ETV Bharat / sports

ഇത് എംബാപെ മാജിക്; പോളണ്ടിനെ നിഷ്‌പ്രഭരാക്കി ഫ്രാൻസ് ക്വാർട്ടറിൽ

author img

By

Published : Dec 4, 2022, 10:57 PM IST

sports  FIFA World Cup 2022  ഫിഫ ലോകകപ്പ് 2022  ഖത്തർ ലോകകപ്പ്  Qatar World Cup  ഫ്രാൻസ് vs പോളണ്ട്  France vs Poland  എംബാപെ  ഗ്രീസ്‌മാൻ  ലെവൻഡോസ്‌കി  ഇത് എംബാപെ മാജിക്  പോളണ്ടിനെ നിഷ്‌പ്രഭരാക്കി ഫ്രാൻസ് ക്വാർട്ടറിൽ  എംബാപെക്ക് ഇരട്ട ഗോൾ
ഇത് എംബാപെ മാജിക്; പോളണ്ടിനെ നിഷ്‌പ്രഭരാക്കി ഫ്രാൻസ് ക്വാർട്ടറിൽ

ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഫ്രാൻസിന്‍റെ വിജയം. ഫ്രാൻസിനായി കിലിയൻ എംബാപെ ഇരട്ട ഗോൾ നേടിയപ്പോൾ ഒലിവർ ജിറൂദ് ഒരു ഗോൾ നേടി. പോളണ്ടിനായി ലെവൻഡോവിസ്‌കി പെനാൽറ്റിയിലൂടെ ആശ്വാസ ഗോൾ നേടി.

ദോഹ: ഖത്തർ ലോകകപ്പിൽ പോളണ്ടിനെ നിഷ്‌പ്രഭരാക്കി ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ച് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ്. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഫ്രാൻസിന്‍റെ വിജയം. ഫ്രാൻസിനായി കിലിയൻ എംബാപെ ഇരട്ട ഗോൾ നേടിയപ്പോൾ ഒലിവർ ജിറൂദ് ഒരു ഗോളും നേടി. പോളണ്ടിനായി ലെവൻഡോവിസ്‌കി മത്സരത്തിന്‍റെ അവസാന നിമിഷത്തിൽ പെനാൽറ്റിയിലൂടെ ആശ്വാസ ഗോൾ നേടി.

അർജന്‍റീനക്കെതിരായ മത്സരത്തിൽ നിന്ന് വിപരീതമായി അമിത പ്രതിരോധം വിട്ട് ഇത്തവണ ആക്രമണത്തിന് കൂടി ഊന്നൽ നൽകിയാണ് പോളണ്ട് കളിച്ചത്. ഇതിലൂടെ ആദ്യ പകുതിയിൽ തന്നെ ഫ്രാൻസിനെ പ്രതിരോധത്തിലാക്കാൻ പോളണ്ടിനായി. ആദ്യ പകുതിയിൽ നിരവധി തവണയാണ് ഫ്രാൻസിന്‍റെ ഗോൾമുഖത്തേക്ക് പോളണ്ട് ഇരച്ചെത്തിയത്. എന്നാൽ ഫ്രാൻസ് പ്രതിരോധം അവയെയെല്ലാം തട്ടിയകറ്റുകയായിരുന്നു.

ആദ്യ ഗോൾ ജീറൂദിന്‍റെ വക, കൂടെ റെക്കോഡും: ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്നേ 44-ാം മിനിട്ടിൽ പോളണ്ടിനെ ഞെട്ടിച്ചുകൊണ്ട് ഫ്രാൻസ് ആദ്യ ഗോൾ നേടി. കിലിയൻ എംബാപെയുടെ അസിസ്റ്റിൽ ഗോൾ കീപ്പറെ കാഴ്‌ചക്കാരനാക്കി ജിറൂദ് പന്ത് വലയിലെത്തിക്കുകയായിരുന്നു. ഇതോടെ ഫ്രാന്‍സിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോഡും ജിറൂദ് സ്വന്തം പേരിൽ കുറിച്ചു. ഫ്രാൻസിനായി 117 മത്സരങ്ങളിൽ നിന്ന് 53 ഗോളുകളാണ് താരം സ്വന്തമാക്കിയത്.

51 ഗോളുകൾ നേടിയ തിയറി ഹെൻറിയുടെ റെക്കോഡാണ് താരം മറികടന്നത്. പട്ടികയില്‍ മൂന്നാമത് 42 ഗോളുകള്‍ നേടിയ ആന്‍റോയിന്‍ ഗ്രീസ്‌മാനാണ്. മിഷേല്‍ പ്ലാറ്റിനി (41 ഗോള്‍), കരീം ബെന്‍സേമ (37 ഗോള്‍) എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്. ജിറൂദിന്‍റെ ഗോൾ നേട്ടത്തോടെ ആദ്യ പകുതി ഒരു ഗോൾ ലീഡുമായി ഫ്രാൻസ് സ്വന്തമാക്കി.

മിന്നലായി എംബാപെ: ഒരു ഗോൾ വീണതോടെ പോളണ്ട് വീണ്ടും പ്രതിരോധത്തിലൂന്നിയുള്ള മത്സരം പുറത്തെടുത്തു തുടങ്ങി. ഇതോടെ ഫ്രാൻസ് തങ്ങളുടെ ആക്രമണം വർധിപ്പിച്ചു. ഇതിന്‍റെ ഫലമായി 74-ാം മിനിട്ടിൽ എംബാപെയിലൂടെ ഫ്രാൻസ് തങ്ങളുടെ രണ്ടാം ഗോളും നേടി. ഉസ്‌മാൻ ഡെംബെലെയുടെ പാസ് കൃത്യമായി കാലുകളിലൊതുക്കിയ എംബാപ്പെ ഗോൾ പോളണ്ട് ഗോൾകീപ്പർ വോയ്‌ചെക് ഷെസ്‌നിക്ക് ഒരവസരം പോലും കൊടുക്കാതെ പന്ത് ഗോൾ പോസ്റ്റിനുള്ളിലെത്തിക്കുകയായിരുന്നു.

രണ്ട് ഗോൾ വീണതോടെ പോളണ്ട് പൂർണമായും തളർന്നു. ഇതോടെ പ്രത്യാക്രമണങ്ങളും പോളണ്ട് മറന്നു. രണ്ട് ഗോളോടെ ഫ്രാൻസ് ഗോൾ വേട്ട അവസാനിപ്പിച്ചു എന്ന് തോന്നിപ്പിച്ചിടത്ത് നിന്ന് ഇഞ്ച്വറി ടൈമിൽ തകർപ്പനൊരു ഷോട്ടിലുടെ എംബാപെ തന്‍റെ രണ്ടാം ഗോളും ഫ്രാൻസിന്‍റെ മൂന്നാം ഗോളും സ്വന്തമാക്കി. മാർക്കസ് തുറമിന്‍റെ അസിസ്റ്റിലൂടെയായിരുന്നു എംബാപെയുടെ ഗോൾ. ഖത്തർ ലോകകപ്പിൽ താരത്തിന്‍റെ അഞ്ചാം ഗോളായിരുന്നു ഇത്.

ആശ്വാസ ഗോൾ: ഇഞ്ച്വറി ടൈമിൽ നേടിയ പെനാൽറ്റിയിലൂടെയാണ് പോളണ്ട് തങ്ങളുടെ ആശ്വാസഗോൾ നേടിയത്. ഫ്രഞ്ച് ബോക്‌സിലേക്കെത്തിയ പോളണ്ടിന്‍റെ മുന്നേറ്റം തടയുന്നതിനിടെ ദയോട്ട് ഉപമെകാനോ പന്ത് കൈകൊണ്ട് തട്ടിയതിനായിരുന്നു പെനാൽറ്റി. ലെവൻഡോവിസ്‌കി എടുത്ത ആദ്യ കിക്ക് ഫ്രഞ്ച് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് തടഞ്ഞെങ്കിലും, കിക്കെടുക്കും മുൻപേ ഫ്രഞ്ച് താരങ്ങൾ ബോക്‌സിൽ പ്രവേശിച്ചതിനാൽ റഫറി വീണ്ടും പെനാൽറ്റി വിധിച്ചു. ഇത്തവണ കിക്കെടുത്ത ലെവൻഡോവിസ്‌കി പിഴവുകളില്ലാതെ പന്ത് വലയിലാക്കി ഗോൾ നേടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.