ETV Bharat / state

പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത സംഭവം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ് - Fishes Died In Periyar River

author img

By ETV Bharat Kerala Team

Published : May 23, 2024, 10:53 PM IST

മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെയും പഞ്ചായത്ത് അധികൃതരെയും പങ്കെടുപ്പിച്ച് നടത്തി മന്ത്രി യോഗം നടത്തി

P RAJEEV ABOUT FISHES DIED PERIYAR  പെരിയാറില്‍ മത്സ്യങ്ങള്‍ ചത്ത സംഭവം  POLLUTION IN PERIYAR RIVER  പെരിയാർ നദി മലിനീകരണം
മന്ത്രി പി രാജീവ് (ETV Bharat)

വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് മാധ്യമങ്ങളെ കാണുന്നു (ETV Bharat)

എറണാകുളം: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത സംഭവത്തിൽ വ്യവസായ സ്ഥാപനങ്ങൾ തെറ്റായ രീതിയിൽ പ്രവർത്തിച്ചെങ്കിൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥരെയും പഞ്ചായത്ത് അധികൃതരെയും പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിന് ശേഷം കളമശ്ശേരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ ഫോര്‍ട്ട്‌കൊച്ചി സബ് കളക്‌ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പെരിയാറില്‍ സംഭവിച്ചത് ഗൗരവമേറിയ കാര്യമാണ്. ഇക്കാര്യത്തില്‍ ഹ്രസ്വ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കും. പാതാളം റെഗുലേറ്റര്‍ ഷട്ടര്‍ തുറന്നപ്പോഴാണ് ഇത് സംഭവിച്ചത്. എല്ലാ വശങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സബ് കളക്‌ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. സബ് കളക്‌ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ ഉന്നതലതല സമിതി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു .

സബ് കളക്‌ടറോട് ശനിയാഴ്‌ച റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചുണ്ട്. മത്സ്യങ്ങള്‍ കൂട്ടത്തോടെ നശിക്കാനിടയായ സാഹചര്യം എന്തെന്ന് ലാബ് റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തത വരൂ. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇറിഗേഷന്‍, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ്, വാട്ടര്‍ അതോറിറ്റി, ഫിഷറീസ് എന്നീ വകുപ്പുകള്‍ ഉള്‍പ്പെട്ടതാണ് കമ്മിറ്റി. കൂടാതെ ഫിഷറീസ് യുണിവേഴ്‌സിറ്റിയിലെ വിദഗ്‌ധരെ ഉള്‍പ്പെടുത്തി രൂപികരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടും പരിശോധിക്കും. കൂട് കൃഷി ചെയ്ത മത്സ്യക്കര്‍ഷകര്‍ക്ക് ഉണ്ടായ നഷ്‌ടം സംബന്ധിച്ച് ഫിഷറീസ് വകുപ്പ് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍തലത്തില്‍ അവശ്യമായ നടപടി സ്വീകരിക്കും.

സംരഭകരുടെ ആത്മവിശ്വാസം സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുക. മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെ ബാധിച്ചിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള ദീര്‍ഘകാല നടപടി സ്വീകരിക്കും. ഫിഷറീസ് യുണിവേഴ്‌സിറ്റിയുടെ പഠനത്തിന്‍റെ കൂടി അടിസ്ഥാനത്തിലാകും ഇത് നടപ്പിലാക്കുക പെരിയാറിനെ വീണ്ടെടുക്കുകയാണ് സർക്കാറിന്‍റെ ലക്ഷ്യം.ഇനിമുതല്‍ പാതാളം റഗുലേറ്റര്‍ തുറക്കുന്നതിന് പ്രോട്ടോക്കോള്‍ തയ്യാറാക്കാന്‍ ഇറിഗേഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടു. ഇതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇറിഗേഷന്‍, എലൂര്‍ മുന്‍സിപ്പാലിറ്റി ഉള്‍പ്പെട്ട സമിതി രൂപീകരിക്കാനും തീരുമാനിച്ചു.

എലൂര്‍ ഭാഗത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ചുമതല ഉയര്‍ന്നതല ഉദ്യോഗസ്ഥനു നല്‍കാന്‍ നിര്‍ദേശിച്ചു. ഈ മേഖലയില്‍ ദുര്‍ഗന്ധം അനുഭവപ്പെടുന്നത് പരിഹരിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അടിയന്തരമായി നടപടി സ്വീകരിക്കണം. ജൂലൈ 31 നകം എല്ലാ കമ്പനികളിലും ബയോ ഫില്‍ട്ടര്‍ സ്ഥാപിക്കണം. വ്യവസായ വകുപ്പും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. നാഷണല്‍ ഗ്രീന്‍ ട്രിബ്യുണലിന്‍റെ നിര്‍ദേശം നടപ്പിലാക്കുന്നതിന് ഉന്നതതല യോഗം ചേരും. പെരിയാര്‍ സംരക്ഷിക്കാന്‍ ശാശ്വതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ഇതിനായി തിരുവനന്തപുരത്ത് ഉന്നതല യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും.

തുടര്‍ന്ന് പെരിയാര്‍ പരിധിയില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ആക്ഷന്‍ പ്ലാന്‍ ചര്‍ച്ച ചെയ്തു നടപ്പിലാക്കും. പാതാളം റെഗുലേറ്ററിന്‍റെ മുകള്‍ ഭാഗത്ത് പുഴയുടെ വലത് കരയില്‍ 1.2 കിലോമീറ്ററില്‍ ഇറിഗേഷന്‍ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഡയഫ്രം വാള്‍ സ്ഥാപിക്കും. ഇതോടൊപ്പം നിരീക്ഷണ പാതയും ഉണ്ടാകും. ഇവിടെ ഒരു മാസത്തിനകം റവന്യു വകുപ്പ് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഇറിഗേഷന്‍ വകുപ്പ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read : വീണ്ടും കൂട്ടക്കുരുതി; പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങി, രാസമാലിന്യം മൂലമെന്ന് സൂചന - Fishes Died In Periyar River

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.