ETV Bharat / city

'40 ലക്ഷം തീരുമാനിച്ചു, 35 ലക്ഷമേ ചേര്‍ക്കാനായുള്ളൂ' ; കോണ്‍ഗ്രസ് അംഗത്വ വിതരണം ലക്ഷ്യത്തിലെത്തിയില്ലെന്ന് സമ്മതിച്ച് കെ.സുധാകരന്‍

author img

By

Published : Apr 19, 2022, 8:11 PM IST

Congress membership campaign yet to reach the target says k kudhakaran
'40 ലക്ഷം തീരുമാനിച്ചു, 35 ലക്ഷമേ ചേര്‍ക്കാനായുള്ളൂ' ; കോണ്‍ഗ്രസ് അംഗത്വ വിതരണം ലക്ഷ്യത്തിലെത്തിയില്ലെന്ന് സമ്മതിച്ച് കെ.സുധാകരന്‍

40 ലക്ഷം ലക്ഷ്യമിട്ടാണ് അംഗത്വ വിതരണം ആരംഭിച്ചതെങ്കിലും 35 ലക്ഷം അംഗങ്ങളെ മാത്രമേ ചേര്‍ക്കാനായുള്ളൂവെന്ന് സുധാകരൻ

തിരുവനന്തപുരം : കോണ്‍ഗ്രസ് അംഗത്വം പ്രതീക്ഷിച്ച ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍. 40 ലക്ഷം ലക്ഷ്യമിട്ടാണ് അംഗത്വ വിതരണം ആരംഭിച്ചതെങ്കിലും 35 ലക്ഷം അംഗങ്ങളെ മാത്രമേ ചേര്‍ക്കാനായുള്ളൂ. ഇതില്‍ 13 ലക്ഷം ഡിജിറ്റല്‍ അംഗത്വവും 22 ലക്ഷം പേപ്പര്‍ മെമ്പര്‍ഷിപ്പുമാണെന്നും അദ്ദേഹം അറിയിച്ചു.

ജനങ്ങളുടെ ഡിജിറ്റല്‍ വിമുഖത, നെറ്റ് വര്‍ക്ക് കവറേജിന്‍റെ അഭാവം തുടങ്ങിയവയെല്ലാം അംഗത്വ വിതരണത്തെ ബാധിച്ചു. പുന സംഘടനയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ അംഗത്വ വിതരണത്തിന്‍റെ ശ്രദ്ധമാറ്റാനിടയാക്കി. മുന്‍കാലങ്ങളില്‍ ലഭിച്ചത്ര സമയം ലഭിക്കാത്തതും കൂടുതല്‍ ഡിജിറ്റല്‍ പരിശീലനം ലഭിക്കാത്തതുമെല്ലാം അംഗത്വ വിതരണത്തെ ബാധിച്ചു.

അംഗത്വ വിതരണം 50 ലക്ഷമാക്കണമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ജി.പരമേശ്വര ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടാണ് 50 ലക്ഷം എന്ന ഉറപ്പുനല്‍കിയിരുന്നതെന്ന് രണ്ട് ദിവസമായി നടന്നുവന്ന കെ.പി.സി.സി ഭാരവാഹികളുടെയും എക്‌സിക്യുട്ടീവ് അംഗങ്ങളുടെയും യോഗത്തിനുശേഷം സുധാകരന്‍ പറഞ്ഞു.

'40 ലക്ഷം തീരുമാനിച്ചു, 35 ലക്ഷമേ ചേര്‍ക്കാനായുള്ളൂ' ; കോണ്‍ഗ്രസ് അംഗത്വ വിതരണം ലക്ഷ്യത്തിലെത്തിയില്ലെന്ന് സമ്മതിച്ച് കെ.സുധാകരന്‍

മുഖ്യമന്ത്രി വന്നാലും പിഴുതെറിയും : കെ-റെയില്‍ പദ്ധതിയുടെ പേരില്‍ അനുവാദമില്ലാതെ ആരുടെയെങ്കിലും ഭൂമിയില്‍ കുറ്റിയിട്ടാല്‍ പൊരിച്ചുനീക്കുമെന്ന് കെ സുധാകരൻ പറഞ്ഞു. മന്ത്രിമാരുടെ നേതൃത്വത്തിലല്ല സാക്ഷാല്‍ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി കല്ലിട്ടാല്‍ അത് പിഴുതെറിഞ്ഞിരിക്കും.

കെ-റെയില്‍ കുറ്റിയിട്ട സ്ഥലങ്ങളിലൂടെ അതാത് ജില്ല കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍മാര്‍ പദയാത്ര നടത്തും. എല്ലാ വിഭാഗം ജനങ്ങളെയും അതില്‍ അണിനിരത്തും. കെ-റെയിലിനെതിരെ 1500 കേന്ദ്രങ്ങളില്‍ കേരള സംരക്ഷണ സദസ് സംഘടിപ്പിക്കുമെന്നും കെ സുധാകരൻ അറിയിച്ചു.

കെ.വി.തോമസിനെ പ്രകോപിപ്പിച്ചിട്ടില്ല : കെ.വി.തോമസിനെ താന്‍ പ്രകോപിപ്പിച്ചുവെന്ന ആരോപണം കെ.സുധാകരന്‍ തള്ളി. താന്‍ ഒരിക്കലും കെ.വി തോമസിനെ പ്രകോപിപ്പിച്ചിട്ടില്ല. കെ.വി തോമസ് പാര്‍ട്ടി വിലക്ക് ലംഘിച്ചാല്‍ എന്തുചെയ്യും എന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിച്ചുചോദിച്ചപ്പോള്‍ സുധാകരനായാലും നടപടിയെടുക്കും എന്നേ പറഞ്ഞിട്ടുള്ളൂ, അത് കെ.വി.തോമസ് ആണെന്ന് വരുത്തിയത് മാധ്യമങ്ങളാണ്.

അതല്ലാതെ അദ്ദേഹത്തിനെതിരെ ഒരു വാക്കും മിണ്ടിയിട്ടില്ല. പരിപാടിയില്‍ പങ്കെടുക്കുന്ന ദിവസവും രാവിലെ അദ്ദേഹവുമായി വളരെ സൗഹാര്‍ദ്ദപരമായാണ് സംസാരിച്ചത്. കെ.വി.തോമസ് ഒരു രക്തസാക്ഷി പരിവേഷം ആഗ്രഹിക്കുന്നുണ്ടാകാമെന്നും സുധാകരന്‍ പറഞ്ഞു. കൂടാതെ രാഹുല്‍ ഗാന്ധിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ പി.ജെ കുര്യനെതിരെ നടപടിയെടുക്കേണ്ടത് എ.ഐ.സി.സിയാണെന്നും സുധാകരന്‍ വ്യക്‌തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.