ETV Bharat / sports

IPL 2023 | 'ഒഴിഞ്ഞുമാറാന്‍ എളുപ്പമാണ്, എന്നാല്‍ തുടരാനാണ് തീരുമാനം'; വിരമിക്കല്‍ സാധ്യത തള്ളി എംഎസ് ധോണി

author img

By

Published : May 30, 2023, 7:33 AM IST

IPL 2023  MS Dhoni  MS Dhoni Retirement  Chennai Super KIngs  Ipl final  IPL2023Final  CSK vs GT  എംഎസ് ധോണി  ചെന്നൈ സൂപ്പര്‍ കിങ്‌സ്  ഐപിഎല്‍  ധോണി വിരമിക്കല്‍  ഐപിഎല്‍ ഫൈനല്‍  ഐപിഎല്‍ 2023  ഗുജറാത്ത് ടൈറ്റന്‍സ്
MS Dhoni

ചെന്നൈ സൂപ്പര്‍ കിങ്സിനെ അഞ്ചാം കിരീട നേട്ടത്തില്‍ എത്തിച്ച ശേഷമാണ് എംഎസ് ധോണിയുടെ മറുപടി

അഹമ്മദാബാദ്: 'ഒരുപക്ഷേ ഇതായിരിക്കാം എന്‍റെ വിരമിക്കല്‍ പ്രഖ്യാപനം നടത്താന്‍ ഏറ്റവും ഉചിതമായ സമയം. ആ തീരുമാനത്തിലേക്ക് എത്തുക എന്നത് എളുപ്പമാണ്, എന്നാല്‍ ഒന്‍പത് മാസം കഠിനാധ്വാനം ചെയ്‌ത് മറ്റൊരു ഐപിഎല്‍ കൂടി കളിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്' - ഐപിഎല്‍ പതിനാറാം പതിപ്പിന്‍റെ തുടക്കം മുതല്‍ പല രൂപത്തിലായിരുന്നു തന്‍റെ ക്രിക്കറ്റ് ജീവിതത്തിന്‍റെ ഭാവിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ എംഎസ് ധോണിയിലേക്കെത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ചാം കിരീടനേട്ടത്തിലെത്തിച്ച ശേഷം ആ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും പറഞ്ഞാണ് ആരാധകരുടെ തല ധോണി അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയം വിട്ടത്.

ഇനി ആരാധകരുടെ കാത്തിരിപ്പാണ്. അടുത്ത വര്‍ഷം വീണ്ടും ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ ആ ഏഴാം നമ്പറുകാരനെ വീണ്ടും കാണാന്‍. അന്നും ഈ വര്‍ഷം കണ്ടപോലെ ധോണിയും ചെന്നൈയും കളിക്കാനെത്തുന്ന ഇടങ്ങളിലെല്ലാം മഞ്ഞക്കടലിരമ്പം തീര്‍ക്കാന്‍ 'തല'യുടെ പ്രിയപ്പെട്ട ആരാധകരും ഒഴുകിയെത്തും.

ഐപിഎല്‍ പതിനാറാം പതിപ്പിന്‍റെ തുടക്കം മുതല്‍ തന്നെ ഈ സീസണിന്‍റെ അവസാനത്തോടുകൂടി എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ മഞ്ഞ ജഴ്‌സിയഴിക്കും എന്ന അഭ്യൂഹങ്ങള്‍ വ്യാപകമായാണ് പ്രചരിച്ചത്. പല മുന്‍ താരങ്ങളും ധോണി ഈ സീസണോടെ കളിയവസാനിപ്പിക്കുമെന്ന് വിധിയെഴുതി. പലരും ചെന്നൈ നായകന്‍ കളിക്കളത്തില്‍ തുടരണമെന്ന അഭിപ്രായവുമായും രംഗത്തെത്തി.

ഒടുവില്‍, അഭ്യൂഹങ്ങള്‍ക്കെല്ലാം തിരശ്ശീല വീഴുമ്പോള്‍ 2024ലെ ഐപിഎല്‍ പതിപ്പില്‍ ചെന്നൈക്കൊപ്പം തന്നെ താന്‍ ഉണ്ടാകുമെന്ന് പറഞ്ഞുകൊണ്ടാണ് ആ 'റാഞ്ചി'ക്കാരനായ ചെന്നൈ നായകന്‍ നടന്നകന്നത്. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരെ തകര്‍ത്ത ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പ്രതിനിധീകരിച്ച് സംസാരിക്കാനെത്തിയപ്പോഴായിരുന്നു എംഎസ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍പും സമാന ചോദ്യം ധോണിയോട് ഉന്നയിച്ചിട്ടുള്ള ഹര്‍ഷ ഭോഗ്‌ലെയായിരുന്നു ഇക്കുറിയും മറുവശത്ത്.

'എന്‍റെ ഉത്തരമല്ലേ ആവശ്യം..? എനിക്ക് വിരമിക്കല്‍ തീരുമാനമെടുക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം ഇതാണ്. എന്നാല്‍, എല്ലായിടത്ത് നിന്നും എനിക്ക് ലഭിച്ച സ്നേഹത്തിന്‍റെ അളവ്, ഇവിടെ നിന്നും ഒഴിഞ്ഞുമാറുക എന്നത് എളുപ്പമാണ്, എന്നാല്‍ ഒന്‍പത് മാസം കഠിനാധ്വാനം ചെയ്‌ത് മറ്റൊരു ഐപിഎല്‍ കൂടി കളിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്‍റെ ശരീരത്തിന് ചിലപ്പോള്‍ അത് എളുപ്പമായിരിക്കില്ല. എന്നാല്‍, ഇത് എന്നില്‍ നിന്നും അവര്‍ക്കുള്ള ഒരു സമ്മാനമായിരിക്കും' - ധോണി പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള വൈകാരിക മുഹൂര്‍ത്തങ്ങളെ കുറിച്ചും ധോണി സംസാരിച്ചിരുന്നു. 'സിഎസ്‌കെയിലെ ആദ്യ മത്സരം. ഞാന്‍ ബാറ്റ് ചെയ്യാനായെത്തിയപ്പോള്‍ ഗാലറിയിലുണ്ടായിരുന്ന എല്ലാവരും എന്‍റെ പേര് ആര്‍ത്തുവിളിക്കുകയായിരുന്നു.

അത് കേട്ടപ്പോള്‍ അറിയാതെ തന്നെ എന്‍റെ കണ്ണുകള്‍ നിറഞ്ഞു. ഡഗൗട്ടില്‍ പിന്നീട് കുറച്ചധികം സമയം എനിക്ക് ആവശ്യമായിരുന്നു. പിന്നീട് ഇത് ശരിക്കും ആസ്വദിക്കേണ്ട ഒന്നാണെന്ന് എനിക്ക് മനസിലായി.

ഞാന്‍ എന്താണോ അതിനാണ് അവര്‍ എന്നെ സ്നേഹിക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ ഗ്രൗണ്ടിലേക്കിറങ്ങുന്നത് അവര്‍ ഇഷ്‌ടപ്പെടുന്നു. ഞാന്‍ അല്ലാത്ത ഒന്നിനെയും പ്രകടിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല' - ധോണി കൂട്ടിച്ചേര്‍ത്തു.

More Read : IPL 2023 | ചെന്നൈ ദി 'സൂപ്പർ കിങ്സ്'; ഐപിഎൽ ധോണിപ്പടയ്ക്ക്, അഞ്ചാം കിരീടത്തിൽ മുത്തമിട്ട് സിഎസ്കെ

അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്സ് കിരീടം നേടിയത്. എംഎസ് ധോണിക്ക് കീഴില്‍ ചെന്നൈയുടെ അഞ്ചാം കിരീടനേട്ടമാണിത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.