ETV Bharat / bharat

'പാര്‍ലമെന്‍റ് ഉദ്‌ഘാടനത്തിന് ഞാന്‍ പോവും, ബഹിഷ്‌കരിക്കാന്‍ ബിജെപി ഓഫിസിന്‍റെ ചടങ്ങല്ല' ; തീരുമാനത്തിലുറച്ച് എച്ച്‌ഡി ദേവഗൗഡ

author img

By

Published : May 25, 2023, 10:53 PM IST

രാഷ്‌ട്രപതിയെ ക്ഷണിക്കാതെ പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രി മോദി ഉദ്‌ഘാടനം ചെയ്യുന്നതാണ് വിവാദമായത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിച്ചിരിക്കെയാണ് ദേവഗൗഡ നിലപാട് വ്യക്തമാക്കിയത്
hd deve gowda  hd deve gowda to attend new parliament building  തീരുമാനത്തിലുറച്ച് എച്ച്‌ഡി ദേവഗൗഡ  തീരുമാനത്തിലുറച്ച് എച്ച്‌ഡി ദേവഗൗഡ  എച്ച്‌ഡി ദേവഗൗഡ
എച്ച്‌ഡി ദേവഗൗഡ

ബെംഗളൂരു : പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് ജെഡിഎസ് തലവനും മുൻ പ്രധാനമന്ത്രിയുമായ എച്ച്‌ഡി ദേവഗൗഡ. പാര്‍ലമെന്‍റ് രാജ്യത്തിന്‍റെ സ്വത്താണ്. രാജ്യത്തെ നികുതിദായകരുടെ പണത്തിൽ നിന്നാണ് അത് നിർമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ലമെന്‍റ് ഉദ്ഘാടനം ബഹിഷ്‌കരിക്കാന്‍ അത് ബിജെപിയുടേയും ആർഎസ്‌എസിന്‍റേയും ഓഫിസാണോയെന്നും ഗേവഗൗഡ ചോദിച്ചു. 'ഞായറാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റ് കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കും. പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ ഞാന്‍ പങ്കെടുക്കും. ഇത് രാജ്യത്തിന്‍റെ സ്വത്താണ്. ആരുടെയും വ്യക്തിപരമായ ഒരു കാര്യമല്ല' - ഗൗഡ ന്യായീകരിച്ചകൊണ്ട് പറഞ്ഞു.

ALSO READ | 'പുരാതനവും ചരിത്രപരവുമായ 'ചെങ്കോല്‍' പ്രധാനമന്ത്രി സ്വീകരിക്കും, പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്ഥാപിക്കും'; അമിത് ഷാ

രാഷ്ട്രീയമായി ബിജെപിയെ എതിർക്കാൻ തനിക്ക് നിരവധി കാരണങ്ങളുണ്ട്. പാർലമെന്‍റ് മന്ദിരത്തിന്‍റെ കാര്യത്തിൽ രാഷ്ട്രീയം കൊണ്ടുവരാൻ ഇഷ്‌ടപ്പെടുന്നില്ലെന്നും അദ്ദേഹം ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞു. താൻ പാർലമെന്‍റിന്‍റെ ഇരുസഭകളിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭരണഘടന ചട്ടക്കൂടിൽ നിന്നുകൊണ്ടാണ് താൻ അവിടെ ചുമതലകൾ നിർവഹിച്ചത്. താൻ ഇപ്പോഴും രാജ്യ സഭയിൽ അംഗമാണ്. ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിക്കാൻ താൻ പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽ, ഭരണഘടനയുടെ കാര്യത്തിൽ തനിക്ക് രാഷ്ട്രീയം കൊണ്ടുവരാൻ കഴിയില്ല.

ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ : പല പാർട്ടികളും പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ബഹിഷ്‌കരിച്ചിട്ടുണ്ട്. താന്‍ മുൻ പ്രധാനമന്ത്രിയായതിനാൽ പങ്കെടുക്കുമോ ഇല്ലയോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. താൻ ഭരണഘടനയോട് പ്രതിജ്ഞാബദ്ധനാണ്. പരിപാടിയില്‍ പോകുമെന്ന കാര്യം അവരോട് ഉറപ്പിച്ചുപറയാൻ താന്‍ ആഗ്രഹിക്കുന്നുവെന്ന് ഗൗഡ നിലപാട് വ്യക്തമാക്കി. നിലവിൽ 21 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസിഡന്‍റ് ദ്രൗപദി മുർമു ഉദ്‌ഘാടനം ചെയ്യേണ്ടതിന് പകരം പ്രധാനമന്ത്രി മോദി ഉദ്‌ഘാടനം ചെയ്യുന്നതിലാണ് പാര്‍ട്ടികളുടെ വിയോജിപ്പ്.

കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി : പുതിയ പാർലമെന്‍റ് മന്ദിരം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യാനിരിക്കെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്‌ട്രപതിയാണ്, അല്ലാതെ പ്രധാനമന്ത്രിയല്ലെന്നാണ് രാഹുലിന്‍റെ വിമര്‍ശനം. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

പുതുതായി നിർമിച്ച പാർലമെന്‍റ് മന്ദിരം, മെയ് 28നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുക. കഴിഞ്ഞ വ്യാഴാഴ്‌ച (മെയ്‌ 18) ലോക്‌സഭ സ്‌പീക്കർ ഓം ബിർള, മോദിയെ കാണുകയും പാര്‍ലമെന്‍റിന്‍റെ ഉദ്ഘാടനത്തിന് വേണ്ടി ക്ഷണിക്കുകയും ചെയ്‌തിരുന്നു. ലോക്‌സഭ സെക്രട്ടേറിയറ്റാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ALSO READ | 'ഇത് മോദിയുടെ ദീര്‍ഘ വീക്ഷണം, പുതിയ പാര്‍ലമെന്‍റില്‍ ചെങ്കോല്‍ സ്ഥാപിക്കും': അമിത്‌ ഷാ

ഉദ്‌ഘാടനം സവര്‍ക്കറുടെ ജന്മദിനത്തില്‍: ഹിന്ദുത്വ സൈദ്ധാന്തികനും ഹിന്ദുമഹാസഭ പ്രമുഖനുമായിരുന്ന വിനായക്‌ ദാമോദര്‍ സവര്‍ക്കറുടെ ജന്മദിനമാണ് മെയ് 28. ഈ ദിവസം തന്നെ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിശ്ചയിച്ചതിനെതിരെ നിരവധി പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെ കടന്നാക്രമിച്ചിരുന്നു. രാജ്യത്തെ കെട്ടിപ്പടുത്തവരെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ഈ നീക്കത്തെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് പറഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.