ETV Bharat / bharat

കോൺഗ്രസിന്‍റെ 2024 ഒരുക്കം : ഗെലോട്ട്, ബാഗേല്‍, കമൽനാഥ് എന്നിവരുടെ 'ഭാവി' തീരുമാനിക്കാന്‍ ഖാര്‍ഗെ

author img

By ETV Bharat Kerala Team

Published : Dec 11, 2023, 7:26 PM IST

Ashok Gehlot  Bhupesh Baghel  Kamal Nath  Congress  Mallikarjun Kharge  Congress 2024 preparation  Rajasthan Assembly Election  Chhattisgarh Assembly Election  Madhya Pradesh Assembly Election  നിയമസഭ തെരഞ്ഞെടുപ്പ്‌  കോൺഗ്രസ്‌  ലോക്‌സഭാ തിരഞ്ഞെടുപ്പ്‌  Lok Sabha Election
Congress

Union Elections 2024 : മൂന്ന് സംസ്ഥാനങ്ങളിലെ പാര്‍ട്ടി തോല്‍വിക്കുപിന്നാലെ മുതിർന്ന നേതാക്കളായ കമൽനാഥ്, ഭൂപേഷ് ബാഗേൽ, അശോക് ഗെലോട്ട് എന്നിവര്‍ക്ക് കോണ്‍ഗ്രസ് എന്ത് ചുമതലകള്‍ നല്‍കുമെന്ന ചോദ്യം ശക്തമാവുകയാണ്

ന്യൂഡൽഹി : മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ തോൽവി അവലോകനം ചെയ്‌ത ശേഷം കമൽനാഥ് (Kamal Nath), ഭൂപേഷ് ബാഗേൽ (Bhupesh Baghel), അശോക് ഗെലോട്ട് (Ashok Gehlot) എന്നിവരുടെ രാഷ്‌ട്രീയ ഭാവി നിര്‍ണയിക്കാനൊരുങ്ങുകയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ (Mallikarjun Kharge). ഇപ്പോൾ രാജസ്ഥാനിലെയും ഛത്തീസ്‌ഗഡിലെയും മുൻ മുഖ്യമന്ത്രിമാരാണ് ഗെലോട്ടും ബാഗേലും. കമൽനാഥ് മധ്യപ്രദേശ് ഘടകത്തിന്‍റെ മേധാവിയായി തുടരുന്നു.

നേരത്തെ മുൻ മുഖ്യമന്ത്രിമാർക്ക് പാർട്ടിയിൽ കേന്ദ്ര സ്ഥാനങ്ങള്‍ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി വ്യത്യസ്‌തമാണ്. എന്തെന്നാല്‍ അടുത്ത വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് കോൺഗ്രസ് ആരംഭിക്കേണ്ടതുണ്ട്.

സംസ്ഥാന തെരഞ്ഞെടുപ്പിലെ തോൽവിയില്‍ യുക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അത് തെറ്റായ സന്ദേശം നൽകിയേക്കാം. കൂടാതെ ഒരു റോളും നൽകാതെ മുതിർന്ന നേതാക്കളെ മാറ്റി യുവ നേതാക്കളെ നിയമിച്ചാൽ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സാധ്യതകൾ കുറയുകയും ചെയ്യും. ഈ സാഹചര്യത്തില്‍ തോല്‍വികളില്‍ ഖാർഗെ സംസ്ഥാന നേതാക്കളോട് വിശദീകരണം തേടും. ശേഷം അവരുടെ രാഷ്‌ട്രീയഭാവി തീരുമാനിക്കുമെന്നും നേതാക്കൾ പറയുന്നു.

'തെരഞ്ഞെടുപ്പ് ഫലം ഹൈക്കമാൻഡ് പരിശോധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും. ആദ്യം, സിഎൽപി നേതാവിനെ തീരുമാനിക്കും. തുടര്‍ന്ന് പാർട്ടിയുടെ ഭാവി നടപടികളും തീരുമാനിക്കും. രാജസ്ഥാനില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്' - സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി സുഖ്‌ജീന്ദർ സിംഗ് രൺധാവ പറഞ്ഞു.

സംസ്ഥാന ഘടകങ്ങളിലെ ചേരിപ്പോര്, ഭരണവിരുദ്ധത നേരിട്ട സിറ്റിംഗ് എംഎൽഎമാർക്ക് ടിക്കറ്റ് നല്‍കിയത്, ശക്തമായ പ്രചാരണത്തിന്‍റെ അഭാവം എന്നിവയാണ് 2018 ൽ വിജയം കൈവരിച്ച മൂന്ന് ഹിന്ദി സംസ്ഥാനങ്ങളിലും കോൺഗ്രസ്‌ പരാജയപ്പെടാൻ കാരണമായത്. കമൽനാഥും ബാഗേലും ഗെലോട്ടും പ്രചാരണങ്ങൾ നിയന്ത്രിക്കുന്ന കാര്യത്തിൽ തങ്ങളുടെ കർത്തവ്യം ചെയ്‌തുവെങ്കിലും സ്ഥാനാര്‍ഥിനിര്‍ണയത്തിലെ വീഴ്‌ച പലയിടങ്ങളിലും പ്രകടമാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

രാജസ്ഥാനിൽ അശോക് ഗെലോട്ട് - സച്ചിൻ പൈലറ്റ് പോര്, ഛത്തീസ്‌ഗഡിലെ ഭൂപേഷ് ബാഗേൽ - ടിഎസ് സിംഗ് ദിയോ ഏറ്റുമുട്ടല്‍, കമൽനാഥിന്‍റെ ഏകപക്ഷീയമായ പ്രവർത്തന ശൈലി എന്നിവ കോൺഗ്രസ് പരാജയത്തിൽ നിഴലിച്ചിട്ടുണ്ട്. 2019 ല്‍ രാജസ്ഥാനിലെ 25 ലോക്‌സഭ സീറ്റുകളിൽ ഒന്നില്‍ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. മധ്യപ്രദേശിലെ 29 ൽ ഒന്നിലും ഛത്തീസ്‌ഗഡിലെ 11 മണ്ഡലങ്ങളില്‍ 2 ഇടങ്ങളിലും മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്.

'ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പില്‍ ധ്രുവീകരണ രാഷ്ട്രീയം പ്രയോഗിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിലും അവർ അതേ പ്ലാൻ ഉപയോഗിക്കും. അവർ അയോധ്യ ക്ഷേത്രത്തെ കുറിച്ച് സംസാരിച്ചുതുടങ്ങിയിരിക്കുന്നു. ഞങ്ങൾ മോശമായതൊന്നും ചെയ്‌തിട്ടില്ല, പക്ഷേ ഇപ്പോൾ തന്നെ പാർലമെന്‍റ്‌ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ആരംഭിക്കണം. മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ ഗ്രൗണ്ടിൽ കഠിനമായി പരിശ്രമിക്കുകയും വേണം' - മധ്യപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി സിപി മിത്തൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.