ETV Bharat / state

കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനം: കേരളത്തില്‍ എന്‍ഐഎ റെയ്‌ഡ്

author img

By

Published : Feb 15, 2023, 9:39 AM IST

Updated : Feb 15, 2023, 10:16 AM IST

NIA raid in Kerala on Coimbatore car blast  NIA raid in Kerala  Coimbatore car blast  NIA raid in three states  കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനം  കേരളത്തില്‍ എന്‍ഐഎ റെയ്‌ഡ്  മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്‌ഡ്  എന്‍ഐഎ റെയ്‌ഡ്  ജമേഷ മുബീന്‍  എൻഐഎ  NIA
കേരളത്തില്‍ എന്‍ഐഎ റെയ്‌ഡ്

കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടന കേസില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്‍റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്‌ഡ് നടത്തിയത്

തിരുവനന്തപുരം: കോയമ്പത്തൂർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ എന്‍ഐഎ റെയ്‌ഡ്. തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചവരുടെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് എന്‍ഐഎ റെയ്‌ഡ്. കേരളം, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് പുലർച്ചെ മുതൽ എൻഐഎ റെയ്‌ഡ് നടത്തിയത്. ആകെ 60 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ് നടത്തുന്നതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു.

ജമേഷ മുബീന്‍റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്. കോയമ്പത്തൂർ ഉക്കടത്ത് ഒക്‌ടോബര്‍ 23നാണ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ജമേഷ മുബീൻ കൊല്ലപ്പെട്ടിരുന്നു. ജമേഷ മുബീന്‍ സ്‌ഫോടനം നടത്തിയതാണ് എന്നതിന് കൃത്യമായ തെളിവുകൾ കിട്ടിയതായി എൻഐഎ നേരത്തെ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടിൽ ചെന്നൈ, കോയമ്പത്തൂർ, മയിലാടുതുറൈ, തിരുനെൽവേലി, തെങ്കാശി തുടങ്ങി പല ജില്ലകളിലും റെയ്‌ഡ് തുടരുകയാണ്.

സ്‌ഫോടനത്തില്‍ ചാവേറായി ജമേഷ മുബീന്‍: ഉക്കടം കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപമാണ് കേസിനാസ്‌പദമായ സ്‌ഫോടനം നടന്നത്. കാറില്‍ കൊണ്ടു പോകുകയായിരുന്ന ഗ്യാസ് സിലിണ്ട‍റുകളില്‍ ഒരെണ്ണം പൊട്ടിത്തെറിക്കുകയായിരുന്നു. അപകടമാണെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. എന്നാല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്‍റെ വീട്ടില്‍ നിന്ന് പൊട്ടാസ്യം നൈട്രേറ്റ്, അലൂമിനിയം, സള്‍ഫര്‍ തുടങ്ങിയ സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്തി.

75 കിലോഗ്രാം സ്‌ഫോടക വസ്‌തുക്കളാണ് അന്ന് ജമേഷ മുബീന്‍റെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. തുടര്‍ന്ന് ജമേഷ മുബീന്‍റെ കൂട്ടാളികളെ യുഎപിഎ നിയമ പ്രകാരം അറസ്റ്റു ചെയ്യുകയായിരുന്നു. 2019 ല്‍ തീവ്രവാദ ബന്ധത്തിന്‍റെ പേരില്‍ ജമേഷ മുബീനെ എന്‍ഐഎ ചോദ്യം ചെയ്‌തിരുന്നു.

ഉക്കടം പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആദ്യം ആരംഭിച്ചത്. ഇതിനിടെ സ്‌ഫോടനം സര്‍ക്കാര്‍ നിസാരമായി കാണുന്നു എന്നാരോപിച്ച് ബിജെപിയും എഐഎഡിഎംകെയും വിമര്‍ശനം ഉന്നയിച്ചു. ബന്ദ് അടക്കമുള്ള പ്രതിഷേധ സമരത്തിലേക്ക് ബിജെപി കടന്നു. തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേസില്‍ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു.

കേരളത്തില്‍ എത്തിയത് തീവ്രവാദികളെ സന്ദര്‍ശിക്കാന്‍: പിന്നാലെ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ച എസ്‌പി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള എന്‍ഐഎ സംഘം സംഭവ സ്ഥലത്തെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. കൊല്ലപ്പെട്ട ജമേഷ മുബീന്‍റെ വീട്ടിലും എന്‍ഐഎ സംഘം പരിശോധന നടത്തി. കേസില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. ഇതിനിടെ അറസ്റ്റിലായ ഫിറോസ് ഇസ്‌മായില്‍, ഐഎസ് ഗ്രൂപ്പുമായി ബന്ധമുള്ള രണ്ടു പേരെ കേരളത്തില്‍ എത്തി സന്ദര്‍ശിച്ചതായി മൊഴി നല്‍കി. ശ്രീലങ്കയില്‍ 2019ലെ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ട മുഹമ്മദ് അസ്‌ഹറുദ്ദീന്‍, റാഷിദ് അലി എന്നിവരെയാണ് കേരളത്തിലെ ജയിലില്‍ എത്തി സന്ദര്‍ശിച്ചത് എന്നായിരുന്നു ഇസ്‌മായിലിന്‍റെ മൊഴി.

കോയമ്പത്തൂരിലെ സ്‌ഫോടനം രണ്ട് വര്‍ഷം മുമ്പ് പദ്ധതിയിട്ടതാണെന്ന് അറസ്റ്റിലായ ജമേഷ മുബീന്‍റെ ബന്ധു അബ്‌സര്‍ ഖാന്‍ മൊഴി നല്‍കിയിരുന്നു. ബോംബുണ്ടാക്കാനുള്ള വസ്‌തുക്കള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയതായും യൂട്യൂബ് വീഡിയോകളില്‍ നിന്ന് ബോംബുണ്ടാക്കുന്ന രീതി കണ്ടു പഠിച്ചു എന്നുമായിരുന്നു അബ്‌സര്‍ ഖാന്‍ പറഞ്ഞത്. കേസില്‍ മുഹമ്മദ് അസ്ഹറുദ്ദീൻ, അബ്‌സർ ഖാൻ, മുഹമ്മദ് തൽഹ, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്‌മായിൽ, മുഹമ്മദ് നവാസ്, ഇറത്തുള്ള, സനോബർ അലി, മുഹമ്മദ് തൗഫീഖ്, ഉമർ ഫാറൂഖ്, ഫിറോസ് ഖാൻ എന്നിവരടക്കം 11 പേരെയാണ് അറസ്റ്റ് ചെയ്‌തത്. മംഗളൂരുവിലെ ഓട്ടോറിക്ഷ സ്ഫോടനവുമായി ബന്ധപ്പെട്ടും റെയ്‌ഡുകൾ നടക്കുന്നതായി ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു.

Last Updated :Feb 15, 2023, 10:16 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.