ETV Bharat / sukhibhava

ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്ക?

author img

By

Published : May 21, 2022, 11:51 AM IST

Health insurance without sub-limits  Health insurance  benefits of having a health insurance  health insurance pros and cons  ആരോഗ്യ ഇന്‍ഷൂറന്‍സിന്‍റെ ആവശ്യകത  ആരോഗ്യ ഇന്‍ഷൂറന്‍സ് സബ്‌ലിമിറ്റുകള്‍  ആരോഗ്യ ഇന്‍ഷൂറന്‍സ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്ക?

ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ സബ്‌ലിമിറ്റുകള്‍ എന്തൊക്കെയാണ് എന്ന് കൃത്യമായി മനസിലാക്കേണ്ടത് പ്രധാനമാണ്.

ചികിത്സ ചെലുവുകള്‍ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുക എന്നുള്ളത് അത്യന്താപേക്ഷിതമായിരിക്കുകയാണ്. പല കുടുംബങ്ങളുടെയും സാമ്പത്തിക സ്ഥിതി അവതാളത്തിലാക്കുന്നത് അപ്രതീക്ഷിതമായി വരുന്ന ചികിത്സ ചെലവുകളാണ്. ഈ സാഹചര്യം ഒഴിവാക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിലൂടെ സാധിക്കും.

ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് അതിലെ സബ്‌ലിമിറ്റുകള്‍ എന്തൊക്കെയാണെന്ന കാര്യം. ഒരോ രോഗങ്ങളുടെ ചികിത്സയ്‌ക്ക് ഇത്ര തുക എന്നുള്ള പരിധിയൊക്കെ സബ്‌ലിമിറ്റിലൂടെയാണ് വിശദമാക്കപ്പെടുന്നത്. ആശുപത്രി ചികിത്സയുടെ എല്ലാ ചെലവുകളും വഹിക്കപ്പെടുന്ന പോളിസി തെരഞ്ഞെടുക്കുന്നതാണ് ഉചിതം.

ഉയര്‍ന്ന പ്രീമിയം ഒഴിവാക്കാന്‍ പലരും സബ്‌ലിമിറ്റുകളുള്ള പോളിസി തെരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ഇതിന്‍റെ പ്രശ്‌നം ചികിത്സ ചെലവുകള്‍ക്ക് ഒരു പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. അതിനപ്പുറം പോകുകയാണെങ്കില്‍ നിങ്ങള്‍ സ്വന്തം കീശയില്‍ നിന്ന് കൊടുക്കേണ്ടിവരും.

നിശ്ചയിക്കപ്പെട്ട ഇന്‍ഷൂറന്‍സ് പരിധി കൃത്യമായി മനസിലാക്കുക: ഉദാഹരണത്തിന് അഞ്ച് ലക്ഷം രൂപയുടെ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് നിങ്ങള്‍ക്കുണ്ട്. എന്നാല്‍ അതിലെ സബ്‌ലിമിറ്റ് ഏത് രോഗത്തിന്‍റെയും ചികിത്സയ്‌ക്ക് 30,000 ആണെങ്കില്‍ നിങ്ങള്‍ക്ക് പിടിപെട്ട ഏതെങ്കിലും ഒരു രോഗത്തിന്‍റെ ചികിത്സയ്‌ക്ക് മുപ്പതിനായിരത്തില്‍ കൂടുതല്‍ ചെലവ് വരികയാണെങ്കില്‍, ഈ പരിധിക്ക് അപ്പുറത്തേക്ക് പോകുന്ന തുക നിങ്ങള്‍ സ്വന്തം നിലയില്‍ വഹിക്കേണ്ടിവരും. സബ്‌ലിമിറ്റുള്ള പോളിസികളില്‍ രോഗം പിടിവന്നാലുള്ള വ്യത്യസ്‌ത ഘട്ടങ്ങള്‍ക്ക് ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുകയ്‌ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടാവും.

ഉദാഹരണത്തിന് ആംബുലന്‍സ് യാത്രയ്‌ക്കുള്ള ചെലവ് നിങ്ങള്‍ക്ക് ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുകയുടെ ഇത്ര ശതമാനം, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന് മുമ്പുള്ള പരിചരണത്തിന് ഇത്ര തുക, ആശുപത്രി ഡിസ്‌ചാര്‍ജിന് ശേഷമുള്ള പരിചരണത്തിന് ഇത്ര തുക എന്നിങ്ങനെ നിശ്ചയിക്കപ്പെടും.

സബ്‌ലിമിറ്റുകള്‍ കുറഞ്ഞ പോളിസികള്‍ തെരഞ്ഞെടുക്കുക: തിമിരം, സൈനസസ്, പ്രസവചികിത്സ, പൈല്‍സ് എന്നിവയ്‌ക്കാണ് സാധാരണയായി ഇന്‍ഷുറന്‍സ് കമ്പനികള്‍ തുകയ്‌ക്ക് പരിധി നിശ്ചയിക്കാറ്. ഇത്തരത്തിലുള്ള സബ്‌ലിമിറ്റുകള്‍ ഒരോ ഇന്‍ഷുറസ് കമ്പനിക്കും വ്യത്യസ്‌തമായിരിക്കും. ചികിത്സയുമായി ബന്ധപ്പെട്ടുള്ള റൂംവാടക, ഐസിയു , എന്നിവയ്‌ക്കും ഇന്‍ഷുറന്‍സ് കമ്പനി പരിധി നിശ്ചയിക്കാറുണ്ട്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന് മുപ്പത് ദിവസം മുമ്പുള്ള പരിചണത്തിനും ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാര്‍ജ് ആയതിന് ശേഷം 90 ദിവസത്തെ വീട്ടില്‍ നിന്നുള്ള പരിചരണത്തിനും പല പോളിസികളിലും തുക ലഭിക്കാറുണ്ട്. എന്നാല്‍ ഈ രണ്ട് ഘട്ടത്തിലേയും ദിവസങ്ങളുടെ പരിധി ചില പോളിസികളില്‍ കുറവായിരിക്കും. ഇത് കൃത്യമായി മനസിലാക്കിയിരിക്കണം. ഇന്‍ഷുറൻസ് പ്രീമിയം കൂടുതലാണെങ്കിലും സബ്‌ലിമിറ്റുകള്‍ ഏറ്റവും കുറവുള്ള പോളിസി തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് വിദഗ്‌ധര്‍ പറയുന്നു. ഭാവിയിലെ ചികിത്സ ചെലവുകള്‍ പരിഗണിക്കുമ്പോള്‍ ഇതായിരിക്കും നല്ലത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.