ETV Bharat / opinion

ഭീതിയകലുന്ന കശ്‌മീര്‍; പോളിങ് പാറ്റേണിലെ മുന്നേറ്റം വ്യക്തമാക്കുന്ന രാഷ്‌ട്രീയ മാറ്റം - Kashmir Changing Polling Pattern

author img

By ETV Bharat Kerala Team

Published : May 23, 2024, 7:20 AM IST

തെരഞ്ഞെടുപ്പ് പ്രക്രിയില്‍ നിന്ന് ഏറെക്കുറെ വിട്ടു നിന്നിരുന്ന കശ്‌മീര്‍ ഈ ലോക്‌സഭ തെരഞ്ഞെടുപ്പിൽ അത്‌ഭുതകരമായ മാറ്റം കാഴ്‌ചവച്ചതിനെ കുറിച്ച് ഇടിവി ഭാരതിൻ്റെ ബിലാൽ ഭട്ട് എഴുതുന്നു...

KASHMIR POLLING 2024  KASHMIR CHANGE IN POLLING 2024  കാശ്‌മീരിലെ തെരഞ്ഞെടുപ്പ് മാറ്റം  കാശ്‌മീര്‍ ലോക്‌സഭ തെരഞ്ഞെടുപ്പ്
Voters In Kashmir (ETV Bharat)

തിറ്റാണ്ടുകളായി വോട്ടെടുപ്പിനോട് വിമുഖത കാണിച്ചിരുന്ന സംസ്ഥാനമായിരുന്നു കശ്‌മീർ. പോളിങ് പട്ടികയില്‍ ഏറ്റവും താഴെയായിരുന്നു കശ്‌മീര്‍ എന്നും നിലകൊണ്ടിരുന്നത്. രാഷ്‌ട്രീയ പ്രക്ഷുബ്‌ധതകള്‍ അലയടിച്ച താഴ്‌വരയില്‍ പലപ്പോഴും തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ തടസപ്പെട്ടിരുന്നു.

എന്നാല്‍ അവയെല്ലാം പഴങ്കഥയാകുന്ന കാഴ്‌ചയാണ് കശ്‌മീരില്‍ കാണുന്നത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ 5 ഘട്ടം എത്തി നില്‍ക്കുമ്പോള്‍, വോട്ടിങ് കണക്കുകളില്‍ വൻ മുന്നേറ്റമാണ് കശ്‌മീര്‍ കാണിക്കുന്നത്.

ഒരു ഉദാഹരണം നോക്കാം... പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടത്തിൽ, മെയ് 20-ന് വോട്ടെടുപ്പ് നടന്ന ബാരാമുള്ള മണ്ഡലത്തില്‍ 60 ശതമാനത്തോളം വോട്ടാണ് രേഖപ്പെടുത്തിയത്. 1967-ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിന് ശേഷമുള്ള പ്രദേശത്തെ ഏറ്റവും ഉയർന്ന പോളിങ്ങാണിത്.

ഏതൊരു സെഫോളജിസ്റ്റും (തെരഞ്ഞെടുപ്പ് വിഷയത്തിലെ വിദഗ്‌ധന്‍) ഈ നമ്പറുകളെ അസാധാരണമെന്ന് വിളിക്കും. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ 34.89 ശതമാനം മാത്രം പോളിങ് രേഖപ്പെടുത്തിയ മണ്ഡലത്തിലാണ് ഈ കുതിപ്പ് ഉണ്ടായിരിക്കുന്നത് എന്നറിയുമ്പോഴാണ് ചിത്രം കൂടുതല്‍ വ്യക്തമാവുക.

ഒരു കാലത്ത് തീവ്രവാദ ഭീതി നിറഞ്ഞു നിന്നിരുന്ന ഈ മണ്ഡലത്തിലെ വോട്ടര്‍മാര്‍ തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കാൻ രംഗത്തിറങ്ങിയത് തന്നെ വലിയ മാറ്റമാണ് സൂചിപ്പിക്കുന്നത്. ഒരു കാലത്ത് അസ്ഥിരമായിരുന്ന പട്ടൻ, ഹന്ദ്വാര, ത്രേഗാം (ജെകെഎൽഎഫ് സ്ഥാപകൻ മഖ്ബൂൽ ഭട്ടിന്‍റെ ജന്മസ്ഥലം) നിയമസഭ മണ്ഡലങ്ങളിൽ പോലും ഇത്തവണ 60 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി എന്നതും ശ്രദ്ധേയമാണ്.

ഒരു ജനാധിപത്യ രാഷ്‌ട്രമെന്ന നിലയിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് തീര്‍ത്തും സന്തോഷകരമായ കാര്യമാണ്. ബ്രിട്ടീഷ് ഭരണം അവസാനിച്ചത് മുതൽ രാജ്യത്ത് ഗവൺമെന്‍റുകൾ രൂപീകരിക്കാനുള്ള ജനാധിപത്യ പ്രക്രിയയില്‍ കശ്‌മീര്‍ ഏറെക്കുറെ, വിശേഷിച്ചും 1987 മുതൽ അപ്രത്യക്ഷമായിരുന്നു എന്ന് തന്നെ പറയാം. രാജ്യം മുഴുവൻ തെരഞ്ഞെടുപ്പ് ഉത്സവം ആഘോഷിക്കുമ്പോൾ കശ്‌മീര്‍ ആളൊഴിഞ്ഞ ഉത്സവ പറമ്പ് പോലെ കിടക്കുകയായിരുന്നു. താഴ്‌വരയിലെ തെരുവുകളിൽ അക്രമം അഴിച്ചുവിടുന്നും പതിവായിരുന്നു.

ഭരണകർത്താക്കളും പൗരന്മാരും തമ്മിൽ വലിയൊരു വിടവ് കാശ്‌മീരിലുണ്ടായിരുന്നു. വിഘടനവാദ സംഘടനകൾ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനങ്ങൾ നടത്തിയതോടെ ഈ വിടവ് കൂടുതൽ വർധിച്ചു. വോട്ട് ചെയ്യുന്നത് വിഘടനവാദികളെ പ്രകോപിപ്പിക്കുമെന്നും ജീവന് ഭീഷണിയാകുമെന്നുമുള്ള പ്രതീതി പരക്കെ അംഗീകരിക്കപ്പെട്ടതോടെ ആളുകൾ തെരഞ്ഞെടുപ്പില്‍ നിന്ന് അകന്നു.

വോട്ടിന്‍റെ മൂല്യം അറിയാമായിരുന്ന വിഘടനവാദ ക്യാമ്പുകളും തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാന്‍ ഒരുങ്ങിയിരുന്നു. സയ്യിദ് സലാഹുദ്ദീൻ (ഹിസ്ബുൾ മുജാഹിദീൻ തലവൻ), സയ്യിദ് അലി ഷാ ഗീലാനി (മുൻ ഹുറിയത്ത് തലവൻ) എന്നിവരെപ്പോലുള്ളവർ 1987-ലെ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടായിരുന്നു. വിഘടനവാദി നേതാവ് മുഹമ്മദ് യാസിൻ മാലിക് ആയിരുന്നു ഇവരുടെ പോളിങ് ഏജന്‍റായി അക്കാലത്ത് പ്രചാരണം നടത്തിയത്. മുസ്ലീം യുണൈറ്റഡ് ഫ്രണ്ട് (എംയുഎഫ്)ന്‍റെ കീഴില്‍ പേനയും പാത്രവും എന്ന ചിഹ്നത്തിലാണ് അവർ മത്സരിച്ചത്. ഒരു ദശാബ്‌ദത്തിന് ശേഷം മുഫ്‌തി മുഹമ്മദ് സയീദിന്‍റെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അതേ ചിഹ്നം സ്വീകരിച്ചു.

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം, ഫാറൂഖ് അബ്‌ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കോൺഫറൻസ്, തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് എംയുഎഫ് നേതൃത്വത്തിന്‍റെ സകല നിയന്ത്രണവും നഷ്‌ടപ്പെട്ടു. നാഷണൽ കോൺഫറൻസിന്‍റെ ഭരണം അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ വിവിധ രാഷ്‌ട്രീയ ഗ്രൂപ്പുകൾ തെരഞ്ഞെടുപ്പ് നേരിടാൻ ഒന്നിച്ച് നിന്നു. വിഘടനവാദത്തെ പിന്തുണയ്ക്കാനായി വിഘടനവാദി പാർട്ടികൾ സ്ഥാപിക്കാൻ സമാന ശക്തികൾ ഒന്നിച്ചു.

അവർ ആദ്യം ചെയ്‌തത് തെരഞ്ഞെടുപ്പിനെ നിയമവിരുദ്ധമായ പ്രക്രിയയായി പ്രഖ്യാപിക്കുക എന്നതായിരുന്നു. ഭീതിലാഴ്‌ന്ന ജനം തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കാതെയായി. വിജയികളായി പ്രഖ്യാപിക്കപ്പെട്ടവർക്ക് വളരെ തുഛമായ വോട്ടർമാരുടെ പിന്തുണ മാത്രമാണ് ഉണ്ടായിരുന്നത്.

പ്രദേശത്തെ ഭൂരിഭാഗം ആളുകളും തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. 1987-ന് ശേഷം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾ കനത്ത സുരക്ഷ വിന്യാസം, കുറഞ്ഞ വോട്ടിങ് ശതമാനം, ഗ്രൗണ്ട് ക്യാൻവാസിങ് എന്നിവ കൊണ്ട് നയിക്കപ്പെട്ടു. തൽഫലമായി, ജനാധിപത്യത്തിന്‍റെ ഉത്സവത്തെ കശ്‌മീരിലെ ജനതയ്ക്ക് വേണ്ട പോലെ കൊണ്ടാടാന്‍ കഴിയാതെ പോയി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഉടൻ താഴ്‌വരയിൽ സംഘർഷാവസ്ഥ ഉടലെടുക്കുന്നതായിരുന്നു പതിവ് രീതി. മുപ്പത് വർഷത്തിലേറെയായി ആളുകൾക്ക് അവരുടെ വോട്ടവകാശം നേരാംവണ്ണം വിനിയോഗിക്കാനായിട്ടില്ല. കശ്‌മീരിലെ ആദ്യ വോട്ടർമാര്‍ ചിലപ്പോള്‍ തങ്ങളുടെ 50-കളിൽ എത്തി നിക്കുന്നവര്‍ വരെ ആകാം എന്നതാണ് വസ്‌തുത.

ഇത്തവണ പക്ഷേ, കശ്‌മീരിന്‍റെ അന്തരീക്ഷം ആകെ മാറി. ഒരുകാലത്ത് ക്യാമറകള്‍ക്ക് മുഖം കൊടുക്കാതെ ഒഴുഞ്ഞുമാറിയിരുന്ന ജനത ഇപ്പോൾ വിരലില്‍ മഷി പുരട്ടിയുള്ള സെൽഫികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു. മുമ്പ് ശൂന്യമായി കിടന്നിരുന്ന അതേ തെരുവുകളിലും പോളിങ് സ്റ്റേഷനുകളിലും വോട്ടർമാർ തങ്ങൾക്കിഷ്‌ടമുള്ള സ്ഥാനാർഥികൾക്ക് വോട്ട് രേഖപ്പെടുത്താൻ ക്യൂ നില്‍ക്കുന്നു.

വോട്ടർമാർ മാത്രമല്ല തെരഞ്ഞെടുപ്പ് നടത്താൻ നിയോഗിക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരും ഇത്തവണ ആശ്വാസത്തിന്‍റെ നെടുവീർപ്പിടുന്നുണ്ട്. കശ്‌മീരിൽ തെരഞ്ഞെടുപ്പ് ചുമതലകൾ നിർവഹിക്കുന്നതിനിടെ നിരവധി ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്‌ടപ്പെട്ടിരുന്നു. മരിച്ചയാൾ ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടയാളാണെങ്കിൽ ബന്ധുക്കള്‍ക്ക് ദുഃഖിക്കാനുള്ള അവകാശം പോലുമുണ്ടായിരുന്നില്ല. കനത്ത നിശബ്‌ദതയില്‍ മരിച്ചവരെ സംസ്‌കരിച്ചുകൊള്ളണം.

പോളിങ് സ്റ്റേഷനുകൾ നിയന്ത്രിക്കുന്ന അധ്യാപകരും സർക്കാർ ഉദ്യോഗസ്ഥരും വോട്ടിങ് അവസാനിക്കുന്നത് വരെ മുള്‍മുനയിലായിരിക്കും ഇരിക്കുക. സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങാൻ അവരുടെ കുടുംബാംഗങ്ങൾ നിത്യവും പ്രാർഥിക്കുമായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം കറുത്ത മഷി പുരട്ടിയ വിരലുകൾ കണ്ടാല്‍ അവ വെട്ടിമാറ്റും. താഴ്‌വരയില്‍ മരണത്തെ മുഖാമുഖം കണ്ടാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കശ്‌മീരില്‍ ജോലി ചെയ്‌തിരുന്നത്.

ആ ദിനങ്ങളെ 2024-മായി താരതമ്യം ചെയ്യുമ്പോള്‍ കശ്‌മീരിന്‍റെ രാഷ്‌ട്രീയ ചരിത്രത്തിലെ ശ്രദ്ധേയ വഴിത്തിരിവാണ് 2024 എന്ന് ആർക്കും പറയാം. 2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് അഞ്ച് വർഷത്തിന് ശേഷം എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന മാറ്റമാണ് കശ്‌മീരിലുണ്ടായിരിക്കുന്നത്.

ഇന്ത്യ മഹാരാജ്യത്തെ മറ്റേത് സംസ്ഥാനത്തെയും പോലെ ഇപ്പോൾ കശ്‌മീരും ജനാധിപത്യത്തിന്‍റെ ഉത്സവത്തെ കൊണ്ടാടുകയാണ്. അതേസമയം, ജനങ്ങളുടെ വോട്ടിങ് തീരുമാനങ്ങളെ സ്വാധീനിക്കുന്നത് എന്താണെന്നും എന്തുകൊണ്ടാണെന്നും മനസിലാക്കേണ്ടത് പ്രധാനമാണ്.

കശ്‌മീർ എന്നത് വളരെ ചെറിയ പ്രദേശമാണ്. സംസ്ഥാന പദവി പുനഃസ്ഥാപിക്കാനായി അധികാരം നേടുന്ന പാർട്ടിക്ക് മേല്‍ വലിയ സ്വാധീനം ചെലുത്താന്‍ കശ്‌മീരിന് കഴിഞ്ഞേക്കില്ല. 543 അംഗ സഭയില്‍ കശ്‌മീരിന്‍റെ സംഖ്യക്ക് സാങ്കേതികമായി വലിയ പ്രാധാന്യമൊന്നും ഇല്ല. എന്നാല്‍ കശ്‌മീരികൾ മറിച്ചാണ് ചിന്തിക്കുന്നത്. അവരുടെ ബാലറ്റിന് എന്തെങ്കിലും സ്വാധീനം ഉണ്ടായിരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. ഇക്കുറി അവർക്ക് കിട്ടാവുന്ന ഏറ്റവും കുറഞ്ഞ ആനുകൂല്യം അവർക്കറിയാവുന്ന, അവര്‍ വോട്ട് ചെയ്‌ത പാർലമെന്‍റേറിയനെ ലഭിക്കും എന്നതാണ്.

Also Read : 'കക്ഷത്തിലിരിക്കുന്നത് പോകാതെ'; അമേരിക്കന്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബൈഡൻ്റെ പുതിയ പശ്ചിമേഷ്യന്‍ തന്ത്രം - Bidens New West Asia Strategy

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.