാനാകാതെ ഇമ്രാൻഖാൻ വീണതോടെയാണ് പാകിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. ദേശീയ അസംബ്ലിയിലെ തെരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം ഇന്ദ്രപ്രസ്ഥത്തില്‍ എത്തുന്നത്. പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സ്ഥാനാർഥിയായിരുന്നു ഷെഹബാസ് ഷരീഫ്.

Also Read: പാകിസ്ഥാനിൻ പ്രധാനമന്ത്രിയെ ഇന്ന് തെരഞ്ഞെടുക്കും: സാധ്യത ഷഹബാസ് ഷരീഫിന്

ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌രീകി ഇൻസാഫിന്റെ (പിടിഐ) സ്ഥാനാർഥിയായ ഷാ മെഹമ്മൂദ് ഖുറേഷിയായിരുന്നു എതിരായി മത്സരിച്ചത്. 342 അം​ഗ ദേശീയസഭയില്‍ 174 വോട്ടാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ വേണ്ടത്‌. 174 വോട്ട്‌ നേടിയാണ് പ്രതിപക്ഷം പാകിസ്ഥാന്‍റെ ചരിത്രത്തിലാദ്യമായി അവിശ്വാസ വോട്ടിലൂടെ പ്രധാനമന്ത്രിയെ പുറത്താക്കിയത്.

174 വോട്ടുനേടിയാണ് ഷഹബാസ് ഷരീഫ് അധികാരത്തില്‍ എത്തുന്നതും. ഇമ്രാന്‍ അവിശ്വാസത്തില്‍ പുറത്തായതോടെ പുതിയ പ്രധാനമന്ത്രിക്കായി ഇന്ത്യന്‍ സമയം 2.30-നാണ് ദേശീയ സഭയിൽ വോട്ടെടുപ്പ് നടന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരവരെയായിരുന്നു പത്രിക സമർപ്പിക്കാനുള്ള സമയം.

അതിനിടെ ഷെഹബാസ് ഷരീഫിന്‍റെ പത്രിക തള്ളണമെന്ന് പി.ടി.ഐ. ആവശ്യപ്പെട്ടെങ്കിലും ദേശീയസഭ സെക്രട്ടേറിയറ്റ് അംഗീകരിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ദേശീയസഭയിൽനിന്ന് പി.ടി.ഐ. അംഗങ്ങൾ രാജി വയ്ക്കുമെന്ന് മുൻ വിവരവിനിമയ മന്ത്രിയും പി.ടി.ഐ. നേതാവുമായ ഫവാദ് ചൗധരി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ ക്ഷുഭിതരായ ഇമ്രാന്‍ഖാന്‍ അനുകൂലികള്‍ സഭ വിട്ടിറങ്ങി.

രാജ്യത്തെ ഏറ്റവും വലിയ പ്രവിശ്യയായ പഞ്ചാബില്‍ മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്നു ഷെഹബാസ്. പാകിസ്ഥാൻ മുസ്‌ലിം ലീഗിലെ നവാസ് പക്ഷത്തിന്‍റെ പ്രസിഡന്‍റും ഇതുവരെ പാക് നാഷണൽ അസംബ്ലിയുടെ പ്രതിപക്ഷ നേതാവുമായിരുന്നു. നേരത്തെ പ്രതിപക്ഷ പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും പാര്‍ലമെന്‍റ് ഇത് വോട്ടെടുപ്പിന് വിട്ടിരുന്നു.

വോട്ടെടുപ്പെന്ന പ്രതിപക്ഷ ആവശ്യം ഡെപ്യൂട്ടി സ്പീക്കര്‍ തള്ളുകയായിരുന്നു. ഇതിന് പിന്നാലെ ഇമ്രാന്‍ഖാന്‍ രാജിവച്ച് പുറത്താകുന്ന പ്രധാനമന്ത്രിയെന്ന നാണക്കേടില്‍ നിന്നും പുറത്തുകടക്കാന്‍ ശ്രമിച്ചു. മന്ത്രിസഭയെ രാജിവയ്പ്പിച്ച അദ്ദേഹം പാകിസ്ഥാന്‍ തെരഞ്ഞെടുപ്പിലേക്കെന്നും അറിയിച്ചിരുന്നു. ഇതോടെ പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചു.

കേസ് പരിഗണിച്ച കോടതി സ്പീക്കറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്നാണ് വിധിച്ചത്. മാത്രമല്ല, പുതിയ തെരഞ്ഞെടുപ്പെന്ന പ്രധാനമന്ത്രിയുടെ തീരുമാനം തള്ളിയ കോടതി മന്ത്രിസഭ ഉടന്‍ യോഗം ചേരണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് മന്ത്രിസഭ ചേര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ വിശ്വാസ വോട്ടെടുപ്പിനെ നേരിടാന്‍ തയ്യാറായത്.

Last Updated : Apr 11, 2022, 6:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.