ETV Bharat / business

ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമുകളില്‍ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെ?

author img

By

Published : Jan 10, 2023, 6:11 PM IST

health insurance claims  All you need to know about health insurance claims  ആരോഗ്യ ഇന്‍ഷൂറന്‍സ്  ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍  ആരോഗ്യ ഇന്‍ഷൂറന്‍സ് അറിഞ്ഞിരിക്കേണ്ടത്  health insurance claims all you need to know
ആരോഗ്യ ഇന്‍ഷൂറന്‍സ്

പലര്‍ക്കും ഒന്നില്‍ കൂടുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ഉണ്ടാകും. ഈ സാഹചര്യത്തില്‍ ഏത് ഇന്‍ഷുറന്‍സ് ആദ്യം ഉപയോഗിക്കണം, ആദ്യ ഇന്‍ഷുറന്‍സില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക ചികിത്സാചെലവായി വരികയാണെങ്കില്‍ രണ്ടാമത്തെ ഇന്‍ഷുറന്‍സില്‍ നിന്ന് എങ്ങനെ ക്ലെയിം ചെയ്യണം എന്നതിനെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടായിരിക്കണം

ഹൈദരാബാദ്: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സംബന്ധിച്ച ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാകുകയാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ പെട്ടെന്ന് തന്നെ തീര്‍പ്പാക്കാനായി ഇന്‍ഷുറന്‍സ് കമ്പനികളോട് ഐആര്‍ഡിഎഐ(Insurance Regulatory and Development Authority of India) നിര്‍ദേശിച്ചിരിക്കുകയാണ്. ക്യാഷ്‌ലസ് ചികിത്സ യാതൊരു സങ്കീര്‍ണതകളും കൂടാതെ ഉറപ്പാക്കുന്നതിനായി പോളിസി ഉടമകള്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ വയ്‌ക്കേണ്ടതുണ്ട്.

ചികിത്സാബില്ലുകള്‍ നിങ്ങള്‍ തന്നെയാണ് അടയ്‌ക്കുന്നതെങ്കില്‍ ആ പണം നിങ്ങള്‍ക്ക് എളുപ്പം ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സാധിക്കും. ഒന്നില്‍കൂടുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തവരുണ്ട്. അതായത് തൊഴിലുടമ നല്‍കുന്ന ഗ്രൂപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി കൂടാതെ പലരും മറ്റൊരു പോളിസി കൂടി തെരഞ്ഞെടുക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ ഏത് പോളിസി ആദ്യം ഉപയോഗിക്കണമെന്ന സംശയം ഉണ്ടാകുന്നു.

രണ്ട് പോളിസികള്‍ ഒരേസമയം ഉപയോഗിച്ച് രണ്ടില്‍ നിന്നും ചികിത്സാചെലവുകള്‍ കൈപറ്റുന്നത് നിയമവിരുദ്ധമാണ്. ഒരു പോളിസിയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ചികിത്സാചെലവ് ഉണ്ടായാല്‍ രണ്ടാമത്തെ പോളിസി ഉപയോഗിക്കാം. ഉദാഹരണത്തിന് നിങ്ങളുടെ ഓഫിസില്‍ നിന്ന് ലഭിക്കുന്ന ഗ്രൂപ്പ് ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയുടെ മൂല്യം അഞ്ച് ലക്ഷമാണെന്നിരിക്കട്ടെ.

നിങ്ങള്‍ അഞ്ച് ലക്ഷം രൂപയുടെ മറ്റൊരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയും എടുത്തിട്ടുണ്ട്. നിങ്ങളുടെ ആശുപത്രി ബില്ല് എട്ട് ലക്ഷമാണ്. ഈ ഒരു സാഹചര്യത്തില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഓഫിസ് ഇന്‍ഷൂറന്‍സ് ആദ്യം ഉപയോഗിക്കുക എന്നുള്ളതാണ്. പിന്നീടാണ് നിങ്ങള്‍ സ്വന്തമായി എടുത്ത ഇന്‍ഷുറന്‍സ് പോളിസി ക്ലെയിം ചെയ്യേണ്ടത്. നിങ്ങള്‍ ടോപ്പപ്പ് പോളിസിയാണ് എടുത്തതെങ്കില്‍ ആദ്യം നിങ്ങള്‍ ബേസിക് പോളിസി ഉപയോഗിക്കുകയും ബാക്കിവരുന്ന തുകയ്‌ക്കായി ടോപ്അപ് പോളിസി ഉപയോഗിക്കുകയും വേണം.

ക്ലെയിം ചെയ്യേണ്ടത് എങ്ങനെ: സാധാരണഗതിയില്‍ ഒരൊറ്റ ഇന്‍ഷുറന്‍സ് പോളിസിയാണ് ആശുപത്രികളില്‍ അനുവദിക്കപ്പെടുന്നത്. ആ ഇന്‍ഷൂറന്‍സ് പോളിസിയില്‍ നിന്ന് അനുവദിക്കപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ തുക ആശുപത്രി ബില്‍ ഇനത്തില്‍ വരികയാണെങ്കില്‍ അധികമായി വരുന്ന തുക നിങ്ങളുടെ രണ്ടാമത്തെ ഇന്‍ഷുറന്‍സ് പോളിസിയില്‍ നിന്നും ക്ലെയിം ചെയ്യേണ്ടിവരും. ഇത്തരം സാഹചര്യത്തില്‍ നമ്മള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

നിങ്ങള്‍ ആദ്യം ക്ലെയിം ചെയ്‌ത ഇന്‍ഷുറന്‍സ് കമ്പനിയുടെ കൈവശമായിരിക്കും എല്ലാ ചികിത്സ ബില്ലുകളും ഉണ്ടായിരിക്കുക. അതുകൊണ്ട് തന്നെ ഒറിജിനല്‍ ബില്ലുകളോടൊപ്പം തന്നെ അതിന്‍റെ കോപ്പികള്‍ എടുക്കുകയും അതില്‍ ബന്ധപ്പെട്ട ആശുപത്രിയില്‍ നിന്ന് അറ്റസ്‌റ്റേഷന്‍ നടത്തുകയും ചെയ്യണം. ആദ്യത്തെ ഇന്‍ഷുറന്‍സ് കമ്പനി നിങ്ങളുടെ ക്ലെയിം അനുവദിക്കുന്നില്ലെങ്കില്‍ ആ കാര്യം രണ്ടാമത്തെ ഇന്‍ഷുറന്‍സ് കമ്പനിയെ എഴുതി അറിയിക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ ക്ലെയിം ഫയല്‍ ചെയ്യാന്‍ വരുന്ന കാലതാമസം പ്രശ്‌നമായി വരില്ല. ഇന്‍ഷുറന്‍സ് കമ്പനിയുടെ സര്‍വീസ് സെന്‍ററുമായി ബന്ധപ്പെടുകയും ഇതിന്‍റെ വിശദാംശങ്ങള്‍ അറിയുകയും വേണം.

പോളിസികളെ കുറിച്ച് വ്യക്തമായ ധാരണ ആര്‍ജിക്കുക: ഏത് ഇന്‍ഷുറന്‍സ് പോളിസിയാണ് ആദ്യം ഉപയോഗിക്കപ്പെടേണ്ടത് എന്നതും ഏത് ഇന്‍ഷുറന്‍സ് പോളിസിയാണ് പിന്നീട് ഉപയോഗിക്കേണ്ടത് എന്നതുമൊക്കെ സാഹചര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് തീരുമാനിക്കപ്പെടേണ്ടത്. നിങ്ങളുടെ കമ്പനി നല്‍കുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് സാധ്യമായിടത്തോളം പ്രഥമ പരിഗണന നല്‍കണം.

നിങ്ങളുടെ തൊഴിലുടമ നല്‍കുന്ന പോളിസിക്ക് സാധാരണ നിലയില്‍ നോ ക്ലേയിം ബോണസ് ലഭ്യമല്ല. അതേസമയം വ്യക്തിഗത പോളിസികള്‍ക്ക് നോ ക്ലെയിം ബോണസ് ലഭ്യമാണ്. നോക്ലെയിം ബോണസ് കൊണ്ട് പോളിസി പുതുക്കുന്ന അവസരത്തില്‍ പ്രീമിയം കുറയുകയോ അല്ലെങ്കില്‍ പോളിസിയുടെ മൂല്യം വര്‍ധിക്കുകയോ ചെയ്യുന്നു.

ചില ഇന്‍ഷുറന്‍സ് പോളിസികള്‍ മുമ്പേ നിലനില്‍ക്കുന്ന അസുഖങ്ങള്‍ക്ക് (pre-existing diseases) നാല് വര്‍ഷങ്ങള്‍ക്ക് ശേഷമെ പരിരക്ഷ നല്‍കുകയുള്ളൂ. അതേസമയം ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് അത്തരത്തിലുള്ള പരിധികളില്ല. അതുകൊണ്ട് തന്നെ അത്തരം സാഹചര്യങ്ങളില്‍ കോര്‍പ്പറേറ്റ് പോളിസിയാണ് ഉപയോഗിക്കേണ്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന അവസരത്തില്‍ ഏത് പോളിസിയാണ് കുടുതല്‍ ഗുണകരം എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള അറിവ് ഏത് പോളിസിയാണ് ഉപയോഗിക്കേണ്ടത് എന്നത് സംബന്ധിച്ച് വ്യക്തമായ ധാരണ നല്‍കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.