ETV Bharat / sports

Euro Qualifiers Portugal vs Luxembourg : ലക്‌സംബര്‍ഗിനെതിരെ ഗോള്‍ മഴ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ പോര്‍ച്ചുഗലിന് ചരിത്രജയം

author img

By ETV Bharat Kerala Team

Published : Sep 12, 2023, 9:43 AM IST

Euro Qualifiers  Portugal vs Luxembourg  Portugal vs Luxembourg Match Result  Euro Qualifiers Portugal vs Luxembourg  Portugal  Luxembourg  Euro Cup 2024 Qualifier  Portugal vs Luxembourg Result  Portugal Biggest Win In Football  Euro Qualifier Point Table  യൂറോ കപ്പ് യോഗ്യത റൗണ്ട്  പോര്‍ച്ചുഗല്‍ ലക്‌സംബര്‍ഗ്  പോര്‍ച്ചുഗല്‍ ലക്‌സംബര്‍ഗ് മത്സരഫലം  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Euro Qualifiers Portugal vs Luxembourg

Portugal Win Against Luxembourg: യൂറോ കപ്പ് യോഗ്യത റൗണ്ടില്‍ വമ്പന്‍ ജയവുമായി പോര്‍ച്ചുഗല്‍. ഗ്രൂപ്പ് ജെയില്‍ ലക്‌സംബര്‍ഗിനെതിരായ മത്സരത്തില്‍ പറങ്കിപ്പടയുടെ ജയം എതിരില്ലാത്ത ഒന്‍പത് ഗോളിന്. മൂന്ന് പോര്‍ച്ചുഗല്‍ താരങ്ങള്‍ ഇരട്ടഗോള്‍ നേടി.

ലിസ്‌ബണ്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (Cristiano Ronaldo) ഇല്ലാതെ യൂറോ കപ്പ് 2024 യോഗ്യത (Euro Cup 2024 Qualifier) റൗണ്ടില്‍ ലക്‌സംബര്‍ഗിനെ നേരിടാനിറങ്ങിയ മത്സരത്തില്‍ പോര്‍ച്ചുഗലിന് വമ്പന്‍ ജയം (Portugal vs Luxembourg). എസ്റ്റാഡിയോ അൽഗാർവ് (The Estádio Algarve) സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒന്‍പത് ഗോളിന്‍റെ ജയമാണ് പറങ്കിപ്പട സ്വന്തമാക്കിയത് (Portugal vs Luxembourg Result). രാജ്യാന്തര ഫുട്‌ബോള്‍ ചരിത്രത്തില്‍ പോര്‍ച്ചുഗല്‍ ടീമിന്‍റെ ഏറ്റവും വലിയ വിജയമാണ് ഇത് (Portugal Biggest Win In Football).

ആറ് പോര്‍ച്ചുഗല്‍ താരങ്ങളുടെ സംഭാവനയാണ് ലക്‌സംബര്‍ഗിനെതിരായ മത്സരത്തിലെ അവരുടെ ഒന്‍പത് ഗോളുകള്‍. ഗോൺസാലോ ഇനാസിയോ (Goncalo Inacio), ഗോൺസാലോ റാമോസ് (Goncalo Ramos), ഡിയോഗോ ജോട്ട (Diogo Jota) എന്നിവര്‍ മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി. ബ്രൂണോ ഫെര്‍ണാണ്ടസ് (Bruno Fernandes), ജാവോ ഫെലിക്‌സ് (Joao Felix), റിക്കാർഡോ ഹോർട്ട (Ricardo Horta) എന്നിവരായിരുന്നു മറ്റ് ഗോളുകള്‍ നേടിയത്.

യോഗ്യത റൗണ്ടില്‍ കളിച്ച ആറ് മത്സരങ്ങളും ജയിച്ച പോര്‍ച്ചുഗല്‍ നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഗ്രൂപ്പ് ജെയില്‍ ഒന്നാം സ്ഥാനത്താണ് (Euro Qualifier Point Table). 13 പോയിന്‍റുള്ള സ്ലൊവാക്കിയ ആണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തില്‍ യുവതാരം ഗോണ്‍സാലോ റാമോസായിരുന്നു പോര്‍ച്ചുഗല്‍ മുന്നേറ്റ നിരയിലിറങ്ങിയത്. യോഗ്യത റൗണ്ടിലെ അവസാന മത്സരങ്ങളില്‍ റൊണാള്‍ഡോ ആയിരുന്നു ടീമിന്‍റെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും താരത്തിന് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചതോടെയാണ് ലക്‌സംബര്‍ഗിനെതിരെ കളിക്കാന്‍ സാധിക്കാതിരുന്നത്.

എന്നാല്‍, റൊണാള്‍ഡോയുടെ അഭാവം മത്സരത്തിന്‍റെ ഒരു ഘട്ടത്തില്‍പ്പോലും പോര്‍ച്ചുഗല്‍ ആക്രമണങ്ങളെ ബാധിച്ചില്ല. ആദ്യ വിസില്‍ മുഴങ്ങി 12-ാം മിനിട്ടിലായിരുന്നു പോര്‍ച്ചുഗല്‍ ഗോള്‍ വേട്ട തുടങ്ങിയത്. പ്രതിരോധ നിരതാരം ഗോൺസാലോ ഇനാസിയോയുടെ വകയായിരുന്നു ആദ്യ ഗോള്‍.

ആദ്യ പകുതിയില്‍ തന്നെ പിന്നീട് മൂന്ന് ഗോളുകളും പിറന്നു. 17, 33 മിനിട്ടുകളില്‍ റാമോസ് ലക്സംബര്‍ഗ് വലയില്‍ പന്തെത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പായി തന്നെ ഇനാസിയോ തന്‍റെ രണ്ടാം ഗോളും കണ്ടെത്തി.

നാല് ഗോള്‍ ലീഡുമായി രണ്ടാം പകുതിയില്‍ ഇറങ്ങിയ പോര്‍ച്ചുഗല്‍ 57-ാം മിനിട്ടിലാണ് അഞ്ചാം ഗോള്‍ നേടിയത്. ഡിയോഗോ ജോട്ട ആയിരുന്നു ഗോള്‍ സ്‌കോറര്‍. 10 മിനിട്ടിന് ശേഷം റിക്കാർഡോ ഹോർട്ട അവരുടെ ഗോള്‍ നില ആറാക്കി ഉയര്‍ത്തി.

77-ാം മിനിട്ടില്‍ വീണ്ടും ഡിയോഗോ ജോട്ടോ ഗോള്‍ നേടി. നിശ്ചിത സമയത്തിന്‍റെ അവസാന പത്ത് മിനിട്ടിനുള്ളിലാണ് അവസാനത്തെ രണ്ട് ഗോളും പിറന്നത്. 83-ാം മിനിട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ഗോള്‍ നേടിയതിന് പിന്നാലെ 88-ാം മിനിട്ടില്‍ ജാവോ ഫെലിക്‌സ് പോര്‍ച്ചുഗല്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.