കേരളം

kerala

തരൂരിനായി പ്രകാശ് രാജ് തിരുവനന്തപുരത്ത്; ബെംഗളൂരുവിന് വേണ്ടി ഒന്നും ചെയ്യാത്തയാളാണ് രാജീവ് ചന്ദ്രശേഖറെന്ന് പരിഹാസം - Prakash Raj in Thiruvananthapuram

By ETV Bharat Kerala Team

Published : Apr 22, 2024, 4:47 PM IST

18 വർഷം രാജ്യസഭ എംപിയായിട്ടും രാജീവ് ചന്ദ്രശേഖർ ബെംഗളൂരുവിന് വേണ്ടി ഒന്നും ചെയ്‌തില്ല. ബെംഗളൂരുവിൽ നിന്ന് മുങ്ങിയ രാജീവ് ചന്ദ്രശേഖറിനെ തേടിയാണ് താൻ തിരുവനന്തപുരത്ത് വന്നതെന്നും നടൻ പ്രകാശ് രാജിന്‍റെ പരിഹാസം

PRAKASH RAJ AGAINST BJP  PRAKASH RAJ ON RAJEEV CHANDRASEKHAR  LOKSABHA ELECTION 2024  PRAKASH RAJ SUPPORTS SHASHI THAROOR
PRAKASH RAJ PRAKASH RAJ

പ്രകാശ് രാജ് വാർത്ത സമ്മേളനത്തിനിടെ

തിരുവനന്തപുരം:പതിനെട്ട് വർഷം രാജ്യസഭ എംപിയായിട്ടും ബെംഗളൂരുവിന് വേണ്ടി ഒന്നും ചെയ്യാത്ത വ്യക്തിയാണ് രാജീവ് ചന്ദ്രശേഖറെന്ന് നടൻ പ്രകാശ് രാജ്. ബെംഗളൂരിൽ നിന്ന് മുങ്ങിയ രാജീവ് ചന്ദ്രശേഖറിനെ തേടിയാണ് താൻ തിരുവനന്തപുരത്ത് വന്നതെന്നും അദ്ദേഹം പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ പരിഹസിച്ചു. യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന്‍റെ പ്രചാരണത്തിനായാണ് പ്രകാശ് രാജ് തിരുവനന്തപുരത്തെത്തിയത്.

ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത ആളാണ് രാജീവ്‌ ചന്ദ്രശേഖർ. പണം കൊണ്ടാണ് ഇതുവരെ വിജയിച്ചത്. ഒരുപാട് നുണകൾ പറഞ്ഞാണ് അവർ പ്രചരണം നടത്തുന്നത്. എങ്ങനെയാണ് ഇങ്ങനെ മനുഷ്യരെ പറഞ്ഞു പറ്റിക്കുന്നത്? തന്‍റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അദ്ദേഹത്തിന് സാധിക്കുമോയെന്ന് വെല്ലുവിളിക്കുകയാണെന്നും പ്രകാശ് രാജ് പറഞ്ഞു.

മൂന്ന് തവണ രാജ്യസഭ എംപിയായ രാജീവ് ചന്ദ്രശേഖർ ജനങ്ങൾക്ക് വേണ്ടി എന്താണ് ചെയ്‌തത്? രാജീവ്‌ ചന്ദ്രശേഖർ പറയുന്നത് വികസനമാണ് അദ്ദേഹത്തിന്‍റെ മുഖമുദ്രയെന്നാണ്. അദ്ദേഹത്തിന്‍റെ ഷെൽ കമ്പനികൾക്ക് ഉണ്ടായ വികസനത്തെ പറ്റിയാണ് അദ്ദേഹം പറയുന്നത്. യുക്രൈൻ യുദ്ധത്തെ പറ്റി വരെ സംസാരിച്ചു. പക്ഷേ മണിപ്പൂരിനെ പറ്റി ഒന്നും പറയുന്നില്ലെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി.

ഏതെങ്കിലും കള്ളൻ താൻ കള്ളനാണെന്ന് സമ്മതിച്ചിട്ടുണ്ടോയെന്നും രാജീവിന്‍റെ ട്രാക്ക് റെക്കോർഡ് അദ്ദേഹത്തിന്‍റെ കാറുകളും വിമാനവുമാണോയെന്നും അദ്ദേഹം ചോദിച്ചു. കുറ്റകൃത്യം ചെയ്യാനുള്ള സാധ്യതകളുടെ വികസനമാണ് അവർ നടത്തുന്നത്. ശശി തരൂരിന് പിന്തുണ നൽകാൻ വേണ്ടിയാണ് താൻ വന്നത്. പാർലമെന്‍റിലെ രാജാവിനെതിരെ ചോദ്യം ചോദിച്ച ആളാണ് ശശി തരൂർ. അദ്ദേഹം രാജ്യത്തിന്‍റെ അഭിമാനമാണെന്നും പ്രകാശ് രാജ് പറഞ്ഞു.

അയോധ്യ പ്രതിഷ്‌ഠ ദിനത്തിൽ ശശി തരൂർ രാമന്‍റെ ഫോട്ടോ പോസ്‌റ്റ്‌ ചെയ്‌തതിൽ എന്താണ് തെറ്റെന്നും പ്രകാശ് രാജ് ചോദിച്ചു. അത് വിശ്വാസത്തിന്‍റെ ഭാഗമാണ്. ചന്ദ്രയാനിൽ പോകുന്ന ശാസ്‌ത്രജ്ഞൻ തിരുപ്പതിയിലും പോകുന്നുണ്ട്. താൻ ദൈവത്തിന് എതിരല്ല. മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ മൻമോഹൻ സിംഗിന്‍റെ വാക്കുകൾ വളച്ചൊടിക്കുകയാണ് ചെയ്‌തതെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.

പ്രകാശ് രാജിന്‍റെ വാക്കുകൾ:"കോൺഗ്രസിന് വേണ്ടിയല്ല, ശശി തരൂർ എന്ന വ്യക്തിക്ക് വേണ്ടിയാണ് വന്നത്. നിങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവരെയാണ് നിങ്ങൾ പാർലമെന്‍റിലേക്ക് അയക്കേണ്ടത്. ഇടതുപക്ഷത്തു മത്സരിക്കുന്ന ആൾ നല്ല മനുഷ്യൻ ആണ്. അദ്ദേഹത്തെ നന്നായി അറിയാം. പക്ഷേ ശശി തരൂരിനോടുള്ള വിശ്വാസ്യത കൊണ്ടാണ് അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നത്.

ബിജെപിയുടെ പ്രകടന പത്രികയിൽ നിന്നു തന്നെ അവരുടെ പൊള്ളത്തരം മനസിലാകും. ബിജെപി എന്ന വൈറസിനെ കേരളം പുറത്താക്കുമെന്ന വിശ്വാസം തനിക്കുണ്ട്. മോദിയെന്ന രാജാവ് ഇനിയും ഭരിച്ചാൽ രാജ്യത്തിന് എന്തു സംഭവിക്കുമെന്ന് നമുക്ക് അറിയാം. ഒരൊറ്റ നിയമം ഒരൊറ്റ രാജ്യം എന്ന സങ്കൽപം ഇന്ത്യക്ക് ഒരിക്കലും ചേരില്ല. അത്‌ വലിയ അപകടങ്ങൾ വരുത്തി വയ്‌ക്കും.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ നാന്നൂറിലധികം സീറ്റുകൾ നേടുമെന്ന വിശ്വാസമുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ടാണ് എംപിമാരെ മറ്റു പാർട്ടികളിൽ നിന്ന് വില കൊടുത്തു വാങ്ങുന്നത്. ഹിറ്റ്ലറിനെ ഓർമിപ്പിക്കുന്നതാണ് ഇവരുടെ ഭരണം. സുഭാഷ് ചന്ദ്രബോസ് ആണ് രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി എന്ന് പറഞ്ഞ ഒരാളാണ് ബിജെപി എംപിയാകാൻ പോകുന്നത്.

പണ്ട് രാമൻ ആയി അഭിനയിച്ച ഒരാളും മത്സരിക്കുന്നുണ്ട് എന്ന് കേൾക്കുന്നു. ഒരു പാർട്ടിയെയും താൻ പിന്തുണയ്‌ക്കുന്നില്ല. രാജ്യത്തെ 40% സ്ഥാനാർഥികളും സ്വതന്ത്രരാവണം എന്നാണ് തന്‍റെ ആഗ്രഹം. തനിക്ക് ഒരു പാർട്ടിയോടും മമതയില്ല. പ്രധാനമന്ത്രി നടത്തിയ ഒരു നുണ പോലുമില്ലാത്ത പ്രസംഗം തന്നെ കാണിക്കൂ. തനിക്ക് ആശങ്ക രാജ്യത്തെക്കുറിച്ച് മാത്രമാണ്."

ABOUT THE AUTHOR

...view details