കേരളം

kerala

'ദി കേരള സ്റ്റോറി കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള പച്ച നുണ, ആർഎസ്എസ് കെണിയിൽ വീഴരുത്': പിണറായി വിജയൻ - Pinarayi about The Kerala Story

By ETV Bharat Kerala Team

Published : Apr 9, 2024, 5:16 PM IST

രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള സിനിമ പ്രചരിപ്പിക്കുന്നതിന് പിന്നിൽ കൃത്യമായ ഉദ്ദേശം കാണുമെന്ന് മുഖ്യമന്ത്രി.

മുഖ്യമന്ത്രി പിണറായി വിജയൻ  THE KERALA STORY  ദി കേരള സ്റ്റോറി സിനിമ  PINARAYI VIJAYAN
Chief Minister Pinarayi Vijayan against The Kerala Story Cinema

'ദി കേരളാ സ്റ്റോറി കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള പച്ച നുണ, ആർഎസ്എസ് കെണിയിൽ വീഴരുത്': മുഖ്യമന്ത്രി പിണറായി വിജയൻ

കൊല്ലം:ദി കേരള സ്റ്റോറി സിനിമ ആർഎസ്എസ് സംഘപരിവാർ അജണ്ടയാണെന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ. പച്ചനുണയിലൂടെ നാടിനെ അപകീർത്തിപ്പെടുത്തുന്നു. തീർത്തും രാഷ്ട്രീയ ഉദ്ദേശത്തോടെ കൊണ്ടുവന്ന സിനിമ.

കൂടുതൽ പ്രചാരണം കൊടുക്കുന്നുണ്ടെങ്കിൽ പ്രത്യേക ഉദ്ദേശം കാണും. ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചു വിടുന്ന ആർഎസ്എസിൻ്റെ കെണിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രിസ്ത്യൻ രൂപതകൾ സിനിമ പ്രദർശിപ്പിക്കുന്ന വേളയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഹിറ്റ്ലറുടെ ആശയം അതേ പോലെ പകർത്തിവെച്ചിരിക്കുന്നവരാണ് ആർഎസ്എസുകാർ. ജർമ്മനിയിൽ ജൂതരാണെങ്കിൽ ഇവിടെ മുസ്ലിം വിഭാഗവും ക്രൈസ്‌തവരുമാണ് ഇരയാക്കപ്പെടുന്നത്. ആർഎസ്എസിൻ്റെ ഈ കെണിയിൽ ജനങ്ങൾ വീഴരുത്. രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള സിനിമ പ്രചരിപ്പിക്കുന്നതിന് പിന്നിൽ കൃത്യമായ ഉദ്ദേശമുണ്ടാകുമെന്നും കൊല്ലം ചവറയിൽ മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ എവിടെയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിച്ചിരിക്കുന്നത്. പച്ചനുണ ഒരു നാടിനെ അപകീർത്തിപ്പെടുത്താൻ ഭാവനയിൽ കാര്യങ്ങൾ ഉണ്ടാക്കി അവതരിപ്പിക്കുകയാണ് ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം വിവാദ ചലച്ചിത്രം കഴിഞ്ഞ ദിവസം ഇടുക്കി രൂപതയ്ക്ക് കീഴിലെ പള്ളികളില്‍ വേദ പഠനം നടത്തുന്ന കൗമാരക്കാര്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നു. 10 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് മുന്നിലാണ് സിനിമ പ്രദർശിപ്പിച്ചത്.

ദൂരദര്‍ശന്‍ കേരള സ്റ്റോറി സംപ്രക്ഷേണം ചെയ്യുന്നതിനു തൊട്ടുതലേന്നായിരുന്നു ഇടുക്കി രൂപത വിവാദ സിനിമ പ്രദര്‍ശിപ്പിച്ചത്. നടപടി വലിയ വിവാദമായതോടെ, പ്രണയത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന്‍റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നും കേരളത്തിലിപ്പോഴും ലൗ ജിഹാദ് നിലനില്‍ക്കുന്നു എന്നുമായിരുന്നു സഭയുടെ പ്രതികരണം. എന്നാൽ പിന്നീട് തലശ്ശേരി, താമരശ്ശേരി രൂപതകളും ചിത്രം പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

രൂപതയിലെ മുഴുവൻ കെ.സി.വൈ.എം യൂണിറ്റുകളിലും ശനിയാഴ്‌ചയാണ് സിനിമ പ്രദർശിപ്പിക്കുക. ‘കേ​ര​ള സ്​​റ്റോ​റി’ നിരോധിച്ചിട്ടില്ലെന്നും സിനിമ പ്രദർശിപ്പിച്ച ഇടുക്കി രൂപതക്ക് അഭിനന്ദനങ്ങളെന്നും കെ.സി.വൈ.എം-എസ്.എം.വൈ.എം താമരശ്ശേരി യൂണിറ്റ് പുറത്തിറക്കിയ പോസ്റ്ററിൽ പറയുന്നു.

സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഉയർത്തിയ ശക്തമായ എതിർപ്പുകളെ അവഗണിച്ച് കഴിഞ്ഞ ദിവസം കേരള സ്റ്റോറി സിനിമ ദൂരദർശൻ സംപ്രേഷണം ചെയ്‌തിരുന്നു. പ്രദർശനം തടയണം എന്നാവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചെങ്കിലും അവർ ഇടപെട്ടില്ല. സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ദൂരദർശൻ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധമാർച്ച് നടത്തി. യൂത്ത് കോൺഗ്രസും പ്രതിഷേധിച്ചു.

ALSO READ:'കേരള സ്റ്റോറി മുസ്ലിം, കമ്യൂണിസ്റ്റ്, കേരള വിരുദ്ധം; നിരോധിക്കണമെന്ന നിലപാടില്ല': എംവി ഗോവിന്ദന്‍ - MV GOVINDAN AGAINST KERALA STORY

ABOUT THE AUTHOR

...view details