ETV Bharat / bharat

'ലോകം ഭരിക്കാനുള്ള അവസരം നഷ്‌ടമാക്കരുത്, മൂന്നാം വട്ട വികസിത് ഭാരത് പ്രവര്‍ത്തനങ്ങള്‍ ആദ്യ നൂറുദിനത്തില്‍': പ്രധാനമന്ത്രിയുമായി പ്രത്യേക അഭിമുഖം - PM Modi in Eenadu interview

author img

By ETV Bharat Kerala Team

Published : May 5, 2024, 12:04 PM IST

VIKASITA BHARAT  മൂന്നാം വട്ട വികസിത് ഭാരത്  BIGGEST DEMOCRACY FESTIVAL
PM MODI IN EENADU INTERVIEW(Etv Bharat)

ലോകം ഭരിക്കാനുള്ള അവസരം നഷ്‌ടമാക്കരുത്, മൂന്നാം വട്ട വികസിത് ഭാരത് പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യ നൂറു ദിനത്തില്‍ തന്നെ തുടക്കമിടും; മൂന്നാം വട്ടവും അധികാരത്തിന്‍റെ ചെങ്കോല്‍ തനിക്ക് തന്നെ ആത്മവിശ്വാസം ഈനാടുമായി പങ്കിട്ട് മോദി

ന്യൂഡല്‍ഹി : രാജ്യത്തെ 140 കോടി ജനതയില്‍ വിശ്വാസവും ആത്മവിശ്വാസവും സ്ഥാപിക്കാനായി എന്നതാണ് കഴിഞ്ഞ ഒരു ദശകത്തിനിടയിലെ തന്‍റെ ഏറ്റവും വലിയ നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് സൃഷ്‌ടിച്ച വടുക്കള്‍ ഇല്ലാതാക്കാനാണ് താന്‍ ആദ്യ അഞ്ച് വര്‍ഷം ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകം ഭരിക്കാനുള്ള അവസരം നഷ്‌ടമാക്കരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. സമയം കടന്ന് പോയ്‌ക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പൊതുതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ അദ്ദേഹത്തിന്‍റെ വസതിയില്‍ വച്ച് ഈനാടിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മോദി മനസുതുറന്നത്.

രാഷ്‌ട്രത്തെ സേവിക്കുക എന്നത് വലിയൊരു അനുഗ്രഹമായി കാണുന്നു. 140 കോടി ഇന്ത്യാക്കാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാത്ക്കരിക്കാനായി ദൈവം നേരിട്ട് തനിക്ക് തന്ന ഉത്തരവാദിത്തമേറെയുള്ളൊരു പദവിയാണത്. ഇന്ത്യയെ അതിന്‍റെ ലക്ഷ്യങ്ങളിലെത്തിക്കാന്‍ സഹായിക്കാന്‍ തന്നിലൂടെ ഒരു ദൈവിക ശക്തി പ്രവര്‍ത്തിക്കുന്നതായി പലപ്പോഴും അനുഭപ്പെടാറുണ്ട്. ആ ചിന്ത തന്നെ കൂടുതല്‍ ശ്രദ്ധയോടും ആത്മാര്‍പ്പണത്തോടെയും ജോലി ചെയ്യാന്‍ പ്രചോദിപ്പിക്കുന്നു. സര്‍ക്കാര്‍ നടപടികളിലൂടെ 25 കോടി ജനങ്ങള്‍ പട്ടിണിയില്‍ നിന്ന് മുക്തരായി. സര്‍ക്കാര്‍ പദ്ധതികള്‍ ഗുണഭോക്താക്കളിലേക്ക് നേരിട്ടുള്ള പണമിടപാടുകളിലൂടെ എത്തിക്കുക വഴി 3.5 ലക്ഷം കോടി രൂപയുടെ അഴിമതി തുടച്ച് നീക്കാനായി. ഡിജിറ്റല്‍ ഇടപാടുകളെക്കുറിച്ച് പറയുമ്പോഴൊക്കെ നാം ചിരിച്ച് തള്ളുകയായിരുന്നു പതിവ്. എന്നാലിന്നിപ്പോള്‍ ഇത് എല്ലായിടവും എത്തിയിരിക്കുന്നു.

ഭരണഘടനയിലെ 370-ാം അനുച്ഛേദം എടുത്ത് കളഞ്ഞതിലൂടെ തുടക്കമിട്ട പരിഷ്‌ക്കാരങ്ങള്‍ വനിത സംവരണ ബില്ലിന്‍റെ അംഗീകാരത്തില്‍ വരെയെത്തി. രാജ്യത്തെ നിയമങ്ങള്‍ പാലിച്ച് കൊണ്ട് ശ്രീരാമചന്ദ്രന്‍റെ ഭവനം വീണ്ടെടുക്കാന്‍ നമുക്ക് സാധിച്ചു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യ ശതാബ്‌ദി ആഘോഷത്തിലേക്ക് എത്തുമ്പോഴേക്കും ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കാനുള്ള പരിശ്രമത്തിലാണ്. മൂന്നാം വട്ടം അധികാരത്തിലെത്തുമ്പോള്‍ ആദ്യ നൂറ് ദിനത്തില്‍ തന്നെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മുഖ്യമന്ത്രിയായി ദീര്‍ഘകാലത്തെ പ്രവൃത്തിപരിചയമുള്ള തന്നെപ്പോലെയുള്ള പ്രധാനമന്ത്രിമാര്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. അത് കൊണ്ട് തന്നെ സംസ്ഥാനങ്ങളുടെ ആശങ്കകള്‍ തനിക്ക് മനസിലാക്കാനാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

  • ചോദ്യം: താങ്കള്‍ ഏറെ അരോഗ്യ ദൃഢഗാത്രനായി ഇരിക്കുന്നു. എന്താണ് അങ്ങയുടെ ആരോഗ്യ രഹസ്യം? ഒരു ദിവസം എത്രമണിക്കൂര്‍ ജോലി ചെയ്യും? അവധിയില്ലാതെ ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ താങ്കളെ പ്രചോദിപ്പിക്കുന്നത് എന്താണ്?

ഒരാള്‍ എത്ര മണിക്കൂര്‍ ജോലി ചെയ്യുന്നുവെന്നതിന്‍റെ വിവരങ്ങള്‍ സൂക്ഷിക്കുന്നൊരാള്‍ ഒരു വ്യക്തിയാകില്ല. കുട്ടിക്കാലത്ത് പഠിച്ച ചില ശീലങ്ങള്‍ ഞാന്‍ ഇന്നും പിന്തുടരുന്നു. ഹിമാലയത്തില്‍ വസിച്ച കാലത്ത് നിത്യവും ബ്രഹ്മമൂഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് കുളിക്കും. ഈ ശീലം ഇപ്പോഴും തുടരുന്നു. നിത്യവും യോഗയും ധ്യാനവും ചെയ്യും. മണിക്കൂറുകളോളം എനിക്ക് ഉറങ്ങാനാകില്ല. എന്‍റെ ജീവിതത്തില്‍ ജോലിയും വിശ്രമവും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല. ജോലിയില്‍ ഞാന്‍ വിശ്രമം കണ്ടെത്തുന്നു.

  • ചോദ്യം: താങ്കളുടെ സര്‍ക്കാരിന്‍റെ ഒരു വിലയിരുത്തലായിരിക്കുമോ ഈ തെഞ്ഞെടുപ്പ്?

ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ഉത്സവമാണ് നമ്മളിവിടെ സംഘടിപ്പിക്കുന്നത്. നമ്മുടെ സര്‍ക്കാരിന്‍റെ കഠിനാധ്വാനവും ട്രാക്ക് റെക്കോര്‍ഡും രാജ്യത്തിന്‍റെ ജനങ്ങള്‍ കണ്ടതാണ്. ഒരു പതിറ്റാണ്ടിനിടെ രാജ്യം എങ്ങനെ മാറി എന്നതും അവര്‍ക്കറിയാം. അത് കൊണ്ട് തന്നെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ തിരികെ എത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. രാജ്യത്തെ ഞങ്ങള്‍ മുന്നോട്ട് നയിച്ച് 2047ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലെത്തിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. മറ്റ് സര്‍ക്കാരുകളോട് കാണാത്ത ഒരു പോസിറ്റിവിറ്റി ഞങ്ങളുടെ സര്‍ക്കാരിനോട് പലയിടത്തും കാണാനാകുന്നുണ്ട്. പോയിടത്തെല്ലാം അമ്മമാരും സഹോദരിമാരും ഞങ്ങളെ ആശിര്‍വദിച്ചു. യുവാക്കള്‍ക്ക് രാജ്യത്തിന്‍റെ ഭാവിയില്‍ ഏറെ പ്രതീക്ഷയുണ്ട്. അത് കൊണ്ട് തന്നെയാണ് തെരഞ്ഞെടുപ്പില്‍ കന്നിവോട്ടര്‍മാരുടെ കുത്തൊഴുക്ക് ഉണ്ടായത്. അവരവര്‍ മത്സരിക്കുന്ന വിധത്തിലാണ് മിക്കവരും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായത്. ഞങ്ങള്‍ക്ക് നല്‍കുന്ന ഓരോവോട്ടും വികസിത ഭാരതത്തിനുള്ള വോട്ടാണെന്ന് എല്ലാവര്‍ക്കുമറിയാം. ഞങ്ങള്‍ രാജ്യത്തിന് വേണ്ടി ചെയ്‌തകാര്യങ്ങളും ഇനി ചെയ്യാനുദ്ദേശിക്കുന്നവയും ചൂണ്ടിക്കാട്ടിയാണ് തങ്ങള്‍ വോട്ട് തേടിയത്. അതേസമയം പ്രതിപക്ഷം മോദിക്കെതിരെ പ്രചാരണം നടത്തുന്നു. ഒരുപണിയും ചെയ്യാതെ നാളെയെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതെ അവര്‍ എന്നെ ആക്രമിക്കുന്നതിലേക്ക് മാത്രം അവര്‍ ചുരുങ്ങുന്നു. മോദിയെ അധികാരത്തില്‍ നിന്നിറക്കുക എന്നത് മാത്രമാണ് അവരുടെ മുഖ്യ അജണ്ട.

  • ചോദ്യം: അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള മുന്‍ഗണന വിഷയങ്ങള്‍ എന്തെല്ലാമാണ്?

വികസിത ഭാരതത്തിലേക്ക് എത്താന്‍ വികസനത്തിന് വേഗം കൂട്ടുക എന്നതിനാണ് പ്രഥമ പരിഗണന. മൂന്നാം വട്ടം അധികാരത്തിലേറി ആദ്യ പത്ത് ദിവസത്തില്‍ തന്നെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. പിന്നീട് അടുത്ത അഞ്ച് കൊല്ലത്തേക്കുള്ള പദ്ധതികള്‍ പൂര്‍ണതോതില്‍ നടപ്പാക്കും. 2014ല്‍ അധികാരത്തിലെത്തുമ്പോള്‍ രാജ്യത്തിന് സംഭവിച്ച ക്ഷതങ്ങള്‍ പരിഹരിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രഥമ പരിഗണന. പൂര്‍ണമായും അറ്റകുറ്റപ്പണികള്‍ രാജ്യത്തിന് വേണ്ടിയിരുന്നു. അത് തങ്ങള്‍ ചെയ്‌തു. കെടുകാര്യസ്ഥത ശരിയാക്കുക, യുപിഎ സര്‍ക്കാരില്‍ നിന്ന് ഉണ്ടായ പിഴവുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി തന്നെ ആയിരുന്നു. രണ്ടാംഘട്ടത്തിലാണ് ദീര്‍ഘകാല പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമം തുടങ്ങിയത്.

  • ചോദ്യം: അഞ്ച് ലക്ഷം കോടി അമേരിക്കന്‍ ഡോളര്‍ സമ്പദ്ഘടന എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ താങ്കളുടെ നേതൃത്വത്തില്‍ രാജ്യം എത്രമാത്രം പുരോഗതി കൈവരിച്ചു? ഈ സാമ്പത്തിക പുരോഗതിയുടെ ഫലങ്ങള്‍ ജനങ്ങള്‍ക്ക് എന്ന് മുതല്‍ ലഭ്യമാകും?

വികസനത്തിന്‍റെ ഫലങ്ങള്‍ നമുക്ക് കൊയ്യാനാകുന്നില്ലെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ കാണാതെ പോകുന്ന വലിയ ചിത്രമുണ്ട്. നമുക്ക് ചുറ്റുമുള്ള ലോകരാജ്യങ്ങള്‍ പണപ്പെരുപ്പവും വിലക്കയറ്റവും മൂലം പൊറുതിമുട്ടുമ്പോള്‍ നമ്മുടെ രാജ്യത്തെ കാര്യം വ്യത്യസ്‌തമാണ്. ഇതാണ് നമ്മുടെ രാജ്യത്തെ വികസനത്തിന്‍റെ ശരിയായ സൂചന. ലോകത്തെ മറ്റേത് പ്രധാന സമ്പദ്ഘടനകളെക്കാളും വേഗത്തിലാണ് നമ്മുടെ വളര്‍ച്ച. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ശരാശരി അഞ്ച് ശതമാനത്തില്‍ പിടിച്ച് നിര്‍ത്താനായി. കൊവിഡ്, ആഗോള സംഘര്‍ഷങ്ങള്‍, ലോകമെമ്പാടുമുള്ള വിലക്കയറ്റം എന്നിവയ്ക്കിടയിലാണ് ഈ നേട്ടമെന്നതും എടുത്ത് പറയേണ്ടതുണ്ട്.

  • ചോദ്യം: പത്ത് വര്‍ഷത്തെ ഭരണകാലത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? എന്തൊക്കെയാണ് വലിയ നേട്ടങ്ങള്‍? ചെയ്യണമെന്ന് ആഗ്രഹിച്ചിട്ട് ചെയ്യാന്‍ കഴിയാതെ പോയത് എന്തെല്ലാമാണ്? എന്തെങ്കിലും അപ്രതീക്ഷിതമായ വിജയങ്ങള്‍ ഉണ്ടായോ? ഈ പത്ത് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സംതൃപ്‌തി നല്‍കിയത് എന്താണ്?

140 കോടി ജനങ്ങളുടെ മനസില്‍ വിശ്വസ്‌തതയും ആത്മവിശ്വാസവും നേടാനായി എന്നത് തന്നെയാണ് ഏറ്റവും വലിയ നേട്ടം. നമ്മുടെ രാജ്യത്തിന് ഒരു മാറ്റവും ഇല്ലാതെ മുന്നോട്ട് പോകുകയായിരുന്നു. 2014വരെ ജനങ്ങള്‍ പുരോഗതിയില്ലാതെ നിരാശയിലായിരുന്നു. ഇന്ത്യന്‍ ജീവിത ശൈലിയുടെ ഒഴിവാക്കാനാകാത്ത ഭാഗമാണ് അഴിമതിയെന്ന് അവര്‍ കരുതി. പാവങ്ങളെയും ഇടത്തരക്കാരെയും തങ്ങള്‍ പരിഗണിക്കേണ്ട കാര്യമില്ലെന്നായിരുന്നു ഭരണക്കാരുടെ വിചാരം. തങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ ഇതൊക്കെ ആയിരുന്നു ഇവിടുത്തെ സ്ഥിതിഗതികള്‍. എന്നാല്‍ സര്‍ക്കാര്‍ പ്രവര്‍ത്തനത്തിന്‍റെ സംസ്‌കാരം തങ്ങള്‍ മാറ്റിയെഴുതി. അവരുടെ ബുദ്ധിമുട്ടുകള്‍ക്കും ആഗ്രഹങ്ങള്‍ക്കും സര്‍ക്കാരിന് മനസിലാകുന്നുണ്ടെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. അവയ്ക്ക് ഞങ്ങള്‍ പരിഹാരമുണ്ടാക്കി. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി നാല് കോടി കുടുംങ്ങള്‍ക്ക് തലചായ്ക്കിനിടമുണ്ടായി. വനിതകളുടെ അന്തസ് കാക്കാനായി ശുചിമുറികള്‍ നിര്‍മ്മിച്ച് നല്‍കി. എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളമെത്തിക്കാനായി. പാചകവാതക വിതരണത്തിലൂടെ 11 കോടി സ്‌ത്രീകള്‍ക്ക് ആരോഗ്യകരമായ പരിസ്ഥിതിയില്‍ പാചകം ചെയ്യാന്‍ കഴിയുന്നു. ഇവയെല്ലാം ജനങ്ങളുടെ ജീവിതനിലവാരത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. സര്‍ക്കാര്‍ പദ്ധതികളിലൂടെ 25 കോടി ജനങ്ങള്‍ക്ക് ദാരിദ്ര്യത്തില്‍ നിന്ന് കരകയറി.

ഡിജിറ്റല്‍ ഇടപാടുകളെക്കുറിച്ച് പറയുമ്പോള്‍ മുന്‍ ധനകാര്യമന്ത്രിയടക്കം തന്നെ പരിഹസിച്ചു. കാശില്ലാതെ തെരുവ് കച്ചവടക്കാര്‍ എങ്ങനെ അവരുടെ സാധനങ്ങള്‍ വിറ്റഴിക്കുമെന്നായിരുന്നു പ്രധാന ചോദ്യം. അവര്‍ക്ക് ഇന്‍റര്‍നെറ്റുണ്ടാകുമോയെന്നും ചോദിച്ചു. ഇപ്പോള്‍ നമുക്ക് എവിടെ പോയാലും ക്യൂ ആര്‍ കോഡുകള്‍ കാണാനാകുന്നു. നമ്മുടെ ഡിജിറ്റല്‍ പേമെന്‍റ് ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നു. എങ്കിലും താന്‍ ഇതെല്ലാം കൊണ്ട് സംതൃപ്‌തനല്ല. ഇനിയും നമ്മുടെ രാജ്യത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ചെയ്യേണ്ടതുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.