ETV Bharat / state

ലോക കേരളസഭ; മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ (08.06.23) അമേരിക്കയിലേക്ക്

author img

By

Published : Jun 7, 2023, 12:54 PM IST

CM Pinarayi vijayan  Loka Kerala Sabha  US  ലോക കേരളസഭ മേഖല സമ്മേളനം  മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ അമേരിക്കയിലേക്ക്  മുഖ്യമന്ത്രി  ലോക കേരളസഭ മേഖല  ആരോഗ്യ മന്ത്രി വീണ ജോര്‍ജ്  അമേരിക്ക  ക്യൂബ  kerala news updates  latest news in kerala
മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ അമേരിക്കയിലേക്ക്

അമേരിക്കയിലെ ലോക കേരളസഭ മേഖല സമ്മേളനം ജൂണ്‍ 10ന് ആരംഭിക്കും. അമേരിക്കയിലെ സന്ദര്‍ശനത്തിന് ശേഷം ആരോഗ്യ രംഗത്തെ കുറിച്ച് പഠിക്കാനായി സംഘം ക്യൂബയിലേക്ക് തിരിക്കും. ആരോഗ്യ മന്ത്രി വീണ ജോര്‍ജും ക്യൂബയിലെത്തും.

തിരുവനന്തപുരം: ലോക കേരള സഭയുടെ മേഖല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള മന്ത്രിമാര്‍ നാളെ (മെയ്‌ 8) അമേരിക്കയിലേക്ക് പോകും. ജൂണ്‍ 10ന് ടൈം സ്‌ക്വയറിലെ മാരിയറ്റ് മാര്‍ക്ക് ക്വീയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. നാളെ അമേരിക്കയിലേക്ക് തിരിക്കുന്ന സംഘത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി വി.പി ജോയി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, പി.എ വി.എം സുനീഷ് എന്നിവരുമുണ്ടാകും.

നിയമസഭ സ്‌പീക്കര്‍ എ.എന്‍ ഷംസീറും സമ്മേളനത്തില്‍ പങ്കെടുക്കും. സ്‌പീക്കര്‍ക്കൊപ്പം ഭാര്യയും മകനും അമേരിക്കയിലേക്ക് തിരിക്കും. സമ്മേളനത്തില്‍ പങ്കെടുക്കാനായി നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്‌ണനും നോര്‍ക്ക ഉദ്യോഗസ്ഥരും നേരത്തെ തന്നെ അമേരിക്കയില്‍ എത്തിയിട്ടുണ്ട്.

ലോക കേരള സഭയുടെ മേഖല സമ്മേളനം, ലോക ബാങ്കുമായി ചര്‍ച്ച തുടങ്ങിയ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ജൂണ്‍ ഒമ്പതിന് ന്യൂയോര്‍ക്കിലെ 9/ 11 മെമ്മോറിയല്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് യുഎന്‍ ആസ്ഥാനത്തും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. ജൂണ്‍ 10ന് നടക്കുന്ന ലോക കേരള സഭയുടെ മേഖല സമ്മേളനത്തില്‍ എഎന്‍ ഷംസീര്‍ അധ്യക്ഷത വഹിക്കും.

ജൂണ്‍ 11ന് മാരിയറ്റ് മാര്‍ക്ക് ക്വീയില്‍ ചേരുന്ന ബിസിനസ് ഇന്‍വെസ്റ്റ്‌മെന്‍റ് മീറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അമേരിക്കയിലെ മലയാളി നിക്ഷേപകര്‍, പ്രമുഖ പ്രവാസി മലയാളികള്‍, ഐടി വിദഗ്‌ദര്‍, വിദ്യാര്‍ഥികള്‍, വനിത സംരംഭകര്‍ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും. വൈകിട്ട് ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും.

ജൂണ്‍ 12 ന് വാഷിംഗ്‌ടണ്‍ ഡിസി യില്‍ ലോകബാങ്ക് സൗത്ത് ഏഷ്യ മേഖല വൈസ് പ്രസിഡന്‍റ് മാര്‍ട്ടിന്‍ റെയിസറുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും. ജൂണ്‍ 13ന് മാരിലാന്‍ഡ് വേസ്റ്റ് മാനേജ്‌മെന്‍റ് സംവിധാനങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് സന്ദര്‍ശിച്ച് മനസിലാക്കും.

ജൂണ്‍ 14ന് ന്യൂയോര്‍ക്കില്‍ നിന്നും ക്യൂബയിലേക്ക് തിരിക്കും. ജൂണ്‍ 15 ,16 തീയതികളില്‍ ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ക്യൂബയിലെ ആരോഗ്യ മേഖലയെ കുറിച്ച് പഠിക്കാനാണ് യാത്ര. വിവിധ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും.

ജോസ് മാര്‍ട്ടി ദേശീയ സ്‌മാരകം അടക്കമുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിക്കും. ക്യൂബയിലേക്കുള്ള യാത്രയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

അമേരിക്കയിലേക്കുള്ള യാത്ര ധൂര്‍ത്തെന്ന് പ്രതിപക്ഷം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കാലത്തെ ധൂര്‍ത്താണ് മുഖ്യമന്ത്രിയുടേയും സംഘത്തിന്‍റെയും അമേരിക്കയിലേക്കുള്ള യാത്രയെന്ന് ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പങ്കെടുക്കുന്ന അമേരിക്കയിലെ പരിപാടിയില്‍ ടിക്കറ്റ് വച്ച് ലക്ഷങ്ങള്‍ പിരിക്കുകയാണെന്നും വിവാദം ഉയരുന്നുണ്ട്.

മുഖ്യമന്ത്രിക്കും സംഘത്തിനുമൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്നതിനും വിരുന്നില്‍ പങ്കെടുക്കുന്നതിനും 82 ലക്ഷം രൂപയാണ് ടിക്കറ്റ് നിരക്കെന്നാണ് ആരോപണം. ഇത് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേരുന്നതല്ലെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ടിക്കറ്റ് പിരിവ് സമ്മേളനം സംഘടിപ്പിക്കുന്ന സംഘാടക സമിതിയുടെ തീരുമാനമാണെന്നാണ് സര്‍ക്കാറിന്‍റെ വാദം.

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പിഎയുടേയും യാത്ര ചെലവ് സര്‍ക്കാറാണ് വഹിക്കുന്നത്. മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ യാത്ര ചെലവ് മുഖ്യമന്ത്രി സ്വന്തം വഹിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.