കേരളം

kerala

പേവിഷ പ്രതിരോധ സിറത്തിന് കടുത്ത ക്ഷാമം ; തെരുവ് നായ ശല്യം വർധിച്ചതിനാലെന്ന വാദവുമായി ആരോഗ്യ വകുപ്പ്

By

Published : Apr 9, 2023, 1:49 PM IST

സംസ്ഥാനത്ത് തെരുവ് നായ ആക്രമണം വർധിച്ചതോടെ ഈ വർഷം അധികമായി മരുന്ന് ആവശ്യമായി വന്നെന്നും ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നുമാണ് ആരോഗ്യ വകുപ്പിൻ്റെ വിശദീകരണം

Severe shortage of anti rabies serum  പേവിഷ പ്രതിരോധ സിറത്തിന് കടുത്ത ക്ഷാമം  തെരുവ് നായ ശല്യം  പേവിഷ പ്രതിരോധ സിറം  തെരുവ് നായ ആക്രമണം
പേവിഷ പ്രതിരോധ സിറം

തിരുവനന്തപുരം :സംസ്ഥാനത്ത് പേവിഷ പ്രതിരോധ സിറത്തിന് വൻ ക്ഷാമം. ഇതേ തുടർന്ന് ആരോഗ്യ വകുപ്പ്, ഉയർന്ന വിലയ്ക്ക് ലോക്കൽ പർച്ചേഴ്‌സ് നടത്താൻ നിർദേശം നൽകി. ആശുപത്രികൾക്ക് മരുന്ന് വിതരണം ചെയ്യേണ്ട മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍റെ സ്‌റ്റോക്കും കാലിയാണ്. ടെൻഡർ നടപടികൾ പൂർത്തിയാക്കുന്നതിൽ ഉദ്യോഗസ്ഥർ വരുത്തിയ വീഴ്‌ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ഉയരുന്ന ആക്ഷേപം.

എന്നാൽ ആരോഗ്യവകുപ്പ് ഈ ആരോപണം നിഷേധിച്ചു. സംസ്ഥാനത്ത് തെരുവ് നായ ആക്രമണം വർധിച്ചതോടെ ഈ വർഷം അധികമായി മരുന്ന് ആവശ്യമായി വന്നെന്നും ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നുമാണ് ആരോഗ്യ വകുപ്പിൻ്റെ വിശദീകരണം. കാസര്‍കോട്, കോഴിക്കോട്, വയനാട്, തൃശൂര്‍ , പത്തനംതിട്ട എന്നീ ജില്ലകളിലാണ് പേവിഷ പ്രതിരോധ സിറത്തിന് കടുത്ത ക്ഷാമം നേരിടുന്നത്‌. അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ലോക്കൽ പർച്ചേഴ്‌സിലൂടെ 25 വയൽ ലഭ്യമാക്കിയിട്ടുണ്ട്.

സിറമെത്തിക്കാൻ ആരോഗ്യ വകുപ്പിന്‍റെ തീവ്ര ശ്രമം :9000 വയൽ മരുന്ന് എത്രയും വേഗം എത്തിക്കാനുള്ള നീക്കത്തിലാണ് ആരോഗ്യ വകുപ്പ്. എന്നാൽ വിവിധ സംസ്ഥാനങ്ങൾക്ക് ഓർഡർ പ്രകാരം മരുന്ന് നൽകിയതോടെ ഉത്പാദകരുടെ കൈവശവും മരുന്ന് സ്‌റ്റോക്കില്ലാത്ത സ്ഥിതിയാണ്. പേവിഷബാധ പ്രതിരോധ സിറം ഒരു വയലിന് 152 രൂപ നിരക്കില്‍ നൽകാന്‍ ഹൈദരാബാദിലെ കമ്പനി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ടെൻഡർ നടപടികൾ വൈകിയതോടെ ഈ സാധ്യതയും അടയുകയായിരുന്നു.

കഴിഞ്ഞ ദിവസം പാറശാലയിൽ നായയുടെ കടിയേറ്റ കുട്ടിക്ക് നൽകാൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇമ്മ്യൂണോ ഗ്ലോബുലിൻ ഇല്ലാതിരുന്നത് വലിയ വാർത്തയായിരുന്നു. ഇമ്മ്യൂണോ ഗ്ലോബുലിൻ പേവിഷ ബാധയ്‌ക്കെതിരെ സാധാരണ നൽകുന്ന ഐഡിആർവിയ്ക്ക് ഒപ്പം അധിക സുരക്ഷയ്ക്കും പെട്ടെന്നുള്ള പ്രതിരോധത്തിനും നൽകുന്നതാണ്.

നായയുടെ കടിയേറ്റ കുട്ടിക്കായി താലൂക്ക്- ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജിലും അന്വേഷിച്ചെങ്കിലും ഇമ്മ്യൂണോ ഗ്ലോബുലിൻ മരുന്ന് ലഭിച്ചില്ല. ഈ സാഹചര്യത്തിൽ എസ്‌എടി ആശുപത്രി സഹകരണ സംഘം ഫാർമസിയിൽ നിന്ന് രണ്ടുഡോസ് 703.5 രൂപയ്ക്ക്‌ വാങ്ങിയാണ് കുട്ടിക്ക് നൽകിയത്. ഈ സംഭവം മാധ്യമങ്ങളിലടക്കം വൻ വാർത്തയായിരുന്നു.

പത്തനംതിട്ടയിലും മരുന്ന് ക്ഷാമം രൂക്ഷമാണ്. ഇതിന് പുറമെ കാസർകോട് ജില്ലയിലെ പ്രധാന ആശുപത്രികളായ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും കാസർകോട് ജനറൽ ആശുപത്രിയിലും നിലവിൽ ഇമ്മ്യൂണോണോഗ്ലോബുലിൻ ഇല്ലാത്ത സ്ഥിതിയാണ്. നിലവിലെ സാഹചര്യത്തിൽ മരുന്ന് എത്രയും വേഗം എത്തിക്കാനുള്ള തയാറെടുപ്പിലാണ് ആരോഗ്യവകുപ്പ്.

Also Read:സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി വീണ ജോർജ്

ഗുരുതര വീഴ്‌ച :പേവിഷ പ്രതിരോധ കുത്തിവയ്‌പ്പുകൾ സംസ്ഥാനത്തെ അഞ്ഞൂറിലേറെ കേന്ദ്രങ്ങളില്‍ ലഭിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വാഗ്‌ദാനം. എന്നാൽ മെഡിക്കല്‍ കോളജുകളില്‍ പോലും ജീവന്‍ രക്ഷാമരുന്നായ ഇമ്മ്യൂണോ ഗ്ലോബുലിന്‍ ഇല്ലെന്ന സാഹചര്യം അതീവ ഗുരുതര വീഴ്‌ചയാണ്. അവശ്യ പരീക്ഷണങ്ങളും നടപടികളും പൂർത്തിയാക്കി മരുന്ന് എത്താൻ കുറഞ്ഞത് രണ്ട് മാസം എങ്കിലും എടുക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്.

ABOUT THE AUTHOR

...view details