ETV Bharat / bharat

അശ്ലീല വീഡിയോ വിവാദം: 'ഉടന്‍ ഇന്ത്യയിലെത്തി പൊലീസില്‍ കീഴടങ്ങണം', പ്രജ്വല്‍ രേവണ്ണയോട് എച്ച്‌ഡി ദേവഗൗഡ - DEVE GOWDA Response In PRAJWAL CASE

author img

By ETV Bharat Kerala Team

Published : May 23, 2024, 7:41 PM IST

പ്രജ്വല്‍ രേവണ്ണയോട് ഉടൻ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട് എച്ച്ഡി ദേവഗൗഡ. പേരക്കുട്ടിയെ സംരക്ഷിക്കാൻ ആഗ്രഹമില്ലെന്നും കുറ്റക്കാരനാണെങ്കില്‍ നിയമനടപടിയെടുക്കണമെന്നും പ്രതികരണം. തനിക്കും കുടുംബത്തിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നതെന്നും അദ്ദേഹം.

FORMER CM DEVE GOWDA  PRAJWAL REVANNA GANG RAPE CASE  പ്രജ്വല്‍ രേവണ്ണ വീഡിയോ വിവാദം  രേവണ്ണയുടെ കേസിനെ കുറിച്ച് ദേവഗൗഡ
PRAJWAL REVANNA, HD DEVE GOWDA (ETV Bharat)

ബെംഗളൂരു: ചെറുമകനെതിരെയുള്ള അശ്ലീല വീഡിയോ വിവാദത്തില്‍ പ്രതികരിച്ച് മുന്‍ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡ. കേസിന്‍റെ ഞെട്ടലില്‍ നിന്നും കരകയറാന്‍ കുറച്ച് സമയം വേണ്ടിവന്നുവെന്ന് പറഞ്ഞ ദേവഗൗഡ പ്രജ്വല്‍ രേവണ്ണയോട് ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടു. ഇത്തരമൊരു അവസരത്തില്‍ തനിക്ക് ഒരു കാര്യം മാത്രമെ ചെയ്യാന്‍ കഴിയൂ. അത് പ്രജ്വലിനോട് തിരികെയെത്തി പൊലീസില്‍ കീഴടങ്ങണമെന്ന് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദേവഗൗഡ.

തന്നോട് ബഹുമാനമുണ്ടെങ്കില്‍ തിരികെയെത്തി നിയമ നടപടിക്ക് വിധേയനാകണം. കേസിനെ കുറിച്ച് താനോ കുടുംബമോ യാതൊന്നും ചോദിക്കില്ലെന്നും തിരിച്ചെത്തിയില്ലെങ്കില്‍ കുടുംബത്തില്‍ നിന്നും ഒറ്റപ്പെടുത്തുമെന്നും പ്രജ്വലിന് ദേവഗൗഡ മുന്നറിയിപ്പ് നല്‍കി. തന്‍റെ പേരക്കുട്ടിയെന്ന നിലയില്‍ പ്രജ്വലിനെ സംരക്ഷിക്കാൻ എനിക്ക് ആഗ്രഹമില്ല. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ നിയമപ്രകാരമുളള ഏറ്റവും വലിയ ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രജ്വലിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ചോ അവന്‍റെ വിദേശ യാത്രയെക്കുറിച്ചോ തനിക്ക് അറിയില്ല. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കില്ല. എന്‍റെ മനസാക്ഷിക്കും താന്‍ വിശ്വസിക്കുന്ന ദൈവത്തിനും എല്ലാം അറിയാമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ പ്രചരിച്ച അസത്യങ്ങളെയും രാഷ്ട്രീയ ഗൂഢാലോചനകളെയും കുറിച്ച് ഞാന്‍ കൂടുതലൊന്നും പ്രതികരിക്കുന്നില്ല. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി എനിക്കും എൻ്റെ കുടുംബത്തിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. അവരെയെല്ലാം തിരിച്ചും വിമർശിക്കാൻ താന്‍ ആഗ്രഹിക്കുന്നില്ല. എല്ലാ വസ്‌തുതകളും കണ്ടെത്തുന്നതുവരെ ഞാൻ അവരോട് തർക്കിക്കില്ലെന്നും തെറ്റ് ചെയ്‌തവര്‍ക്ക് ദൈവം മറുപടി നല്‍കുമെന്നും ദേവഗൗഡ പറഞ്ഞു.

നിലവില്‍ ജനങ്ങള്‍ക്ക് തന്നിലുള്ള വിശ്വാസം മുറുകെപ്പിടിക്കുകയാണ് തന്‍റെ ലക്ഷ്യം. 60 വര്‍ഷത്തെ രാഷ്‌ട്രീയ ജീവിതത്തില്‍ തനിക്കൊപ്പമുണ്ടായിരുന്നവരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവരെ നിരാശപ്പെടുത്തില്ലെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു.

ALSO READ: അശ്ലീല വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണം, പ്രധാനമന്ത്രിക്ക് രണ്ടാമതും കത്തയച്ച് സിദ്ധരാമയ്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.