ETV Bharat / state

കെഎസ്ആര്‍ടിസി സ്‌റ്റാന്‍ഡുകൾ അടിമുടി മാറും; സൂപ്പര്‍മാര്‍ക്കറ്റുകളും റസ്‌റ്റോറന്‍റുകളും തുടങ്ങാന്‍ താത്‌പര്യ പത്രം ക്ഷണിച്ചു - Restaurants in KSRTC Bus stands

author img

By ETV Bharat Kerala Team

Published : May 16, 2024, 8:27 PM IST

കെഎസ്ആർടിസി ബസ് സ്‌റ്റേഷനുകളിൽ റസ്‌റ്റോറന്‍റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നതിന് താത്‌പര്യ പത്രം ക്ഷണിച്ചു.

SUPERMARKET RESTAURANT KSRTC STAND  KSRTC STANDS MINI SUPER MARKET  കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്  സൂപ്പര്‍മാര്‍ക്കറ്റ് റസ്റ്റോറന്‍റ്
Representative Image (Source : ETV Bharat Reporter)

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് സ്‌റ്റേഷനുകളിൽ റസ്‌റ്റോറന്‍റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും വരുന്നു. പ്രധാന നഗരങ്ങളില്‍ ബസ് സ്‌റ്റേഷനുകളുള്ള കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകളില്‍ റസ്‌റ്റോറന്‍റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും നടത്തുന്നതിന് കെഎസ്ആർടിസി താത്‌പര്യ പത്രം ക്ഷണിച്ചു. ആദ്യ ഘട്ടത്തില്‍ 14 സ്‌റ്റേഷനുകളിലാണ് കെഎസ്ആര്‍ടിസി ഇത്തരത്തില്‍ റസ്‌റ്റോറന്‍റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കാൻ ആലോചിക്കുന്നത്.

പദ്ധതി വൈകാതെ മറ്റ് സ്‌റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുക, റസ്‌റ്റോറന്‍റുകളില്‍ പരമ്പരാഗത ഭക്ഷണം ഉച്ചയ്ക്ക് ഒരു വിഭവമായി ഉള്‍പ്പെടുത്തി നല്‍കുക, ദീർഘദൂര ബസുകളിലെ യാത്രയ്ക്കിടയില്‍ റിഫ്രഷ്മെന്‍റിനായി നിര്‍ത്തുന്ന ബസിലെ യാത്രക്കാര്‍ക്ക് ഇത്തരം റെസ്‌റ്റോറന്‍റുകളിലും മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലും ഭക്ഷണം കഴിക്കുന്നതിനും അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനുമുള്ള സൗകര്യമൊരുക്കുക എന്നിവയാണ് പദ്ധതിയിലൂടെ കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തില്‍ അനുവദിക്കുന്ന ബസ് സ്‌റ്റേഷനുകളും ലഭ്യമായിട്ടുള്ള സ്ഥല വിസ്‌തീര്‍ണ്ണവും :

  1. അടൂര്‍ (1500 ചതുരശ്ര അടി)
  2. കാട്ടാക്കട (4100 ചതുരശ്ര അടി)
  3. പാപ്പനംകോട് (1000 ചതുരശ്ര അടി)
  4. പെരുമ്പാവൂര്‍ (1500 ചതുരശ്ര അടി)
  5. R/W എടപ്പാള്‍ (1000 ചതുരശ്ര അടി)
  6. ചാലക്കുടി (1000 ചതുരശ്ര അടി)
  7. നെയ്യാറ്റിന്‍കര (1675 ചതുരശ്ര അടി)
  8. നെടുമങ്ങാട് (1500 ചതുരശ്ര അടി)
  9. ചാത്തനൂര്‍ (1700 ചതുരശ്ര അടി)
  10. അങ്കമാലി (1000 ചതുരശ്ര അടി)
  11. ആറ്റിങ്ങല്‍ (1500 ചതുരശ്ര അടി)
  12. മൂവാറ്റുപുഴ (3000 ചതുരശ്ര അടി)
  13. കായംകുളം (1000 ചതുരശ്ര അടി)
  14. തൃശൂര്‍ (2000 ചതുരശ്ര അടി)

റെസ്‌റ്റോറന്‍റും മിനി സൂപ്പർമാർക്കറ്റും പ്രവർത്തിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ ഇങ്ങനെ :

ഫുഡ് ആന്‍ഡ് സേഫ്റ്റി ആക്‌ടിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി വെജ്, നോണ്‍ വെജ് ഫുഡ് ഉള്ള എസി, നോണ്‍ എസി റസ്റ്റോറന്‍റുകള്‍ പ്രവര്‍ത്തിപ്പിക്കാം. മിനി സൂപ്പര്‍മാര്‍ക്കറ്റില്‍ ദൈനംദിന ജീവിതത്തില്‍ പൊതു ഉപയോഗത്തിനായുള്ള സാധാരണ പലചരക്ക് സാധനങ്ങള്‍ ഉണ്ടായിരിക്കണം.

വ്യത്യസ്‌തമായ സൈന്‍ ബോര്‍ഡുകളുള്ള പുരുഷൻമാര്‍ക്കും സ്‌ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേകം, ശുചിത്വമുള്ള ടോയ്‌ലറ്റ് സൗകര്യവും റസ്‌റ്റോറന്‍റുകളില്‍ ഉണ്ടായിരിക്കണം. ഭക്ഷ്യ സുരക്ഷ, ഫയര്‍ & റെസ്ക്യൂ എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണനിലവാരമുള്ള സേവനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുക. കേരളത്തിലെ ജനങ്ങള്‍ പരമ്പരാഗത ഭക്ഷണ രീതി ഇഷ്‌ടപ്പെടുന്നവര്‍ ആയതിനാല്‍ ഉച്ചയ്ക്ക് ഊണ് ഒരു വിഭവമായി ഉള്‍പ്പെടുത്തുക. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്‌റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) എല്ലാ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുക.

ലൈസന്‍സ് കാലയളവ് നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി 5 വര്‍ഷത്തേക്ക് ആയിരിക്കും. നിര്‍ദിഷ്‌ട റസ്റ്റോറന്‍റുകളുടെ ഇന്‍റീരിയര്‍ ഡിസൈന്‍ കെഎസ്ആര്‍ടിസിയുടെ സിഎംഡിയുടെ അംഗീകാരത്തോടെ ലൈസന്‍സി നിര്‍വ്വഹിക്കേണ്ടതാണ്. ശരിയായ മാലിന്യ നിര്‍മാര്‍ജന സംവിധാനം ഉണ്ടായിരിക്കണം.

പദ്ധതിയുമായി ബന്ധപ്പെട്ട പ്രീബിഡ് മീറ്റിങ് ഈ മാസം 20-ന് നടത്തും. താല്‍പര്യ പത്രം 28-ന് മുൻപ് സമര്‍പ്പിക്കണം. പങ്കെടുക്കുന്നവര്‍ യോഗ്യത രേഖകള്‍ താത്പര്യ പത്രത്തിനൊപ്പം നൽകണം. കൂടുതൽ വിവരങ്ങൾക്ക് ജനറല്‍ മാനേജര്‍ (നോര്‍ത്ത് സോണ്‍ & എസ്‌റ്റേറ്റ്) ഫോണ്‍ നമ്പര്‍ : 9188619367, 9188619384 (എസ്‌റ്റേറ്റ് ഓഫീസര്‍) ഇ മെയില്‍: estate@kerala.gov.in എന്നീ നമ്പറുകളിലും ഇ മെയിൽ വിലാസത്തിലും ബന്ധപ്പെടാം.

Also Read : പോകാം മൂന്നാർ, വാഗമൺ, പൊന്മുടിയിലേക്ക്... കീശ കാലിയാകാതെ - KSRTC Summer High Range Trip

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.