ETV Bharat / technology

പൊഖ്‌റാനിൽ ‘ബുദ്ധൻ ചിരിച്ചിട്ട്’ 50 വര്‍ഷം: ലോകരാജ്യങ്ങളെ ഞെട്ടിച്ച ഇന്ത്യയുടെ 'ആണവ പെരുമ' - Pokhran1 Test

author img

By ETV Bharat Kerala Team

Published : May 18, 2024, 5:03 PM IST

യുഎസ് അടക്കമുള്ള ലോകരാജ്യങ്ങളുടെ കണ്ണുവെട്ടിച്ച് ഇന്ത്യ നടത്തിയ ആണവ പരീക്ഷണത്തിന് ഇന്ന് 50 വയസ്. ആണവായുധം വികസിപ്പിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത് യുദ്ധക്കൊതിയരായ രാജ്യങ്ങള്‍. ആണവായുധത്തിന്‍റെ നിര്‍മാണവും പ്രയോഗവും അറിയേണ്ടതെല്ലാം.

POKHRAN1 TEST IN RAJASTHAN  FIFTY YEARS OF POKHRAN1 TEST  ബുദ്ധൻ ചിരിച്ചിട്ട് 50 വര്‍ഷം  പൊഖ്‌റാനിലെ ആണവ പരീക്ഷണം
Pokhran1 Test (Source: Etv Bharat Network)

പൊഖ്‌റാൻ : ജയ്‌സാൽമീരിലെ പൊഖ്‌റാനിൽ ‘ബുദ്ധൻ ചിരിച്ചിട്ട്’ ഇന്നേക്ക് 50 വർഷം. ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന്‍റെ 50-ാം വാർഷികമാണിന്ന്. 1974 മെയ് 18ന് രാവിലെ 8.05നായിരുന്നു പരീക്ഷണം.

ആ വർഷത്തെ ബുദ്ധ പൂർണിമയിൽ പരീക്ഷണം നടത്തിയതിനാലാണ് പരീക്ഷണത്തെ ‘ബുദ്ധൻ ചിരിക്കുന്നു’ എന്ന് നാമകരണം ചെയ്‌തത്. ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ വലിയ ആണവ ശക്തിയാണെന്ന് തെളിയിക്കപ്പെട്ട ദിനമാണിത്. ലോകത്തെ സമാധാനപരമായി ആണവ പരീക്ഷണം നടന്ന ദിനം കൂടിയാണിത്.

ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷ സമിതിയില്‍ സ്ഥിരം അംഗമല്ലാത്ത രാജ്യമാണ് ഇന്ത്യ. എന്നിട്ടും ഇത്തരമൊരു പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. പൊഖ്റാനിലെ മരുഭൂമിയില്‍ മാത്രമല്ല ലോകമെമ്പാടും ഈ ഭൂകമ്പത്തിന്‍റെ പ്രകമ്പനം അലയടിച്ചു. ഇന്ത്യയെന്ന രാജ്യത്തിന്‍റെ ഒരു പരിവര്‍ത്തനഘട്ടമായി ഈ ദിനം അടയാളപ്പെടുത്തുകയുമുണ്ടായി.

8 മുതല്‍ 12 കിലോ ടണ്‍ ആയിരുന്നു ബോംബിന്‍റെ പ്രഹരശേഷി. അമേരിക്ക, മറ്റ് രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവര്‍ ഇത് കണ്ടെത്താതിരിക്കാനുള്ള നടപടികളും ഇന്ത്യ സ്വീകരിച്ചിരുന്നു. 1968ൽ ന്യൂക്ലിയർ നോൺ-പ്രൊലിഫറേഷൻ ഉടമ്പടിക്ക് ശേഷം 6 വര്‍ഷങ്ങള്‍ക്കപ്പുറമായിരുന്നു ഇന്ത്യയുടെ പരീക്ഷണം.

യുദ്ധ കൊതിയന്മാരായ അയല്‍ രാജ്യങ്ങള്‍ക്ക് ശക്തമായ സന്ദേശം നല്‍കാനും ഈ ദിനത്തിന് കഴിഞ്ഞു. രാജ്യം അമേരിക്ക, സോവിയറ്റ് യൂണിയൻ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മുന്നില്‍ തലയുയര്‍ത്തി പിടിച്ചു. യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരമല്ലാത്ത രാജ്യം നടത്തിയ പരീക്ഷണത്തില്‍ ഏതാനും ചില ശക്തികള്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച ഇന്ത്യ സാങ്കേതിക വിദ്യയിലൂടെ പുതിയ പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമായി മുന്നേറാന്‍ തുടങ്ങി.

ആണവായുധങ്ങള്‍ വികസിപ്പിച്ചത് എന്തിന്? :

  • ഇന്ത്യ ആണവ പരീക്ഷണം നടത്തുന്നതിന് പ്രത്യേക കാരണങ്ങളുണ്ട്. 1962ൽ ഇന്ത്യയെ ആക്രമിച്ച ചൈന ഏതാനും മേഖലകള്‍ പിടിച്ചെടുത്തു. ഇരുരാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളോളം ഈ യുദ്ധം തുടര്‍ന്നു. അതിനിടെ 1964 ല്‍ ഇന്ത്യയ്‌ക്ക് നേരെ ചൈനയുടെ ആണവായുധം പ്രയോഗിച്ചു. ഇത് ഇന്ത്യയെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ദിനമായിരുന്നു.
  • ചൈനയുടെ പരമ്പരാഗത ആയുധങ്ങളുടെയും യുദ്ധമുറകളുടെയും മുന്നില്‍ പതറാതെ പിടിച്ച് നില്‍ക്കാനാകാത്ത ഇന്ത്യയ്‌ക്ക് ആണവായുധ പ്രയോഗം ഏറെ തിരിച്ചടിയായി. ചൈനയില്‍ നിന്നുണ്ടായ ഈയൊരു സമീപനം ഇന്ത്യയുടെ ഉറക്കം കെടുത്തിയെന്ന് മാത്രമല്ല. ഇന്ത്യയ്‌ക്ക് ഇത്തരമൊരു വിജയം ഉണ്ടാകാന്‍ കാരണമായതും അതുതന്നെയാണ്.
  • ചൈനയ്‌ക്ക് പുറമെ ഇന്ത്യയുടെ മുഖ്യ ശത്രുവായിരുന്നു പാകിസ്ഥാന്‍. 1965 ആവുമ്പോഴേക്കും പാകിസ്ഥാനുമായി ഇന്ത്യ രണ്ട് തവണ യുദ്ധമുണ്ടായി. ശത്രു രാജ്യങ്ങള്‍ക്കെതിരെ തങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്തണമെന്നും ദേശീയ താത്‌പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഇന്ത്യ തീരുമാനിച്ചു. അത്തരമൊരു തീരുമാനവും ഇതിന് കാരണമായിട്ടുണ്ട്.
  • 1971ഡിസംബറില്‍ ഇന്ത്യ-പാക് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കവേ പാകിസ്ഥാനിന് പിന്തുണയായി അമേരിക്കയെത്തി. ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാനൊപ്പം ചേര്‍ന്ന അമേരിക്ക ബംഗാള്‍ ഉള്‍ക്കടലിലേക്ക് വിമാനവാഹിനി കപ്പല്‍ അയച്ചു. ഇതിന് മറുപടിയായി സോവിയറ്റ് യൂണിയൻ ആണവ മിസൈലുകളുള്ള അന്തർവാഹിനി വിന്യസിച്ചു. ഇതോടെ അമേരിക്കൻ യുദ്ധക്കപ്പൽ അവിടെ നിന്നും പിൻവാങ്ങുകയായിരുന്നു. ഈ സംഭവവികാസങ്ങള്‍ക്ക് ശേഷമാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ആണവായുധങ്ങളുടെയും ബാലിസ്റ്റിക് മിസൈലുകളുടെയും ശേഷിയെ കുറിച്ച് ബോധ്യമായത്. ഇത്തരം സാഹചര്യങ്ങളെല്ലാം ഒടുക്കം ഇന്ത്യയെ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഏറ്റവും വലിയ ആണവ ശക്തിയാക്കി മാറ്റുകയായിരുന്നു.

ആണവ പരീക്ഷണത്തിലേക്കുള്ള യാത്ര:

  • 1944ല്‍ ഹോമി ജഹാംഗീര്‍ ഭാഭ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ച് (ടിഐഎഫ്‌ആര്‍) സ്ഥാപിക്കുകയും ഇന്ത്യയുടെ ആണവ പരീക്ഷണങ്ങള്‍ക്ക് അടിത്തറയിടുകയും ചെയ്‌തു. സ്വാതന്ത്ര്യാനന്തരം അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആണവ ഗവേഷണത്തിന് ഔപചാരിക അനുമതി നൽകി. തുടര്‍ന്ന് വളരെ സമാധാനപരമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീങ്ങി.
  • ഭാഭയുടെ നേതൃത്വത്തില്‍ ക്രമേണ ആണവായുധങ്ങളുടെ രൂപകല്‍പനയ്‌ക്കുള്ള നടപടികള്‍ ആരംഭിച്ചു. 1954നും 1959നും ഇടയില്‍ ഗവേഷണം കൂടുതല്‍ ശക്തി പ്രാപിച്ചു.
  • ഭാഭയുടെ മരണശേഷം ഭൗതിക ശാസ്‌ത്രജ്ഞനായ രാജ രാമണ്ണയാണ് ആണവ ഗവേഷണ പരിപാടികള്‍ക്ക് മേൽനോട്ടം വഹിച്ചത്.
  • തുടര്‍ന്ന് പില്‍ക്കാലത്ത് ഭൗതിക ശാസ്‌ത്രജ്ഞനായ വിക്രം സാരാഭായിയെ ആണവ പദ്ധതിയുടെ തലവനായി നിയമിച്ചു. ഇത് വളരെ വേഗതയില്‍ നീങ്ങിയ പ്രവര്‍ത്തങ്ങളെല്ലാം ഒരു മെല്ലെ പോക്കിലേക്ക് നയിച്ചു.
  • തുടര്‍ന്ന് 1966ലാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത്. ഇത് ആണവ പദ്ധതിക്ക് ആക്കം കൂട്ടി. 1972 സെപ്‌റ്റംബര്‍ 7ന് ഇന്ദിരാഗാന്ധി ഭാഭാ ആറ്റോമിക് റിസർച്ച് സെന്‍ററിന് (BARC) ഒരു ആണവ ഉപകരണം വികസിപ്പിക്കാനും പരീക്ഷണത്തിനായി തയാറാകാനും നിര്‍ദേശം നൽകി.

6 വര്‍ഷമെടുത്തുള്ള തയാറാകല്‍ : ആണവ പരീക്ഷണത്തിന് സർക്കാർ പച്ചക്കൊടി കാട്ടിയതോടെ കടുത്ത പ്രയത്നത്തിലായിരുന്നു ഗവേഷകര്‍. രണ്ട് വര്‍ഷത്തോളമാണ് പ്രയത്നം നീണ്ടുപോയത്.

ടെസ്റ്റ് ഇന്‍സ്‌ട്രുമെന്‍റ് : ഗവേഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു ന്യൂക്ലിയര്‍ ഫിഷന്‍ ഉപകരണമാണ് ടെസ്റ്റ് ഇന്‍സ്‌ട്രുമെന്‍റ്. 12 മുതല്‍ 13 ടണ്‍ ആണിതിന്‍റെ തൂക്കം.

ശാസ്‌ത്രജ്ഞര്‍ : പികെ അയ്യങ്കാർ, രാജഗോപാല ചിദംബരം എന്നിവരുൾപ്പെടെ 75 ശാസ്‌ത്രജ്ഞരും എന്‍ജിനിയർമാരും അടങ്ങുന്ന ഒരു സംഘമായിരുന്നു ഗവേഷണങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത്. മുൻ രാഷ്‌ട്രപതി എപിജെ അബ്‌ദുല്‍ കലാമും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പ്രണബ് ദസ്‌തിദാറാണ് അണുബോംബിന്‍റെ ലിവർ രൂപകല്‍പന ചെയ്‌തത്. ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം വികസിപ്പിക്കുന്നതിൽ കെമിക്കൽ എന്‍ജിനിയര്‍ ഹോമി സേത്ന മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്.

ഗവേഷണങ്ങള്‍ക്കെല്ലാം ശേഷം രാജ്സ്ഥാനിലെ താര്‍ മരുഭൂമി പരീക്ഷണ ഭൂമിയായി തെരഞ്ഞെടുത്തു. 1974 മെയ് 18 ന് രാവിലെ 8.05 ന് ആണവ പരീക്ഷണം നടന്നു. പ്രണബ് ദസ്‌തിദാര്‍ ലിവർ അമർത്തിയതോടെ സ്‌ഫോടനം നടന്നു.

ലോക രാജ്യങ്ങളുടെ പ്രതികരണം : ആറ് വര്‍ഷങ്ങള്‍ നീണ്ട ഇന്ത്യയുടെ പരിശ്രമം വിജയകരമായത് മറ്റ് ലോക രാജ്യങ്ങള്‍ക്ക് അത്ര രസിച്ചിരുന്നില്ല. മിക്ക രാജ്യങ്ങളും ഇതിനെ അപലിച്ചെന്ന് മാത്രമല്ല കാനഡ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഇന്ത്യയ്‌ക്ക് ഉപരോധം ഏര്‍പ്പെടുത്തി. ഇന്ത്യയ്‌ക്ക് നല്‍കുന്ന സഹായം അമേരിക്ക നിര്‍ത്തിവച്ചു.

ഇന്ത്യയുടെ ആണവ പരീക്ഷണങ്ങള്‍ക്ക് മറുപടിയായി ന്യൂക്ലിയര്‍ സപ്ലയേഴ്‌സ് ഗ്രൂപ്പും രൂപീകരിച്ചു. ആണവവുമായി ബന്ധപ്പെട്ട വസ്‌തുക്കളുടെയും യന്ത്ര സാമഗ്രികളുടെയും കയറ്റുമതി നിയന്ത്രിക്കുക എന്നതായിരുന്നു ഇതിന്‍റെ ലക്ഷ്യം.

എന്തുകൊണ്ട് പരീക്ഷണം പൊഖ്‌റാനിൽ? : ആണവ പരീക്ഷണം പൂർത്തിയാകുന്നതുവരെ ഈ പദ്ധതി രഹസ്യമായി സൂക്ഷിക്കാൻ ഇന്ദിരാഗാന്ധി സർക്കാർ തീരുമാനിച്ചു. പരീക്ഷണത്തിനുള്ള തയാറെടുപ്പുകൾ തിരിച്ചറിയാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചു. ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളും അനുകൂല കാലാവസ്ഥയുമാണ് പരീക്ഷണം പൊഖ്‌റാനില്‍ നടത്താന്‍ കാരണമായത്.

അതുകൊണ്ട് തന്നെയാണ് പരീക്ഷണത്തിന് മെയ്‌ മാസം തെരഞ്ഞെടുത്തത്. മെയ്‌ മാസത്തില്‍ താര്‍ മരുഭൂമിയിലുണ്ടാകുന്ന ശക്തമായ മണല്‍ കാറ്റ് യുഎസ് നിരീക്ഷണ ഉപഗ്രഹങ്ങളുടെ കാഴ്‌ച തടസപ്പെടുത്തും. മേഖലയിലെ പകല്‍ സമയത്തെ താപനില 50 ഡിഗ്രി സെൽഷ്യസിൽ കൂടുതലായിരിക്കും.

അതിനാൽ ഇൻഫ്രാറെഡ് സെൻസറുകൾക്ക് പോലും ആണവ പരീക്ഷണത്തിനുള്ള തയാറെടുപ്പുകൾ കണ്ടെത്താൻ കഴിയില്ല. ഇത്തരം കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് പൊഖ്‌റാനിനെ സ്‌പോട്ടായി തെരഞ്ഞെടുത്തത്. ആദ്യ പരീക്ഷണത്തിന് പിന്നാലെ 1998ൽ ഇതേ മേഖലയിൽ ഇന്ത്യ അഞ്ച് ആണവ പരീക്ഷണങ്ങൾ കൂടി നടത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.