ETV Bharat / international

Imran Khan Charged in Cipher Case: ഇമ്രാൻ ഖാൻ സൈഫർ കേസിലും കുറ്റക്കാരനെന്ന് പാകിസ്ഥാൻ കോടതി; മുൻ വിദേശകാര്യ മന്ത്രി കൂട്ടുപ്രതി

author img

By ETV Bharat Kerala Team

Published : Oct 23, 2023, 1:52 PM IST

Etv Bharat Imran Khan Charged in Cipher Case  Imran Khan Disclosing Official Secrets  Cipher Case Charged on Imran Khan  Imran Khan Jail  imran khan release  ഇമ്രാൻ ഖാൻ  ഇമ്രാൻ ഖാൻ അറസ്റ്റ്  ഇമ്രാൻ ഖാൻ ജയിൽ  സൈഫർ കേസ്
Imran Khan Charged in Cipher Case for Disclosing Official Secrets

Cipher Case Charged on Imran Khan: കോഡ് ഭാഷയിൽ എഴുതപ്പെട്ട രഹസ്യവും നിയന്ത്രിതവുമായ നയതന്ത്ര ആശയവിനിമയ ഭാഷയാണ് സൈഫർ. രാഷ്ട്രീയ നേട്ടങ്ങൾക്കായി സൈഫറുകൾ വഴി ലഭിച്ച അതീവ രഹസ്യമായ വിവരങ്ങൾ പരസ്യമാക്കി എന്നതാണ് ഇമ്രാൻ ഖാൻ നേരിടുന്ന കുറ്റം

ഇസ്‌ലാമാബാദ് : ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ സൈഫർ കേസിലും കുറ്റം ചുമത്തി പ്രത്യേക കോടതി. ഔദ്യോഗിക രഹസ്യ നിയമപ്രകാരം എടുത്ത കേസാണ് സൈഫർ കേസ് (Imran Khan Charged in Cipher Case for Disclosing Official Secrets). യുഎസിലെ പാകിസ്ഥാൻ എംബസിയിൽ നിന്നുള്ള സൈഫർ സന്ദേശം (രഹസ്യ നയതന്ത്ര കേബിൾ) പരസ്യമാക്കി എന്നതാണ് ഈ കേസിൽ ഇമ്രാനെതിരായ ആരോപണം. ഇമ്രാൻ ഖാനൊപ്പം മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കെതിരെയും (Shah Mahmood Qureshi) കോടതി കുറ്റം ചുമത്തി.

കോഡ് ഭാഷയിൽ എഴുതപ്പെട്ട രഹസ്യവും നിയന്ത്രിതവുമായ നയതന്ത്ര ആശയവിനിമയ ഭാഷയാണ് സൈഫർ. രാഷ്ട്രീയ നേട്ടങ്ങൾക്കായി സൈഫറുകൾ വഴി ലഭിച്ച അതീവ രഹസ്യമായ വിവരങ്ങൾ പരസ്യമാക്കി എന്നതാണ് ഇമ്രാൻ ഖാൻ നേരിടുന്ന കുറ്റം. ഒരു വിദേശ ഗൂഢാലോചനയുടെ ഫലമായി തന്‍റെ സര്‍ക്കാര്‍ പുറത്താക്കപ്പെട്ടു എന്ന് സ്ഥാപിച്ചെടുക്കാൻ യുഎസിലെ പാകിസ്ഥാൻ എംബസിയിൽ നിന്ന് പ്രധാനമന്ത്രി എന്ന നിലയിൽ തനിക്ക് ലഭിച്ച സൈഫർ സന്ദേശം ഇമ്രാൻ പുറത്തുവിട്ടെന്നാണ് ആരോപണം.

റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ (Adiala Jail in Rawalpindi) പ്രത്യേക കോടതി ജഡ്‌ജി അബുവൽ ഹസ്‌നത്ത് സുൽഖർനൈൻ ആണ് കേസിന്‍റെ വാദം കേൾക്കുന്നത്. കഴിഞ്ഞയാഴ്‌ച കേസ് പരിഗണിച്ച കോടതി ഇമ്രാൻ ഖാനും ഖുറേഷിക്കുമെതിരെകുറ്റം ചുമത്തുമെന്ന പരാമർശത്തോടെ വാദം കേൾക്കുന്നത് ഇന്നത്തേക്ക് മാറ്റിയിരുന്നു. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്‌ഐ‌എ) സെപ്റ്റംബർ 30 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

2022 ഏപ്രിലിൽ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ ഇമ്രാൻ ഖാൻ അധികാരത്തിൽ നിന്ന് പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് അഴിമതി, രാജ്യവിരുദ്ധ പ്രവർത്തനം എന്നിങ്ങനെയുള്ള വകുപ്പുകൾ ചുമത്തി ഇമ്രാനെ അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയത്. തുടർന്ന് ഇക്കഴിഞ്ഞ മേയ് ഒമ്പതിനാണ് ഇമ്രാനെ അറസ്റ്റ് ചെയ്‌തത്. ഇതിൽ പ്രധാന കേസായിരുന്ന തോഷഖാന അഴിമതി കേസിലെ ശിക്ഷ ഇസ്‌ലാമാബാദ് ഹൈക്കോടതി ഓഗസ്റ്റിൽ മരവിപ്പിച്ചതോടെയാണ് ഇമ്രാനെതിരെ പുതുതായി സൈഫർ കേസ് ചുമത്തി ജയിലിൽ കഴിയാൻ നിർബന്ധിതനാക്കിയത്.

തോഷഖാന അഴിമതിക്കേസ് : ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ ലഭിച്ച 14 കോടി പാകിസ്ഥാൻ രൂപ മൂല്യമുള്ള സമ്മാനങ്ങ‌ൾ കുറഞ്ഞവിലയ്ക്ക് സർക്കാർ ഖജനാവിൽനിന്ന് ലേലത്തിൽ വാങ്ങിയശേഷം മറിച്ചു വിറ്റതാണ് തോഷഖാന അഴിമതിക്കേസ് (Toshakhana Case). പ്രധാനമന്ത്രി ഇത്തരത്തിൽ സമ്മാനങ്ങൾ വാങ്ങുമ്പോൾ അധികൃതരെ അറിയിക്കണമെന്നാണ് പാകിസ്ഥാനിലെ നിയമം. നിശ്ചിത തുകയിൽ കുറവാണ് മൂല്യമെങ്കിൽ മാത്രമേ അവ കൈവശം വയ്ക്കാനാകൂ. അല്ലാത്തവ തോഷഖാന എന്ന ഖജനാവിലേക്ക് മാറ്റണം. പിന്നീട് ഈ സമ്മാനങ്ങളുടെ വില 50 ശതമാനം വരെ കുറച്ച് സ്വന്തമാക്കാനാകും. എന്നാൽ ഇമ്രാൻ ഖാൻ നിയമം ലംഘിച്ച് 20 ശതമാനം വരെ വില കുറച്ച് സമ്മാനങ്ങൾ സ്വന്തമാക്കുകയും അവ മറിച്ചുവിൽക്കുകയും ചെയ്‌തു എന്നായിരുന്നു ആരോപണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.