ETV Bharat / sports

രഹാനെയുടെ സര്‍പ്രൈസ് തിരിച്ചുവരവ്, സ്റ്റാര്‍ പേസര്‍ ഇല്ല ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

author img

By

Published : Apr 25, 2023, 1:52 PM IST

2022ല്‍ അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ച അജിങ്ക്യ രഹാനെ 15 മാസത്തിന് ശേഷമാണ് വീണ്ടും ടീമിലേക്കെത്തുന്നത്

indian squad for wtc final  bcci  wtc final  WTC Final Indian Team  ajinkya rahane  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  അജിങ്ക്യ രഹാനെ  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യന്‍ ടീം
WTC

മുംബൈ : ജൂണില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പതിനഞ്ചംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. സര്‍പ്രൈസ് മാറ്റങ്ങളുമായാണ് ബിസിസിഐയുടെ ടീം പ്രഖ്യാപനം. ഐപിഎല്‍ പതിനാറാം പതിപ്പില്‍ മിന്നും ഫോമിലുള്ള വെറ്ററന്‍ താരം അജിങ്ക്യ രഹാനെ ടീമില്‍ തിരിച്ചെത്തി.

15 മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് രഹാനെയ്‌ക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കുന്നത്. 2022 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലാണ് രഹാനെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. ഐപിഎല്ലിലെ മിന്നും പ്രകടനത്തിനൊപ്പം വിദേശ പിച്ചുകളിലെ റെക്കോഡുമാണ് രഹാനെയ്‌ക്ക് ടീമിലേക്ക് തിരികെയെത്താനുള്ള വഴി തുറന്നത്.

രഹാനെയുടെ മടങ്ങിവരവ് മധ്യനിരയിലെ ടീമിന്‍റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള അവസാന രണ്ട് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കാതിരുന്ന കെഎല്‍ രാഹുലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുണ്ടാവും. റിഷഭ് പന്തിന്‍റെ അഭാവത്തില്‍ കെഎസ് ഭരത് ആകും വിക്കറ്റ് കീപ്പറാവുക.

ഇഷാന്‍ കിഷന്‍ ഇല്ലാത്ത സാഹചര്യത്തില്‍ കെഎല്‍ രാഹുലായിരിക്കും റിസര്‍വ്‌ഡ് വിക്കറ്റ് കീപ്പര്‍. പരിക്കേറ്റ ശ്രേയസ് അയ്യര്‍, ജസ്‌പ്രീത് ബുംറ എന്നിവരേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് പ്രധാന ഓള്‍റൗണ്ടര്‍മാര്‍. ശാര്‍ദുല്‍ താക്കൂര്‍ പേസ് ബൗളിങ് ഓള്‍റൗണ്ടറായും ടീമിലിടം നേടിയിട്ടുണ്ട്. മുഹമ്മദ് ഷമിയാണ് പേസാക്രമണത്തിന് നേതൃത്വം നല്‍കുന്നത്.

മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്‌ഘട്ട് എന്നിവരാണ് മറ്റ് പേസര്‍മാര്‍. രോഹിത് ശര്‍മ നായകനാകുന്ന ടീമില്‍ യുവതാരം ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, കെഎല്‍ രാഹുല്‍, അജിങ്ക്യ രഹാനെ എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍.

Also Read: IPL 2023 | 'ബാറ്റര്‍മാരുടെ വില്ലന്‍', ഫില്‍ സാള്‍ട്ട് ഗോള്‍ഡന്‍ ഡക്ക്; റെക്കോഡ് നേട്ടവുമായി ഭുവനേശ്വര്‍ കുമാര്‍

ഇന്ത്യയുടെ അവസാന ടെസ്റ്റ് പരമ്പരയില്‍ കളിച്ച സൂര്യകുമാര്‍ യാദവിനും ടീമിലിടം നഷ്‌ടമായി. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ കളിച്ച സൂര്യകുമാറിന് ബാറ്റ് കൊണ്ട് തിളങ്ങാനായിരുന്നില്ല. പിന്നാലെ ശ്രേയസ് അയ്യര്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് സൂര്യയ്ക്ക്‌ ടീമിലെ സ്ഥാനം നഷ്‌ടമാവുകയായിരുന്നു.

ജൂണ്‍ 7 മുതല്‍ 11 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകുന്ന ഈ മത്സരത്തില്‍ ഓസ്‌ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളികള്‍. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനക്കാരായും ഇന്ത്യ രണ്ടാം സ്ഥാനക്കാരായുമാണ് ഫൈനലിന് യോഗ്യത നേടിയത്.

ഇന്ത്യന്‍ സ്ക്വാഡ് : രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെഎല്‍ രാഹുല്‍, കെഎസ് ഭരത്, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.