ETV Bharat / state

ബിജെപി സ്ഥാനാർഥി വി മുരളീധരൻ നാമനിർദേശ പത്രിക സമർപ്പിച്ചു - V MURALEEDHARAN FILED NOMINATION

author img

By ETV Bharat Kerala Team

Published : Mar 30, 2024, 1:37 PM IST

V MURALEEDHARAN  BJP  BJP CANDIDATE V MURALEEDHARAN  LOK SABHA ELECTION 2024
BJP Candidate V Muraleedharan Filing Nominations

നാമനിർദേശ പത്രിക സമർപ്പിച്ച് വി മുരളീധരൻ. വിവധ പാർട്ടി നേതാക്കൽക്കൊപ്പം ജാഥയായാണ് വി മുരളീധരൻ പത്രിക സമർപ്പിക്കാൻ എത്തിയത്.

വി മുരളീധരന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം : ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി വി മുരളീധരൻ നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ 11.35 ഓടെ ബിജെപി പ്രവർത്തകർക്കൊപ്പം കലക്ട്രേറ്റിൽ എത്തിയ മുരളീധരൻ അഡിഷണൽ ഡിസ്ട്രിക്‌ട് മജിസ്ട്രറ്റ് പ്രേംജിക്ക് മുൻപാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.

പ്രമുഖ നേതാക്കളായ പി കെ കൃഷ്‌ണദാസ്, വിഷ്‌ണുപുരം ചന്ദ്രശേഖർ, എസ്‌ആർഎം അജി ഉൾപ്പെടെ നൂറ് കണക്കിന് ബിജെപി പ്രവർത്തകർക്കൊപ്പം ജാഥയായാണ് മുരളീധരൻ കളക്ട്രേറ്റിലേക്ക് എത്തിയത്. നാമനിർദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി പത്മനാഭസ്വാമി ക്ഷേത്രത്തിലും പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും മുരളീധരൻ ദർശനം നടത്തിയിരുന്നു. തൈക്കാട് ശ്രീധർമ്മശാസ്‌ത ക്ഷേത്രത്തിലും ദർശനം നടത്തി.

നാമനിർദേശപത്രിക സമർപ്പണത്തിന് മുന്നോടിയായി ആറ്റിങ്ങലിൽ മുരളീധരന് സ്വീകരണവും നൽകിയിരുന്നു. നാമനിർദേശ പത്രികയോടെപ്പം സമർപ്പിക്കാനുള്ള തുക സംഭാവന ചെയ്‌തത് യുക്രെയ്‌നിൽ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ മലയാളി വിദ്യാർഥികളാണ്.

യുദ്ധസമയത്ത് കേന്ദ്ര സർക്കാർ രക്ഷപ്പെടുത്തി കൊണ്ടുവന്ന വിദ്യാർഥികളുടെ കൂട്ടായ്‌മയാണ് പണം സ്വരൂപിച്ച് നൽകിയത്. ഇവർക്കൊപ്പം രക്ഷിതാക്കളും പണം കൈമാറാൻ ഇന്നലെ എത്തിയിരുന്നു. വിദേശകാര്യ മന്ത്രിയെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് നന്ദിയെന്ന രീതിയിലാണ് പണം പിരിച്ചു നൽകിയതെന്ന് വിദ്യാർഥി പ്രതിനിധികൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം കൊല്ലം എൽഡിഎഫ് സ്ഥാനാർഥി എം മുകേഷും നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. കൊല്ലം ഹൈസ്‌കൂൾ ജങ്‌ഷനിലെ സിഐടിയു ഓഫിസിൽ നിന്നും ഇടത് മുന്നണി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്. മാർച്ച് 28 ന് രാവിലെ 11 മണിയ്ക്ക് ശേഷം ജില്ല കലക്‌ടർ എൻ ദേവീദാസിനാണ് സ്ഥാനാർഥി പത്രിക സമർപ്പിച്ചത്.

മലയാളത്തിൽ പ്രതിജ്ഞ ചൊല്ലിയായിരുന്നു മുകേഷിന്‍റെ പത്രിക സമർപ്പണം. കൊല്ലത്ത് ഇടതിന്‍റെ വിജയം ആദ്യദിനം തന്നെ ഉറപ്പിച്ചതാണെന്നും അതിൽ തങ്ങൾക്ക് ഒരു സംശയവും ഇല്ലാത്തതിനാൽ ആണ് പ്രചാരണരംഗത്തും നോമിനേഷനിലും എല്ലാം ആദ്യം എത്താൻ സാധിക്കുന്നതെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ : 'എൻ കെ പ്രേമചന്ദ്രനും മുകേഷും തമ്മിൽ മത്സരിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാൻ' ; എൻഡിഎ സ്ഥാനാർഥി ജി കൃഷ്‌ണകുമാർ

മന്ത്രി കെ എൻ ബാലഗോപാൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജൻ, മുൻ മന്ത്രി കെ രാജു, പി എസ്‌ സുപാൽ എംഎൽഎ, സിപിഎം ജില്ല സെക്രട്ടറി എസ് സുദേവൻ എന്നിവരും സ്ഥാനാർഥിക്കൊപ്പം പത്രിക സമർപ്പിക്കാൻ എത്തിയിരുന്നു. യുഡിഎഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രൻ ഏപ്രിൽ 4 ന് പത്രിക നൽകുമെന്നാണ് വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.