ETV Bharat / bharat

മാലിന്യ സംസ്‌കരണത്തിൽ പരാജയം; ബിഹാറിന് 4000 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രിബ്യൂണൽ

author img

By

Published : May 5, 2023, 7:54 PM IST

4000 crore environmental compensation on Bihar  Bihar  NGT  National Green Tribunal  ദേശീയ ഹരിത ട്രിബ്യൂണൽ  ബിഹാറിന് 4000 കോടി രൂപ പിഴ  മാലിന്യ സംസ്‌കരണം  ബിഹാറിന് പിഴ  എ കെ ഗോയൽ  environmental compensation on Bihar
ദേശീയ ഹരിത ട്രിബ്യൂണൽ

രണ്ട് മാസത്തിനകം പിഴ തുക അടയ്‌ക്കണമെന്നാണ് ജസ്റ്റിസ് എ കെ ഗോയൽ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.

ന്യൂഡൽഹി: ഖര-ദ്രവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ബിഹാറിന് 4000 കോടി രൂപ പാരിസ്ഥിതിക നഷ്‌ടപരിഹാരം ചുമത്തി ദേശീയ ഹരിത ട്രിബ്യൂണൽ. രണ്ട് മാസത്തിനകം തുക റിങ്ഫെൻസ്‌ഡ് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും ചെയർപേഴ്‌സൺ ജസ്റ്റിസ് എ കെ ഗോയൽ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ഖരമാലിന്യ സംസ്‌കരണ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും, കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ നിർമാർജനം ചെയ്യുന്നതിനും മലിനജല സംസ്‌കരണ പ്ലാന്‍റുകൾ സ്ഥാപിക്കുന്നതിനും പിഴ തുക ഉപയോഗിക്കുമെന്ന് ബെഞ്ച് വ്യക്‌തമാക്കി. സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന മാലിന്യം 11.74 ലക്ഷം മെട്രിക് ടണ്ണിലധികമാണെന്നും, 4,072 മെട്രിക് ടൺ സംസ്‌കരിക്കാത്ത നഗരമാലിന്യവും, പ്രതിദിന ദ്രവമാലിന്യ ഉത്‌പാദനത്തിലും സംസ്‌കരണത്തിലും ഉള്ള വിടവ് 2,193 ദശലക്ഷം ലിറ്ററാണെന്നും എൻജിടി ചൂണ്ടിക്കാട്ടി.

സംസ്ഥാന-ജില്ല തലങ്ങളിൽ സുഗമമായ നിരീക്ഷണ സംവിധാനം ഉപയോഗിച്ച് പുനരുദ്ധാരണ പദ്ധതികൾ എല്ലാ ജില്ലകളിലും നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും സമയബന്ധിതമായി കാലതാമസം കൂടാതെ ഒരേസമയം നടപ്പിലാക്കേണ്ടതുണ്ടെന്നും ബെഞ്ച് വ്യക്‌തമാക്കി. മലിനജല, ഖരമാലിന്യ സംസ്‌കരണം നിരീക്ഷിക്കുന്നതിനുള്ള കർത്തവ്യം ജില്ല മജിസ്‌ട്രേറ്റുകൾ ഏറ്റെടുക്കണമെന്നും ചീഫ് സെക്രട്ടറിക്ക് മാസാടിസ്ഥാനത്തിൽ റിപ്പോർട്ട് നൽകുകയും ചീഫ് സെക്രട്ടറി ഇവ മൊത്തത്തിൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്നും ട്രിബ്യൂണൽ നിർദേശിച്ചു.

ഖരമാലിന്യ സംസ്‌കരണ നിയമങ്ങൾ നിയമാനുസൃതമായ സമയക്രമങ്ങൾക്കുള്ളിൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൂടുതൽ പരിഹാര നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ട്രിബ്യൂണൽ നിർദേശം നൽകി. 2017 ഫെബ്രുവരി 22 ലെ സുപ്രീം കോടതി വിധി കണക്കിലെടുത്ത് ആവശ്യമായ മലിനജല പരിപാലന സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള സമയക്രമങ്ങൾ കർശനമായി അംഗീകരിക്കേണ്ടതുണ്ടെന്നും ട്രിബ്യൂണൽ പറഞ്ഞു.

ജില്ല തലത്തിൽ പാരിസ്ഥിതിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഓറിയന്‍റേഷൻ പ്രോഗ്രാമുകൾ ഉടനടി രൂപീകരിക്കാനും ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. കൂടാതെ സംസ്ഥാന തലത്തിലും ജില്ല തലത്തിലും മാലിന്യ സംസ്‌കരണം ആസൂത്രണം ചെയ്യുന്നതിനും ശേഷി വർധിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ഒരു കേന്ദ്രീകൃത ഏകജാലക സംവിധാനം സ്ഥാപിക്കാനും ഉന്നത ഉദ്യോഗസ്ഥർക്ക് ട്രിബ്യൂണൽ നിർദേശം നൽകി.

വന വിസ്‌തൃതി വർധിപ്പിച്ചും സംസ്‌കരിച്ച മലിനജലം ഫലപ്രദമായി ഉപയോഗിച്ചും കാർബൺ ക്രെഡിറ്റിനായി സംസ്ഥാനത്തിന് ബാധകമായ നയങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുമെന്നും ട്രിബ്യൂണൽ വ്യക്‌തമാക്കി. മലിനജലത്തിന്‍റെയും ഖര മാലിന്യത്തിന്‍റെയും അളവ്, സംസ്‌കരണം, നിലവിലുള്ള വിടവ് എന്നിവ സംബന്ധിച്ച് ഓരോ നഗരത്തിന്‍റെയും പട്ടണത്തിന്‍റെയും ഗ്രാമത്തിന്‍റെയും വിശദാംശങ്ങൾ ഉൾപ്പെടെ പരിശോധിച്ചുറപ്പിച്ച് ആറുമാസത്തെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും ട്രിബ്യൂണൽ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു.

കൊച്ചി കോർപ്പറേഷനും 100 കോടി പിഴ: നേരത്തെ ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചി കോര്‍പറേഷനും ഹരിത ട്രിബ്യൂണൽ 100 കോടി രൂപ പിഴ വിധിച്ചിരുന്നു. തീപിടിത്തം ഉണ്ടായിട്ടും കൊച്ചി കോര്‍പ്പറേഷന്‍ കൃത്യവിലോപം തുടര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരിത ട്രിബ്യൂണൽ പിഴ വിധിച്ചത്. പിഴത്തുക തീപിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കണമെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ വ്യക്തമാക്കിയിരുന്നു.

തീപിടിത്തം ഉണ്ടായപ്പോൾ അണയ്‌ക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഗുരുതര വീഴ്‌ചയുണ്ടായെന്നും വിധി പ്രസ്‌താവത്തിനിടെ ട്രിബ്യൂണൽ വിലയിരുത്തി. മാലിന്യ പ്ലാന്‍റിലെ തീ കെടുത്താനുണ്ടായ കാലതാമസം സംസ്ഥാന സർക്കാരിന്‍റെ പരാജയമാണെന്നും ട്രിബ്യൂണൽ അഭിപ്രായപ്പെട്ടിരുന്നു.

ALSO READ: ബ്രഹ്മപുരം തീപിടിത്തം : കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.