ETV Bharat / sports

കരുത്തരായി കാനറിപ്പട, അട്ടിമറിക്കാൻ ക്രൊയേഷ്യ; ലോകകപ്പിൽ ഇനി വലിയ കളികൾ മാത്രം

author img

By

Published : Dec 8, 2022, 3:53 PM IST

FIFA WORLD CUP 2022 BRAZIL VS CROATIA  FIFA WORLD CUP 2022  BRAZIL VS CROATIA  ബ്രസീൽ vs ക്രൊയേഷ്യ  ഫിഫ ലോകകപ്പ് 2022  ഖത്തർ ലോകകപ്പ്  Qatar World Cup  കാനറിപ്പട  Brazil  Croatia  ബ്രസീൽ  ക്രൊയേഷ്യ  നെയ്‌മർ  ക്രൊയേഷ്യ ബ്രസീലിനെതിരെ  ലൂക്ക മോഡ്രിച്ച്
ലോകകപ്പിൽ ഇനി വലിയ കളികൾ മാത്രം

തങ്ങളുടെ ആറാം കിരീടം ലക്ഷ്യമിട്ട് ബ്രസീൽ എത്തുമ്പോൾ കഴിഞ്ഞ ലോകകപ്പിലെ ഫൈനൽ തോൽവിക്ക് പകരം വീട്ടാനാകും ക്രൊയേഷ്യയുടെ ശ്രമം

ഖത്തർ: ലോകകപ്പ് ഫുട്‌ബോൾ ക്വാർട്ടർ ഫൈനലിന്‍റെ ആവേശത്തിലേക്ക് കടക്കുകയാണ്. ഇനി എട്ട് മത്സരങ്ങൾ മാത്രമാണ് ലോകകപ്പിന്‍റെ വേദിയിൽ ശേഷിക്കുന്നത്. ഇതിൽ മൊറോക്കോ മാത്രമാണ് ക്വാർട്ടർ ഫൈനലിലെ സർപ്രൈസ് എൻട്രി. ക്വാര്‍ട്ടറിൽ പോരാട്ടത്തിനുള്ള മറ്റ് ടീമുകളെല്ലാം തന്നെ ഫുട്‌ബോൾ ലോകത്തെ വമ്പൻമാർ തന്നെയാണ്.

ഇത്തവണത്തെ ക്വാർട്ടറിൽ ഏവരും ഉറ്റുനോക്കുന്ന രണ്ട് പോരാട്ടങ്ങളാണ് ഡിസംബർ ഒമ്പതിന് നടക്കുന്ന ക്രൊയേഷ്യ- ബ്രസീൽ മത്സരവും പത്തിന് നടക്കുന്ന അർജന്‍റീന- നെതർലൻഡ്‌സ് മത്സരവും. ഇതിൽ അർജന്‍റീനയും ബ്രസീലും വിജയിച്ചാൽ ഏവരും കാത്തിരിക്കുന്ന സ്വപ്‌ന സെമി ഡിസംബർ 13ന് രാത്രി 12 മണിക്ക് നടക്കും. ഒരിക്കൽ കൂടി മെസിയും നെയ്‌മറും നേർക്കുനേർ വരും. അത് കാണാനാകും ഫുട്‌ബോൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

കരുത്തോടെ ബ്രസീൽ: തങ്ങളുടെ ആറാം സ്വർണക്കിരീടം ലക്ഷ്യമിട്ടാണ് ബ്രസീൽ ഇത്തവണ കളത്തിലിറങ്ങുന്നത്. 2002ന് കിരീടം നേടാനാകാത്ത ബ്രസീൽ ഇത്തവണ സ്വർണക്കപ്പിൽ മുത്തമിടാനുറച്ച് തന്നെയാണ് ഖത്തറിലേക്ക് എത്തിയിരിക്കുന്നത്. 11 തവണയാണ് കാനറിപ്പട ലോകകപ്പിന്‍റെ സെമിയിൽ പന്തുതട്ടിയത്. അതിൽ അഞ്ച് തവണ പോരാട്ടം അവസാനിപ്പിച്ചത് കിരീട നേട്ടത്തോടെയായിരുന്നു. രണ്ട് തവണ രണ്ടാം സ്ഥാനക്കാരാകാനും ബ്രസീലിന് സാധിച്ചു.

ഖത്തർ ലോകകപ്പിൽ ഇതുവരെ മികച്ച പ്രകടനമാണ് ബ്രസീൽ കാഴ്‌ചവച്ചത്. ടൂർണമെന്‍റിൽ ഒരു തവണ മാത്രമാണ് ടീം തോൽവി വഴങ്ങിയത്. പരിക്കിൽ നിന്ന് മുക്‌തനായി നെയ്‌മർ തിരിച്ചെത്തിയതോടെ ടീം പൂർണ ശക്‌തി കൈവരിച്ചു കഴിഞ്ഞു. വിനീഷ്യസും, റിച്ചാലിസണും, റഫീന്യയും മികച്ച ഫോമിൽ തന്നെ കളിക്കുന്നതും ബ്രസീലിന് കരുത്ത് പകരുന്നു. പ്രതിരോധത്തിൽ മാർത്തിന്യോസും തിയാഗോ സിൽവയും ഉരുക്ക് കോട്ടപോലത്തന്നെ ഉറച്ചു നിൽക്കുന്നുണ്ട്.

കടം വീട്ടാൻ ക്രൊയേഷ്യ: അതേസമയം കഴിഞ്ഞ തവണത്തെ ഫൈനൽ തോൽവിക്ക് പ്രതികാരം വീട്ടുക എന്നതാകും അട്ടിമറികളുടെ രാജാവായ ക്രൊയേഷ്യയുടെ ലക്ഷ്യം. 2018ലെ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനോട് 4-2ന് ഏറ്റ തോൽവിക്ക് പകരം ഇത്തവണ കപ്പുയർത്തണം എന്ന ലക്ഷ്യത്തോടെയാകും ക്രൊയേഷ്യ ബ്രസീലിനെതിരെ കളിക്കാനെത്തുക. ഇത്തവണത്തെ ലോകകപ്പിൽ രണ്ട് ജയവും രണ്ട് സമനിലയുമായാണ് ക്രൊയേഷ്യ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്.

ഗോൾ വഴങ്ങുന്നതിലും ഗോൾ നേടുന്നതിലും പിശുക്കരാണ് ലൂക്ക മോഡ്രിച്ചിന്‍റെ നേതൃത്വത്തിലുള്ള ക്രൊയേഷ്യൻ ടീം. കൂടാതെ ലോകകപ്പ് ഷൂട്ടൗട്ടിലുള്ള മികച്ച റെക്കോഡും ക്രൊയേഷ്യക്ക് കരുത്ത് പകരും. പ്രീക്വാർട്ടറിൽ ജപ്പാനെതിരെ ഷൂട്ടൗട്ടിൽ 3-1നായിരുന്നു ക്രൊയേഷ്യയുടെ ജയം. ലൂക്കാ മോഡ്രിച്ച്‌, ഇവാൻ പെരിസിച്ച്‌ സഖ്യമാണ്‌ ക്രൊയേഷ്യയുടെ കളി മെനയുന്നത്‌. പ്രതിരോധനിരയിലെ പുത്തൻ താരോദയം യോസ്‌കോ ഗ്വാർഡിയോളിന്‍റെ സാന്നിധ്യവും ടീമിന് കരുത്താണ്.

നേർക്കുനേർ കണക്കുകൾ: ലോകകപ്പിൽ ഇരുവരും പരസ്‌പരം ഏറ്റുമുട്ടിയ കണക്കുകൾ പരിശോധിച്ചാൽ അതിൽ വ്യക്‌തമായ ആധിപത്യം പുലർത്തുന്നത് ബ്രസീൽ തന്നെയാണ്. ലോകകപ്പിൽ ഇരുവരും രണ്ട് മത്സരങ്ങളിലാണ് പരസ്‌പരം ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ രണ്ടിലും വിജയി ബ്രസീൽ തന്നെയായിരുന്നു.

2006ലെ ലോകകപ്പിലാണ് ഇരുവരും ആദ്യമായി നേർക്കുനേർ വന്നത്. അന്ന് 1-0ന്‍റെ വിജയമായിരുന്നു ബ്രസീൽ സ്വന്തമാക്കിയത്. 2014ലാണ് ഇരുവരും വീണ്ടും ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. ബ്രസീലിൽ വച്ച് നടന്ന ലോകകപ്പിൽ 3-1നാണ് ആതിഥേയർ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.