ETV Bharat / sports

'ഇതൊരു ബഹുമതിയായിരുന്നു, സ്വപ്‌നമായിരുന്നു'; ബാഴ്‌സ വിടുന്നത് സ്ഥിരീകരിച്ച് സെർജിയോ ബുസ്‌ക്വെറ്റ്‌സ്

author img

By

Published : May 10, 2023, 7:04 PM IST

Sergio Busquets to leave fc barcelona  Sergio Busquets  fc barcelona  സെർജിയോ ബുസ്‌ക്വെറ്റ്‌സ്  എഫ്‌സി ബാഴ്‌സലോണ  സെർജിയോ ബുസ്‌ക്വെറ്റ്‌സ് ബാഴ്‌സ വിടുന്നു  ലാ ലിഗ  la liga  xavi hernandez  സാവി ഹെര്‍ണാണ്ടസ്
ബാഴ്‌സ വിടുന്നത് സ്ഥിരീകരിച്ച് സെർജിയോ ബുസ്‌ക്വെറ്റ്‌സ്

സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയിലെ തന്‍റെ അവസാന സീസണാണിതെന്ന് അറിയിച്ച് മിഡ്‌ഫീൽഡർ സെർജിയോ ബുസ്‌ക്വെറ്റ്‌സ്.

ബാഴ്‌സലോണ: സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണ വിടുകയാണെന്ന് സ്ഥിരീകരിച്ച് മിഡ്‌ഫീൽഡർ സെർജിയോ ബുസ്‌ക്വെറ്റ്‌സ്. ബാഴ്‌സലോണയുമായുള്ള തന്‍റെ കരാര്‍ അവസാനിക്കുന്ന ജൂണോടെ ക്ലബ് വിടുമെന്നാണ് 34-കാരനായ സെർജിയോ ബുസ്‌ക്വെറ്റ്‌സ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

"ബാഴ്‌സലോണയിലെ എന്‍റെ അവസാന സീസണാണിതെന്ന് പ്രഖ്യാപിക്കാനുള്ള നിമിഷം വന്നിരിക്കുന്നു. ഇതു മറക്കാനാവാത്ത ഒരു യാത്രയാണ്", ബാഴ്‌സയുടെ സുവർണതലമുറയുടെ ഭാഗമായിരുന്നു ബുസ്‌ക്വെറ്റ്‌സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

"ഇതൊരു ബഹുമതിയാണ്, ഒരു സ്വപ്‌നമാണ്, അഭിമാനമാണ്,.. വർഷങ്ങളോളം ഈ ബാഡ്‌ജ്‌ ധരിക്കാനും ബാഴ്‌സയെ പ്രതിനിധീകരിക്കാനും കഴിഞ്ഞത് എന്നെ സംബന്ധിച്ച് എല്ലാമാണ്. എന്നാൽ എല്ലാത്തിനും ഒരു തുടക്കവും അവസാനവുമുണ്ട്. ഇത് എളുപ്പമുള്ള തീരുമാനമായിരുന്നില്ലെങ്കിലും, അതിനുള്ള സമയം വന്നിരിക്കുന്നുവെന്നാണ് ഞാൻ കരുതുന്നത്", ബുസ്കെറ്റ്സ് വ്യക്തമാക്കി.

16-ാം വയസിൽ ബാഴ്‌സയുടെ അക്കാദമിയായ ലാ മാസിയയിലെത്തിയ ബുസ്‌ക്വെറ്റ്‌സ് സെൻട്രൽ മിഡ്‌ഫീൽഡർ റോളിലാണ് കളിച്ചിരുന്നത്. തുടര്‍ന്ന് പെപ് ഗ്വാർഡിയോള ബാഴ്‌സയുടെ ബി ടീം പരിശീലകനായി എത്തിയപ്പോഴാണ് ബുസ്‌ക്വെറ്റ്‌സിന്‍റെ പൊസിഷനിൽ മാറ്റി ഡിഫൻസീവ് മിഡ്‌ഫീൽഡറാക്കിയത്. പിന്നീട് പെപ് ഗ്വാർഡിയോയ്‌ക്ക് കീഴില്‍ 2008-ല്‍ ബാഴ്‌സയ്‌ക്കായി അരങ്ങേറ്റം നടത്തിയത് മുതല്‍ ക്ലബിന്‍റെ പ്രധാന താരമാണ് 34-കാരന്‍.

ഇനിയേസ്റ്റയും സാവിയും ചേരുന്ന കറ്റാലന്മാരുടെ മധ്യനിരയില്‍ ഒഴിച്ചുകൂടാനാകാത്ത താരമായിരുന്നു ബുസ്‌ക്വെറ്റ്‌സ്. 15 വർഷക്കാലയളവില്‍ ബാഴ്‌സയ്‌ക്കായി 719 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. മൂന്ന് ചാമ്പ്യൻസ് ലീഗും എട്ട് ലാ ലിഗ കിരീടങ്ങളും നേടിയിട്ടുണ്ട്.

ലാ ലിഗയുടെ നിലവിലെ സീസണിലും ബുസ്‌ക്വെറ്റ്‌സ് എന്ന നായകന് കീഴില്‍ ഇറങ്ങുന്ന ബാഴ്‌സ കിരീടപ്പോരില്‍ മുന്നില്‍ തന്നെയാണുള്ളത്. 33 മത്സരങ്ങളില്‍ നിന്നും 82 പോയിന്‍റോടെയാണ് ബാഴ്‌സ പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് ഇത്രയും മത്സരങ്ങളില്‍ നിന്നും 69 പോയിന്‍റാണുള്ളത്.

വർഷങ്ങളോളം ടീമിന്‍റെ മധ്യനിരയിൽ ബുസ്‌കെറ്റ്‌സിനൊപ്പം കളിച്ച സാവി ഹെർണാണ്ടസ് നിലവില്‍ ബാഴ്‌സയുടെ പരിശീലകനാണ്. അടുത്ത സീസണിൽ ബുസ്‌ക്വെറ്റ്‌സ് തുടരണമെന്ന് സാവി ആഗ്രഹിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എവിടെയാണ് തന്‍റെ പുതിയ തട്ടകമെന്ന് വെറ്ററന്‍ സെർജിയോ ബുസ്‌ക്വെറ്റ്‌സ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ വെറ്ററന്‍ താരം സൗദി അറേബ്യയിലെ ഒരു ടീമിലേക്ക് മാറുമെന്ന് സ്‌പാനിഷ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബാഴ്‌സലോണ കരാര്‍ അവസാനിക്കുന്നതോടെ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ മേജർ ലീഗ് സോക്കറിലേക്ക് താരം എത്തിയേക്കുമെന്നായിരുന്നു ഇതിന് മുന്നെയുണ്ടായിരുന്ന സംസാരം. ഇന്‍റർ മിയാമിയിലേക്കാവും 34-കാരന്‍ എത്തുകയെന്നായിരുന്നു റിപ്പോര്‍ട്ട്. അതേസമയം ബുസ്‌ക്വെറ്റ്‌സിന്‍റെ പകരക്കാരനെന്ന നിലയില്‍ ബാഴ്‌സ ചില താരങ്ങളെ നോട്ടമിട്ടിട്ടുണ്ടെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

മൊറോക്കൻ മിഡ്‌ഫീല്‍ഡർ സോഫിയാന്‍ അംറബാത്, റയല്‍ ബെറ്റിസ് താരം ഗ്വിഡോ റോഡ്രിഗസ്, റിയൽ സോസിഡാഡ് താരം മാർട്ടിൻ സുബിമെൻഡി എന്നിവരുടെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ഇതില്‍ സോഫിയാന്‍ അംറബാത്താണ് പട്ടികയില്‍ മുന്നിലുള്ളത്. കഴിഞ്ഞ ട്രാന്‍സ്‌ഫർ വിന്‍ഡോയിലൂടെ താരത്തെ സ്വന്തമാക്കാന്‍ ബാഴ്‌സ ശ്രമം നടത്തിയിരുന്നു. താരത്തിനായുള്ള ചര്‍ച്ചകള്‍ നിലവിലും തുടരുന്നതായാണ് റിപ്പോര്‍ട്ട്.

ALSO READ: തരംതാഴ്‌ത്തൽ ഭീഷണിയിൽ നിന്ന് പ്ലേ ഓഫിലേക്ക്; മിഡിൽസ്‌ബ്രോയ്‌ക്കൊപ്പം അത്ഭുതങ്ങൾ തീർത്ത് മൈക്കിൾ കാരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.