കേരളം

kerala

'തെരഞ്ഞെടുപ്പിൽ ആത്മവിശ്വാസമുണ്ട്'; തലസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിച്ച് ശശി തരൂർ - Shashi Tharoor Filing Nominations

By ETV Bharat Kerala Team

Published : Apr 3, 2024, 5:53 PM IST

തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇത്തവണ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സീറ്റുകള്‍ നഷ്‌ടപ്പെടും. വിജയത്തിന്‍റെ കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും പ്രതികരണം.

SHASHI THAROOR SUBMIT NOMINATION  LOK SABHA ELECTION 2024  THIRUVANANTHAPURAM  UDF CANDIDATE
Shashi Tharoor File Nomination For Lok Sabha Polls In Thiruvananthapuram Today

ശശി തരൂര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

തിരുവനന്തപുരം:ലോക്‌സഭ തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. നേതാക്കള്‍ക്കൊപ്പം ഉച്ചയ്‌ക്ക് രണ്ടരയോടെ കലക്‌ടറേറ്റിലെത്തിയാണ് തരൂര്‍ പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് ജില്ലയിലെ തെരഞ്ഞെടുപ്പ് ഭരണാധികാരിയും ജില്ല കലക്‌ടറുമായ ജെറോമിക് ജോർജിന് മുമ്പാകെ സമര്‍പ്പിച്ചത്.

ഡിസിസി പ്രസിഡന്‍റ് പാലോട് രവി, എം വിൻസെന്‍റ് എംഎൽഎ, മുൻ മന്ത്രി വിഎസ് ശിവകുമാർ എന്നിവരാണ് നാമനിർദേശ പത്രിക സമർപ്പണത്തിന് ശശി തരൂരിനൊപ്പമെത്തിയത്. കലക്‌ടറേറ്റിലെത്തുന്നതിന് മുന്നോടിയായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും ശശി തരൂർ ദർശനം നടത്തി. തുടർന്ന് വിവിധ പരിപാടികളിലും പങ്കെടുത്ത ശേഷമാണ് പത്രിക സമർപ്പണത്തിന് എത്തിയത്.

ഇത്തവണ തെരഞ്ഞെടുപ്പിൽ നല്ല ആത്മവിശ്വാസമുണ്ടെന്ന് പത്രിക സമര്‍പ്പണത്തിന് ശേഷം ശശി തരൂര്‍ പറഞ്ഞു. 2019ലെ തെരഞ്ഞെടുപ്പ് പോലെ സംഭവിക്കും എന്നാണ് തോന്നുന്നത്. തങ്ങൾക്ക് വിജയത്തിൽ ഒരു സംശയവുമില്ല. തർക്കം രണ്ടാം സ്ഥാനത്തിന് വേണ്ടിയാണെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.

ത്രികോണ മത്സരമല്ല എന്നൊരിക്കലും പറയില്ല. പക്ഷേ രണ്ടാമത്തെ സ്ഥാനത്തിൽ എല്ലാവരും കാണുന്നത് ബിജെപിയെ തന്നെയാണ്. രാജ്യത്തിന്‍റെ ആത്മാവ് സംരക്ഷിക്കാനുള്ള ഒരു സംഘർഷമാണ് ഈ തെരഞ്ഞെടുപ്പ്. വർഗീയതയും ജനാധിപത്യ വിരുദ്ധവും ഭരണഘടന ലംഘനവുമായ തീരുമാനങ്ങളുമായാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നത്. അവർക്ക് ഇനിയും അവസരം കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനാധിപത്യത്തെ സംരക്ഷിക്കാനും രാജ്യത്തിന്‍റെ ബഹുസ്വരതയെ സംരക്ഷിക്കാനുമുള്ള തെരഞ്ഞെടുപ്പാണിത്. ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്‍റെ ഭാവി തീരുമാനിക്കും. നികുതി ഭീകരതയാണ് രാജ്യത്ത് നടക്കുന്നത്. കൈയിലുള്ള പണം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഭയത്തിന്‍റെ തെളിവാണ് കെജ്‌രിവാളിന്‍റെ അറസ്‌റ്റ് എന്നും ശശി തരൂർ പറഞ്ഞു.

ബിജെപി ഭരണം തുടരില്ല. ബിജെപിക്ക് സീറ്റുകൾ നഷ്‌ടപ്പെടും. അതുകൊണ്ടാണ് കെജ്‌രിവാളിനെ ജയിലിൽ അടച്ചതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം എസ്‌ഡിപിഐ തനിക്ക് വേണ്ടിയല്ല പിന്തുണ പ്രഖ്യാപിച്ചത്. നേതൃത്വം ഇക്കാര്യം ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ജയിച്ച ആരും തന്നെ പാർട്ടി വിട്ട് പോയിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലും പാർട്ടി മാറലുകൾ നടക്കുന്നുണ്ട്. തിരുവനന്തപുരം മണ്ഡലത്തിൽ ഒരു പ്രശ്‌നവുമില്ല. 24 ദിവസം ഇനിയും ബാക്കിയുണ്ട്. നന്നായിത്തന്നെ ബൂത്ത്‌ തലത്തിൽ പ്രവർത്തനം നടക്കുമെന്നും ശശി തരൂർ കൂട്ടിച്ചേര്‍ത്തു.

ALSO READ : ബിജെപി സ്ഥാനാർഥി വി മുരളീധരൻ നാമനിർദേശ പത്രിക സമർപ്പിച്ചു

ABOUT THE AUTHOR

...view details