ETV Bharat / international

കാട്ടുതീയില്‍ വെന്തുരുകി ചിലി: മരണം 122 കടന്നു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

author img

By ETV Bharat Kerala Team

Published : Feb 6, 2024, 10:00 AM IST

Updated : Feb 8, 2024, 11:01 AM IST

ചിലിയുടെ മധ്യവനമേഖലയിലുണ്ടായ കനത്ത കാട്ടുതീയെ തുടർന്ന് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കുകൾ.

Chile Wildfires Death Toll  Death Toll Has Risen To 122  ചിലിയില്‍ കാട്ടുതീ  മരിച്ചവരുടെ എണ്ണം 122 ആയി
ചിലിയില്‍ കാട്ടുതീ, മരിച്ചവരുടെ എണ്ണം 122 ആയി

സാന്‍റിയാഗോ (ചിലി): രണ്ടുദിവസം മുൻപ് ആരംഭിച്ച കാട്ടുതീയില്‍ ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയില്‍ മരണ സംഖ്യ വർധിക്കുന്നു. വിന ഡെൽ മാർ നഗരത്തിന്‍റെ കിഴക്കൻ മേഖലയില്‍ വെള്ളിയാഴ്‌ച (02-02-2024) മുതൽ തീവ്രമായി കാട്ടുതീ പടർന്നിരുന്നു. തിങ്കളാഴ്‌ച രാവിലെയോടെ തീ പിടിത്തത്തിന് ശമനം ഉണ്ടായെങ്കിലും മരണസംഖ്യ 122 ആയി ഉയര്‍ന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു (Death Toll From Wildfires In Chile Has Risen To 122). നൂറുകണക്കിന് ആളുകളെ കാണാതായെന്നും അധികൃതര്‍ പറഞ്ഞു.

വാൽപാറൈസോ മേഖലയിലെ പട്ടണങ്ങളായ ക്വിൽപെ, വില്ല അലമാന എന്നീ സ്ഥലങ്ങളെയും കാട്ടുതീ ശക്തമായി ബാധിച്ചെന്നും, ഞായറാഴ്‌ച (04-02-2024) ഉണ്ടായ കാട്ടുതീയില്‍പെട്ട് പ്രദേശത്ത് കുറഞ്ഞത് 3,000 വീടുകൾ കത്തിനശിച്ചെന്നും പ്രസിഡന്‍റ് ഗബ്രിയേൽ ബോറിക് പറഞ്ഞു.

തിങ്കളാഴ്‌ച ഉച്ചയോടെ 10 പേർ കൂടി മരിച്ചതായി കണ്ടെത്തി, അങ്ങനെയാണ് മരണസംഖ്യ 122 ആയി ഉയർന്നതെന്ന് ചിലി ഫോറൻസിക് മെഡിക്കൽ സർവീസ് ഡയറക്‌ടർ മാരിസോൾ പ്രാഡോ പറഞ്ഞു. മൃതദേഹങ്ങൾ തിരിച്ചറിയാൻ പ്രയാസമാണെന്നും പ്രാഡോ കൂട്ടിച്ചേര്‍ത്തു. എന്നാൽ ബന്ധുക്കളെ കാണാതായതായി എന്ന് റിപ്പോർട്ട് ചെയ്‌ത ആളുകളിൽ നിന്ന് ഫോറൻസിക് പ്രവർത്തകർ ജനിതക വസ്‌തുക്കളുടെ സാമ്പിളുകൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 300,000 നിവാസികളുള്ള നഗരത്തിൽ നിന്നും 370 പേരെയെങ്കിലും കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിനാ ഡെൽ മാർസ് മേയർ മകരീന റിപമോണ്ടി പറഞ്ഞു. ബീച്ച് റിസോർട്ട് കൂടിയായ വിനാ ഡെൽ മാറിന് കിഴക്ക് ഭാഗത്തുള്ള പർവതങ്ങളിൽ അപകടകരമായി നിർമ്മിച്ച നിരവധി കെട്ടിടങ്ങളും കത്തി നശിച്ചു.

വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും കുറഞ്ഞ ഈർപ്പവും തീ വേഗത്തിൽ പടരാൻ സഹായിച്ചതായി ബോറിക് പറഞ്ഞു. 'തന്‍റെ വീടിന്‍റെ തൊട്ടടുത്ത കുന്നിൽ നിന്ന് തന്‍റെ വീട്ടിലേക്ക് തീ ആളിപ്പടരാൻ ഏകദേശം 15 മിനിറ്റ് എടുത്തതായി' ആൾട്ടോ മിറാഫ്ലോറസിന്‍റെ സമീപപ്രദേശത്ത് താമസിക്കുന്ന പ്രിസില റിവേറോ പറഞ്ഞു. തീ അടുത്ത് വരുന്നത് കണ്ടപ്പോൾ തന്‍റെ കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും അവർ പറഞ്ഞു. തനിക്ക് ആവശ്യമുള്ള സാധനങ്ങളെടുക്കാൻ തിരികെ പോയപ്പോൾ വീട് കത്തിയെരിയുന്നതാണ് കണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഞങ്ങൾ ജീവിതകാലം മുഴുവൻ ജീവിച്ച സ്ഥലമാണിതെന്നും, വീട് കത്തി നശിപ്പിക്കപ്പെടുമ്പോൾ ഞങ്ങളുടെ ഓർമ്മകളും, ഫോട്ടോകളും, എന്‍റെ മാതാപിതാക്കളുടെ വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങളുമെല്ലാം നഷ്‌ടപ്പെടുന്നത് കാണുന്നതിൽ വളരെ സങ്കടമുണ്ട്, പക്ഷേ അവയിൽ ചിലത് ഞങ്ങളുടെ ഹൃദയത്തിൽ നിലനിൽക്കുെന്നും റിവേറോ പറഞ്ഞു.

വിന ഡെൽ മാറിലെയും തലസ്ഥാന നഗരമായ സാന്‍റിയാഗോയിലെയും സ്‌കൂളുകളും മറ്റ് പൊതു കെട്ടിടങ്ങളും നിലവിൽ അഭയാർഥി കേന്ദ്രങ്ങളായി പ്രവർത്തിക്കുകയാണ്. അവിടെ ആളുകൾ തീപിടിത്തത്തിന് ഇരയായവർക്കായി വെള്ളം, ഭക്ഷണം, മെഴുകുതിരികൾ എന്നിവ സംഭാവന ചെയ്യുന്നു. വിന ഡെൽ മാറിലും സമീപ പട്ടണങ്ങളായ വില്ല അലമനയിലും ക്വിൽപെയിലും, തീപിടിത്തം ബാധിക്കാത്ത ആളുകളോട് വീട്ടിൽ തന്നെ തുടരാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കാട്ടുതീയിൽ കത്തിനശിച്ച ലോഹങ്ങളും തകർന്ന ഗ്ലാസുകളും മറ്റ് അവശിഷ്‌ടങ്ങളും തിങ്കളാഴ്‌ചയോടെ (05-02-2024) നീക്കം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.

Last Updated :Feb 8, 2024, 11:01 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.