ETV Bharat / international

ലുഹാന്‍സ്‌കില്‍ കടുത്ത പോരാട്ടം ; 60 മുതല്‍ 100 വരെ യുക്രൈന്‍ സൈനികര്‍ ദിവസം കൊല്ലപ്പെടുകയാണെന്ന് സെലന്‍സ്‌കി

author img

By

Published : Jun 1, 2022, 1:41 PM IST

Russia Ukraine war  battel in Luhansk  latest development of Russia Ukraine war  Zelenski on battel in eastern Ukraine  റഷ്യ യുക്രൈന്‍ യുദ്ധം  ലുഹാന്‍സ്‌കിലെ റഷ്യ യുക്രൈന്‍ പോരാട്ടം  സിവറോഡൊണസ്‌കിലെ പോരാട്ടം
ലുഹാന്‍സ്‌കില്‍ കടുത്ത പോരാട്ടം; 60-100 യുക്രൈന്‍ സൈനികര്‍ ദിവസം കൊല്ലപ്പെടുകയാണെന്ന് സെലന്‍സ്‌കി

ലുഹാന്‍സ്‌കില്‍ യുക്രൈന്‍ നിയന്ത്രണത്തിലുള്ള ഏക നഗരമായ സിവറോഡൊണസ്‌കിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലായെന്ന് റഷ്യന്‍ സേന

കീവ് : കിഴക്കന്‍ യുക്രൈനിലെ ലുഹാന്‍സ്‌ക് പ്രവിശ്യയിലെ യുക്രൈനിന്‍റ നിയന്ത്രണത്തിലുള്ള ഏക നഗരമായ സിവറോഡൊണസ്‌ക് പിടിച്ചെടുക്കാനുള്ള പോരാട്ടം റഷ്യ രൂക്ഷമാക്കി. കിഴക്കന്‍ യുക്രൈനിലെ ലുഹാന്‍സ്‌ക്, ഡൊണസ്‌ക് എന്നീ പ്രവിശ്യകളിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വൊളാഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. ഇവിടെ പോരാട്ടത്തില്‍ ദിവസം 60 മുതല്‍ 100 യുക്രൈന്‍ സൈനികര്‍ കൊല്ലപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സിവറോഡൊണസ്‌കിന്‍റെ ഭൂരിഭാഗവും തങ്ങളുടെ നിയന്ത്രണത്തിലായെന്ന് റഷ്യന്‍ സേന അറിയിച്ചു. അതേസമയം നഗരത്തിന് ചുറ്റും ശക്‌തമായ പോരാട്ടം നടക്കുകയാണെന്നും സിവിലിയന്‍മാര്‍ ഭൂഗര്‍ഭ അറകളില്‍ അഭയം തേടണമെന്നും ലുഹാന്‍സ്‌ക് ഗവര്‍ണര്‍ സെര്‍ഹി ഗെയിദായി പറഞ്ഞു. റഷ്യന്‍ സൈന്യത്തിന്‍റെ ഭാഗത്തുനിന്നുള്ള കടുത്ത ഷെല്ലിങ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്തതും ആളുകളെ നഗരത്തില്‍ നിന്ന് മാറ്റാന്‍ കഴിയാത്തതുമായ സാഹചര്യമാണ് ഉണ്ടാക്കിയതെന്ന് അദ്ദേഹം വിശദീകരിച്ചു.

നഗരത്തിലെ ഒരു കെമിക്കല്‍ പ്ലാന്‍റിലെ നൈട്രിക് ആസിഡ് ടാങ്ക് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നെന്നും അതിനടത്തുള്ള ആളുകള്‍ സുരക്ഷിതമായി വീടിനുള്ളില്‍ തന്നെ കഴിയണമെന്നും ലുഹാന്‍സ്‌ക് ഗവര്‍ണര്‍ പറഞ്ഞു. ഈ രാസവസ്‌തു ചോര്‍ന്ന സ്ഥലങ്ങളിലെ വായു ശ്വസിക്കുന്നത് മരണകാരണമാകുമെന്നും സെര്‍ഹി ഗെയിദായി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.അതേസമയം യൂറോപ്യയന്‍ യൂണിയന്‍റെ റഷ്യയ്‌ക്കെതിരായ ആറാം വട്ട ഉപരോധത്തെ യുക്രൈന്‍ പ്രസിഡന്‍റ് സ്വാഗതം ചെയ്‌തു. എന്നാല്‍ അഞ്ചാം വട്ട ഉപരോധത്തിന് ശേഷം ആറാംവട്ട ഉപരോധത്തിന് അമ്പത് ദിവസത്തില്‍ കൂടുതല്‍ എടുത്തതിനെ അദ്ദേഹം വിമര്‍ശിച്ചു.

യുക്രൈനിലെ തുറമുഖങ്ങള്‍ റഷ്യ തടയുന്നത് വിനാശകരമായ സാഹചര്യം സൃഷ്‌ടിക്കുമെന്ന് ആഫ്രിക്കന്‍ യൂണിയന്‍ മുന്നറിയിപ്പ് നല്‍കി. തുറമുഖങ്ങള്‍ തടഞ്ഞത് കാരണം ദശലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യ ധാന്യങ്ങളാണ് കയറ്റുമതി ചെയ്യാന്‍ സാധിക്കാതെ യുക്രൈനില്‍ കെട്ടിക്കിടക്കുന്നത്. ഇത് പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ഭക്ഷ്യ ക്ഷാമം സൃഷ്‌ടിക്കുമെന്നാണ് ആഫ്രിക്കന്‍ യൂണിയന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.