ETV Bharat / bharat

ടിക്കറ്റ് എടുക്കും, പക്ഷേ യാത്ര ചെയ്യില്ല; ഈ അറ്റകൈ പ്രയോഗം റെയില്‍വേ സ്റ്റേഷന് വേണ്ടിയാണ്...കേരളത്തിനും മാതൃകയാക്കാം

author img

By ETV Bharat Kerala Team

Published : Feb 12, 2024, 12:16 PM IST

Nekkonda railway station  Indian railway after COVID 19  terminated railway stops in Kerala  കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകള്‍  ഒഴിവാക്കിയ ട്രെയിന്‍ സ്റ്റോപ്പുകള്‍
nekkonda-railway-station-train-stop-issue

വരുമാനം കുറഞ്ഞതോടെ ഓര്‍മയായത് നിരവധി ട്രെയിന്‍ സ്റ്റോപ്പുകള്‍. തോറ്റുകൊടുക്കാന്‍ മനസില്ലാതെ തെലങ്കാനയിലെ വാറങ്കല്‍ നിവാസികള്‍.നെക്കൊണ്ട റെയില്‍വേ സ്റ്റേഷൻ നില നിര്‍ത്താനൊരു ചെറുത്തു നില്‍പ്പ്

വാറങ്കല്‍ (തെലങ്കാന) : രാജ്യത്തിന്‍റെ ജീവനാഡി, ഇന്ത്യയിലെ പ്രധാന ഗതാഗത മാര്‍ഗം... ഇന്ത്യന്‍ റെയില്‍വേയ്‌ക്ക് വിശേഷണങ്ങള്‍ ഏറെയാണ്. എളുപ്പവും സൗകര്യപ്രദവും സുരക്ഷിതവും ചെലവുകുറഞ്ഞതുമായ ഗതാഗത മാര്‍ഗമായതിനാല്‍ പ്രിതിദിനം ദശലക്ഷക്കണക്കിന് ആളുകളാണ് യാത്ര ചെയ്യുന്നതിനായി ട്രെയിന്‍ ആശ്രയിക്കുന്നത്.

അടുത്തേക്കോ, വിദൂര സ്ഥലങ്ങളിലേക്കോ എന്നൊന്നും നോക്കാതെ പലരും, ട്രെയിന്‍ തന്നെ യാത്രക്ക് തെരഞ്ഞെടുക്കുന്നതും കാണാം. വെറുമൊരു യാത്ര എന്നതിനപ്പുറം പലര്‍ക്കും അതൊരു അനുഭവമാണ്. മനോഹരമായ കാഴ്‌ചകള്‍ ആസ്വദിച്ച്, പുതിയ ആളുകളെ പരിചയപ്പെട്ട്, വൈവിധ്യമായ രുചികള്‍ ആസ്വദിച്ച് മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ ട്രെയിനില്‍ ചെലവഴിക്കാന്‍ ഇഷ്‌ടപ്പെടുന്നവര്‍ ഏറെയാണ്. സന്തോഷമോ, ദുഖമോ എന്തുമാകട്ടെ, അതുംപേറിയുള്ള തീവണ്ടിയാത്രകള്‍ ആഗ്രഹിക്കുന്നവരാകും ചിലരൊക്കെയും.

ഗൃഹാതുരമാണ് പലര്‍ക്കും ട്രെയിൻ യാത്ര. പക്ഷേ ട്രെയിനില്‍ ഒരു ടിക്കറ്റ് കിട്ടാൻ, സ്വന്തം നാട്ടിലെ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാൻ... ഇങ്ങനെ ട്രെയിൻ യാത്രയ്ക്ക് വേണ്ടി അനുഭവിച്ച യാതനകളും നിരവധിയാണ്. അടുത്ത സ്റ്റേഷനില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ ദീര്‍ഘ ദൂരം യാത്രചെയ്‌തെത്തി മറ്റൊരു സ്റ്റേഷനില്‍ ട്രെയിന്‍ പിടിച്ചവര്‍. ചിലര്‍, തങ്ങളുടെ സ്റ്റേഷനില്‍ ട്രെയിന്‍ മിനിറ്റുകള്‍ മാത്രം നിര്‍ത്തുന്നതിനാല്‍, കയറാന്‍ സാധിച്ചില്ലെങ്കിലോ എന്ന സംശത്തില്‍ പ്രധാന സ്റ്റേഷനിലെത്തി വണ്ടി പിടിച്ചവരാകും. ചുരുക്കി പറഞ്ഞാല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നവരില്‍ ഏറെ പേരും ഒരു യുദ്ധം തന്നെ കഴിഞ്ഞാകും തങ്ങളുടെ സീറ്റുകളില്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ടാകുക.

കേരളത്തിലും ട്രെയിന്‍ യാത്ര പലപ്പോഴും ദുരിതയാത്രയാണ്. പ്രധാന സര്‍വീസുകള്‍ക്കൊന്നും പലയിടങ്ങളിലും സ്റ്റോപ്പില്ല. ഉണ്ടായിരുന്ന പല സ്റ്റോപ്പുകളും വരുമാനം കുറഞ്ഞതിന്‍റെ പേരില്‍ ഒഴിവാക്കുകയും ചെയ്‌തു. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തുന്ന കേരള സൂപ്പര്‍ഫാസ്റ്റ് എക്‌സ്‌പ്രസിന് വര്‍ക്കല ശിവഗിരി, മാവേലിക്കര, ചങ്ങനാശേരി, വൈക്കം റോഡ്, ഒറ്റപ്പാലം എന്നീ സ്റ്റേഷനുകളാണ് നഷ്‌ടമായത്. നേത്രാവതി എക്‌പ്രസാകട്ടെ വര്‍ക്കല ശിവഗിരി, കരുനാഗപ്പള്ളി, ഹരിപ്പാട്, ചേര്‍ത്തല എന്നീ സ്റ്റോപ്പുകളില്‍ നിര്‍ത്താതെയായി. ജയന്തി ജനത, ശബരി എക്‌സ്‌പ്രസ്, ഐലന്‍റ് എക്‌പ്രസ്, പരശുറാം എക്‌പ്രസ് തുടങ്ങി നിരവധി പ്രധാന ട്രെയിനുകള്‍ക്ക് കേരളത്തില്‍ സ്റ്റോപ്പുകള്‍ കുറഞ്ഞു. നിര്‍ത്തലാക്കിയ സ്റ്റോപ്പുകള്‍ക്ക് സമീപമുള്ളവര്‍ ഏറെ ദൂരം യാത്ര ചെയ്‌ത് പ്രധാന സ്റ്റേഷനുകളില്‍ എത്തേണ്ട അവസ്ഥ. വരുമാനം ഇല്ലാത്ത സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കാനാകില്ലെന്ന് റെയില്‍വേയും (terminated railway stops in Kerala).

ടിക്കറ്റ് എടുക്കും, പക്ഷേ യാത്ര ചെയ്യില്ല...: ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുകയാണ് തെലങ്കാന വാറങ്കല്‍ ജില്ലയിലെ നെക്കൊണ്ട റെയില്‍വേ സ്റ്റേഷന്‍ ( Nekkonda railway station train stop issue). പക്ഷേ തങ്ങളുടെ സ്റ്റേഷനെ സ്‌മൃതിയിലേക്ക് തള്ളിവിടാന്‍ നാട്ടുകാര്‍ ഒരുക്കമല്ല. അവര്‍ ചെറുത്തു നില്‍പ്പിന്‍റെ പാതയിലാണ്, തികച്ചും വേറിട്ടൊരു ചെറുത്തുനില്‍പ്പ്. കേരളത്തിനും മാതൃകയാക്കാം വാറങ്കല്‍ നിവാസികളെ.

വാറങ്കല്‍ ജില്ലയിലെ നെക്കൊണ്ട റെയില്‍വേ സ്റ്റേഷന്‍, നഴ്‌സമ്പേട്ട നിയോജക മണ്ഡലത്തിലെ ഏക റെയില്‍വേ സ്റ്റേഷന്‍ കൂടിയാണ്. അതിനാല്‍ തന്നെ നിരവധി യാത്രക്കാര്‍ ഈ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്.

തിരുപ്പതി, ഹൈദരാബാദ്, ഡല്‍ഹി, ഷിര്‍ദി തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകളൊന്നും നെക്കൊണ്ട സ്റ്റേഷനില്‍ നിര്‍ത്താറില്ല. ഇതിനിടെ സ്റ്റേഷന് വരുമാനം കുറഞ്ഞെന്ന് കാണിച്ച് പത്‌മാവതി എക്‌പ്രസിന്‍റെ മടക്കയാത്രയില്‍ നെക്കൊണ്ടയില്‍ ഉണ്ടായിരുന്ന സ്റ്റോപ്പ് റെയില്‍വേ നിര്‍ത്തലാക്കി. അടുത്തിടെ സെക്കന്തരാബാദില്‍ നിന്നും ഗുണ്ടൂരിലേക്കുള്ള ഇന്‍റര്‍സിറ്റി എക്‌സ്‌പ്രസിന്‍റെ നെക്കൊണ്ടയിലെ സ്റ്റോപ്പും ഒഴിവാക്കിയത്. വരുമാനക്കുറവ് തന്നെയായിരുന്നു കാരണം.

ദുരിതത്തിലായ യാത്രക്കാരുടെ തുടര്‍ച്ചയായുള്ള അഭ്യര്‍ഥന പ്രകാരം താത്‌കാലികമായി പ്രസ്‌തുത ട്രെയിനിന് നെക്കൊണ്ടയില്‍ സ്റ്റോപ്പ് അനുവദിച്ചു. എന്നാല്‍ വരുമാനം ലഭിക്കാത്ത പക്ഷം സ്ഥിരമായി സ്റ്റോപ്പ് അനുവദിക്കാന്‍ സാധിക്കില്ലെന്ന് റെയില്‍വേ തീര്‍ത്തു പറഞ്ഞു.

സ്റ്റോപ്പ് എന്നെന്നേക്കുമായി എടുത്തുകളഞ്ഞാല്‍ നാട് യാത്രാക്ലേശം നേരിടുമെന്ന് മനസിലാക്കിയ നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു. 'നെക്കൊണ്ട ടൗണ്‍ റെയില്‍വേ ടിക്കറ്റ് ഫോറം' എന്നൊരു വാട്‌സ്‌ആപ്പ് ഗ്രൂപ്പാരംഭിച്ചു. നാനൂറില്‍ അധികം ആളുകള്‍ അംഗങ്ങളായുള്ള ഗ്രൂപ്പ് 25,000 രൂപ സമാഹരിച്ചു.

ഈ തുക കൊണ്ട് ഖമ്മം, സെക്കന്തരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ട്രെയിന്‍ ടിക്കറ്റുകള്‍ വാങ്ങുകയാണ് നാട്ടുകാര്‍. സ്റ്റേഷന്‍റെ വരുമാനം കാണിക്കുകയാണ് ലക്ഷ്യം. ചിലര്‍ ദിവസവും 60 ടിക്കറ്റുകളാണ് വാങ്ങുന്നത്. എന്നാല്‍ അത് വച്ച് അവര്‍ യാത്ര ചെയ്യുന്നുമില്ല. കഴിഞ്ഞ മൂന്ന് മാസമായി ഇതാണ് നെക്കൊണ്ടയില്‍ നടന്നുകൊണ്ടിരിക്കുന്നത്. തങ്ങളുടെ സ്റ്റേഷനെ രക്ഷിക്കാനുള്ള അവസാന ശ്രമത്തിലാണ് വാറങ്കല്‍ നിവാസികള്‍, വേറിട്ട ചെറുത്തുനില്‍പ്പുമായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.