ETV Bharat / state

ക്ഷേമ പെന്‍ഷന്‍ അവകാശമല്ലെന്ന സത്യവാങ്മൂലം; പിണറായിയുടെ അഹങ്കാരത്തിന് ജനങ്ങൾ ബാലറ്റിലൂടെ തിരിച്ചടിക്കുമെന്ന് എംഎം ഹസന്‍ - MM Hassan against Pinarayi Vijayan

author img

By ETV Bharat Kerala Team

Published : Apr 10, 2024, 8:43 PM IST

MM HASSAN  PINARAYI VIJAYAN  WELFARE PENSION  പിണറായിയെ വിമര്‍ശിച്ച്‌ എംഎം ഹസന്‍
MM HASSAN AGAINST PINARAYI VIJAYAN

ക്ഷേമ പെന്‍ഷന്‍ വേണ്ടവരെ കൈവിട്ട് കോര്‍പറേറ്റുകളെ താലോലിക്കുന്നു, പിണറായി സര്‍ക്കാര്‍ ജനങ്ങളെ അര്‍ധപ്പട്ടിണിയിലേക്കു തള്ളിവിട്ടെന്നും എംഎം ഹസന്‍

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ അവകാശമല്ലെന്നും ഭിക്ഷയാണെന്നും ഹൈക്കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഹങ്കാരത്തിന് ജനങ്ങൾ ബാലറ്റിലൂടെ തിരിച്ചടിക്കുമെന്ന് കെപിസിസി ആക്‌ടിങ് പ്രസിഡന്‍റ്‌ എംഎം ഹസന്‍. കോവിഡ് കാലത്ത് കിറ്റ് നല്‍കി ആളുകളെ പറ്റിച്ച് അധികാരത്തിലേറി 40 വാഹനങ്ങളുടെ അകമ്പടിയില്‍ നാടുവിറപ്പിച്ചു യാത്ര ചെയ്യുന്ന പിണറായി വിജയന്‍ ജനങ്ങളെ പുച്‌ഛത്തോടെ കാണുന്നതുകൊണ്ടാണ് ഈ സമീപനം സ്വീകരിച്ചതെന്നും എംഎം ഹസൻ വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.

ക്ഷേമ പെന്‍ഷന്‍ അവകാശമല്ലെന്നു വന്നതോടെ ഇനി എപ്പോള്‍ നല്‍കണം, എത്ര നല്‍കണം, ആര്‍ക്കു നല്‍കണം എന്നൊക്കെ പിണറായി തീരുമാനിക്കുമെന്നും, ജനങ്ങള്‍ക്ക് കിട്ടുമ്പോള്‍ വാങ്ങാം, കിട്ടിയില്ലെങ്കില്‍ മിണ്ടാതെ മൂലയ്ക്കിരുന്നോണം എന്നാണ് മുഖ്യമന്ത്രിയുടെ തിട്ടൂരമെന്നും അദ്ദേഹം പറഞ്ഞു. റംസാന്‍, വിഷു, ഈസ്‌റ്റര്‍ തുടങ്ങിയ പുണ്യനാളുകളില്‍പ്പോലും ജനങ്ങളെ സര്‍ക്കാര്‍ അര്‍ധപ്പട്ടിണിയിലേക്കു തള്ളിവിട്ടു.

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയപ്പോള്‍ പിച്ചച്ചട്ടിയെടുത്ത മറിയക്കുട്ടിയെപ്പോലെ ബാക്കിയുള്ളവരും തെരുവിലിറങ്ങുന്നതു കാണാന്‍ കാത്തിരിക്കുന്ന മനുഷ്യപ്പറ്റില്ലാത്ത ഭരണാധികാരിയാണ് പിണറായി വിജയൻ. പ്രായമായവര്‍, അംഗപരിമിതര്‍, വിധവകള്‍ തുടങ്ങി സമൂഹത്തിന്‍റെ കൈത്താങ്ങ് വേണ്ടവരാണ് ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നത്. അവരെ കൈവിട്ട് കോര്‍പറേറ്റുകളെ താലോലിക്കുന്ന അവസ്ഥയിലേക്ക് പിണറായി ഭരണം കൂപ്പുകുത്തിയെന്നും ഹസന്‍ കുറ്റപ്പെടുത്തി.

പിണറായി വിജയന്‍ 8000 രൂപ നല്‍കാനുള്ളപ്പോള്‍ 3200 രൂപ കുടിശിക നല്‍കിയിട്ടാണ് പുരപ്പുറത്തുകയറി ചെണ്ടകൊട്ടുന്നത്. ഇന്ധനസെസ്, മദ്യത്തില്‍ നിന്നുള്ള സെസ്, കേന്ദ്രസഹായം എന്നിവയെല്ലാം ക്ഷേമ പെന്‍ഷന്‍റെ പേരിലാണ് സര്‍ക്കാര്‍ മുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്രത്തിന്‍റെ സഹായം ഇതില്‍ പലപ്പോഴും മുടങ്ങുന്നുണ്ട്. ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായത് കേരളത്തിലെ നികുതിദായകര്‍ പാവപ്പെട്ട ജനങ്ങളെ സഹായിക്കാന്‍ നല്‍കുന്ന പണം അഴിമതിക്കും ആര്‍ഭാടത്തിനും വിനിയോഗിക്കുന്നതുകൊണ്ടാണ്. സര്‍ക്കാര്‍ മാത്രമാണ് ഇതിൽ പ്രതിസ്ഥാനത്തെന്ന് ഹസന്‍ പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ രാജ്യത്ത് ആദ്യമായി തൊഴിലില്ലായ്‌മവേതനം നടപ്പാക്കി മാതൃക കാട്ടിയ നാടാണ് നമ്മുടേതെന്നും ഹസന്‍ പറഞ്ഞു. ഒരു ലക്ഷം രൂപ വരെ വരുമാനമുള്ള കുടുംബങ്ങളിലെ തൊഴില്‍രഹിതര്‍ക്ക് നല്‍കിയിരുന്ന സഹായമായിരുന്നു അത്. പിണറായി സര്‍ക്കാര്‍ തൊഴിലില്ലായ്‌മ വേതനം നല്‍കാനുള്ള ആദായപരിധി 12,000 രൂപ ആക്കിയതോടെ ആ പദ്ധതി തന്നെ നിലച്ചുപോയെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

ALSO READ: 'ക്ഷേമ പെൻഷൻ അവകാശമല്ല, സഹായം മാത്രം'; ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.