ETV Bharat / state

മാലിന്യം നീക്കാനുള്ള കരാര്‍ സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാന്‍ തിരുവനന്തപുരം നഗരസഭ ; ഹരിത കര്‍മ്മസേനയെ അവഗണിച്ചെന്ന് ആക്ഷേപം

author img

By

Published : May 16, 2023, 10:21 AM IST

TVM Municipal Corporation  garbage contract to a private company  മാലിന്യം നീക്കാൻ സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചു  നഗരത്തിലെ മാലിന്യം നീക്കാനുള്ള കരാര്‍  ഹരിത കര്‍മ്മ സേന  അജൈവ മാലിന്യ നീക്കത്തിനായി ടെന്‍ഡര്‍  തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം നഗരസഭയില്‍ ഹരിത കര്‍മ്മസേനയുടെ സേവനം നിലനിൽക്കെ മാലിന്യ നീക്കത്തിനുള്ള ചുമതല സ്വകാര്യ കമ്പനിക്ക് നൽകി

തിരുവനന്തപുരം : നഗരത്തിലെ മാലിന്യം നീക്കാനുള്ള കരാര്‍ സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നു. ഹരിത കര്‍മ്മസേനയുടെ സേവനം നിലനില്‍ക്കെയാണ് മാലിന്യം നീക്കാനുള്ള ചുമതല സ്വകാര്യ കമ്പനിക്ക് നഗരസഭ നൽകാന്‍ ഒരുങ്ങുന്നത്. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

നിലവില്‍ ഹരിതകര്‍മ്മ സേനയാണ് വിവിധ വാര്‍ഡുകളില്‍ മാലിന്യം ശേഖരിക്കുന്നത്. വീടുകളില്‍ നിന്ന് ജൈവ മാലിന്യവും അജൈവ മാലിന്യവും വേര്‍തിരിച്ച് ശേഖരിക്കുന്നതാണ് രീതി. ശേഖരിക്കുന്ന ജൈവ മാലിന്യങ്ങള്‍ പന്നി ഫാമുകള്‍ക്ക് വിതരണം ചെയ്‌ത് ഹരിത കര്‍മ്മ സേന തനത് വരുമാനം കണ്ടെത്തുന്നുമുണ്ട്. ഇതിന് പുറമേയാണ് മാലിന്യം ശേഖരിക്കാനുള്ള കരാര്‍ സ്വകാര്യ ഏജന്‍സിക്ക് നൽകാന്‍ ഇപ്പോള്‍ തീരുമാനമായത്.

കഴിഞ്ഞ ആഴ്‌ചയായിരുന്നു അജൈവ മാലിന്യ നീക്കത്തിനായി ടെന്‍ഡര്‍ ക്ഷണിച്ചത്. മൂന്ന് സ്വകാര്യ കമ്പനികളായിരുന്നു ടെന്‍ഡറില്‍ പങ്കെടുത്തത്. ഇതില്‍ രണ്ടെണ്ണത്തെ, മാലിന്യം സംസ്‌കരിക്കാനുള്ള സൗകര്യമില്ലാത്തതിനാലും എത്ര ടണ്‍ മാലിന്യം ശേഖരിക്കുമെന്ന് വ്യക്തത നൽകാത്തതിനെ തുടര്‍ന്നും ഒഴിവാക്കുകയായിരുന്നു. സണ്‍ ഏജ് എക്കോ സിസ്റ്റം എന്ന കമ്പനിക്കാണ് നിലവില്‍ ടെന്‍ഡര്‍ നൽകിയിരിക്കുന്നത്. കമ്പനിക്ക് 10 ടണ്‍ അജൈവ മാലിന്യവും 30 ടണ്‍ ജൈവ മാലിന്യവും ശേഖരിക്കാനാകുമെന്നാണ് ആരോഗ്യ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ വിശദീകരണം.

സ്വകാര്യ കമ്പനിക്ക് മാലിന്യ നീക്കത്തിനുള്ള കരാര്‍ നൽകാനുള്ള അനുമതി തേടി ആരോഗ്യ കാര്യ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് കൗണ്‍സിലില്‍ അനുമതി തേടിയത്. പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ത്തിയത്. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് പകരം സ്വകാര്യ കമ്പനിക്ക് കരാര്‍ നൽകുന്നതിലൂടെ അതിനെ നഗരസഭ അവഗണിക്കുകയാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് പത്മകുമാര്‍ പറഞ്ഞു. ഹരിത കര്‍മ്മ സേനയെ അവഹേളിക്കുന്ന തരത്തിലുള്ള അജണ്ട പിന്‍വലിക്കണമെന്ന് ബിജെപി കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടു.

Also Read: ജോസ് കെ മാണിയെ സ്വാ​ഗതം ചെയ്‌ത നടപടി : യുഡിഎഫിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് മോൻസ് ജോസഫ് എംഎൽഎ

നഗരത്തില്‍ ലഹരി മാഫിയ പിടിമുറുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കൗണ്‍സിലില്‍ ഉയര്‍ന്നു. ലഹരി മാഫിയക്കെതിരെ വാര്‍ഡ് തലത്തില്‍ റസിഡന്‍റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ ജാഗ്രതാസദസുകള്‍ രൂപീകരിക്കണമെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യംഉന്നയിച്ചപ്പോള്‍ നിലവിലുള്ള ജാഗ്രതാസദസുകളെ പിന്നെ എന്ത് ചെയ്യണമെന്ന് ചോദിച്ച് എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ പരിഹസിച്ചു. തുടര്‍ന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാരും ബി ജെ പി കൗണ്‍സിലര്‍മാരും തമ്മില്‍ വലിയ രീതിയിലുള്ള വാക്‌പോരാണ് ഉടലെടുത്തത്.

Also Read: ലുലു ഫാഷൻ വീക്കിന്‍റെ ഗ്രാൻഡ്‌ഫിനാലെ തിരുവനന്തപുരത്ത്

15 മിനിറ്റോളം നീണ്ടുനിന്ന ബഹളത്തിന് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്, ലഹരി നാടിന് വിപത്ത് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് പര്യവസാനം നൽകി. വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ നടന്നുവെങ്കിലും നിലവിലുള്ള ജാഗ്രതാസദസ്സുകളെ ശക്തിപ്പെടുത്തുക എന്നതിനപ്പുറം മറ്റ് തീരുമാനങ്ങളൊന്നും കൗണ്‍സില്‍ കൈക്കൊണ്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.