ETV Bharat / bharat

Coal mine collapse | ജാർഖണ്ഡില്‍ കല്‍ക്കരി ഖനി ഇടിഞ്ഞുവീണ് 3 പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചവരില്‍ കൗമാരക്കാരനും, പ്രതിഷേധം

author img

By

Published : Jun 9, 2023, 4:19 PM IST

Updated : Jun 9, 2023, 11:02 PM IST

ജാർഖണ്ഡിലെ ഭൗറ കോളിയറില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്

Etv Bharat
Etv Bharat

സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യം

ധൻബാദ്: ജാർഖണ്ഡില്‍ കല്‍ക്കരി ഖനി ഇടിഞ്ഞുവീണ് കൗമാരക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഭൗറ കോളിയറി മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച ഖനിയിലാണ് അപകടം. സംഭവത്തില്‍ രണ്ട് പേർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10.30 നായിരുന്നു സംഭവം.

കോളിയറി പ്രദേശത്തുനിന്നും 21 കിലോമീറ്റർ അകലെയുള്ള ഭാരത് കോക്കിങ് കോൾ ലിമിറ്റഡിന്‍റെ (ബിസിസിഎൽ) ഖനിയിലാണ് സംഭവം. അപകടത്തില്‍ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സിന്ദ്രി അഭിഷേക് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. രക്ഷപ്രവർത്തനം പൂര്‍ത്തിയായ ശേഷമേ മരിച്ചവരുടേയും അകപ്പെട്ടവരുടേയും കൃത്യമായ എണ്ണം വ്യക്തമാകൂവെന്ന് സിന്ദ്രി അഭിഷേക് കുമാർ രാവിലെ വിശദീകരിച്ചു.

ഖനി തകർന്ന സമയം നിരവധി പ്രദേശവാസികൾ അനധികൃത ഖനനം നടത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷി പറഞ്ഞു. നാട്ടുകാരുടെ സഹായത്തോടെയാണ് മൂന്ന് പേരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ഡോക്‌ടര്‍മാർ ഇവരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

'പരാതിപ്പെട്ടത് നിരവധി തവണ, എന്നിട്ടും..': ഖനി ഇടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചതായും നിരവധി പേർ മണ്ണിനടിയിൽപ്പെട്ടതായും വിവരം ലഭിച്ചതിനെ തുടർന്ന് തിടുക്കപ്പെട്ടാണ് സ്ഥലത്തെത്തിയതെന്ന് ദൃക്‌സാക്ഷി വിനോദ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അഞ്ച് പേർ ഖനി അവശിഷ്‌ടങ്ങൾക്കടിയിൽ അകപ്പെട്ടതായും അതിൽ മൂന്ന് പേർ മരിച്ചതായും മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ | തെലങ്കാനയില്‍ കല്‍ക്കരി ഖനിയുടെ ഭിത്തി തകര്‍ന്നുവീണു; നാലുപേര്‍ കുടുങ്ങി

പ്രദേശത്ത് നടക്കുന്ന അനധികൃത ഖനനം നിർത്തിവയ്‌ക്കണമെന്ന് നാട്ടുകാര്‍ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് മൈൻസ് സേഫ്റ്റിയോട് (ഡിജിഎംഎസ്) പലതവണ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇതില്‍ ഫലമുണ്ടായില്ലെന്ന് പ്രദേശവാസി സുബോധ് കുമാർ പറഞ്ഞു. അനധികൃത ഖനനത്തിനെതിരെ ഡിജിഎംഎസ് ഓഫിസിന് മുന്‍പില്‍ നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിട്ട് പോലും ഉദ്യോഗസ്ഥര്‍ക്ക് അനക്കമില്ലെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്.

കൗമാരക്കാരന്‍റെ മൃതദേഹവുമായി പ്രതിഷേധിച്ച് കുടുംബം: ഇന്നുണ്ടായ ദുരന്തത്തില്‍ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് മൈൻസ് സേഫ്റ്റി (ഡിജിഎംഎസ്), ഭാരത് കോക്കിങ് കോൾ ലിമിറ്റഡ് (ബിസിസിഎൽ) എന്നീ സ്ഥാപനങ്ങളിലിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരവാദികളായിരിക്കുമെന്നും സുബോധ് ആരോപിച്ചു. അനധികൃത ഖനനത്തിനിടെയാണ് അപകടമുണ്ടായതെന്ന് പ്രദേശത്തെ പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം കൗമാരക്കാരന്‍റെ മൃതദേഹം, ഡിജിഎംഎസ് ഓഫിസിന് മുന്‍പില്‍വച്ച് കുടുംബവും നാട്ടുകാരും പ്രതിഷേധിച്ചു.

ഭരണനേതൃത്വത്തിനെതിരേയും ബിസിസിഎൽ ഉദ്യോഗസ്ഥർക്കെതിരേയും മുദ്രാവാക്യങ്ങൾ ഉയര്‍ന്നു. കൗമാരക്കാരന്‍റെ അമ്മ മാധ്യമങ്ങൾക്ക് മുന്‍പില്‍ നെഞ്ചുപൊട്ടി കരയുന്ന വീഡിയോ പുറത്തുവന്നിരുന്നു. 'നാട്ടുകാരായ ചിലർ എന്‍റെ കുട്ടിയെ ഖനിയിൽ ജോലി ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു. പലതവണ കുട്ടിയെ അയയ്ക്കാൻ ഞാന്‍ വിസമ്മതിച്ചെങ്കിലും ഫലമുണ്ടായില്ല' - കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ | വീട്ടാവശ്യത്തിനായി ചാരമെടുക്കുന്നതിനിടെ അപകടം ; ഛത്തീസ്‌ഗഡില്‍ കല്‍ക്കരി ഖനി തകര്‍ന്ന് മൂന്ന് ഗ്രാമീണര്‍ മരിച്ചു

Last Updated :Jun 9, 2023, 11:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.