കേരളം

kerala

ബഫര്‍സോണ്‍ സീറോ കിലോമീറ്ററില്‍ നിജപ്പെടുത്തണം ; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെസിബിസി

By

Published : Jun 30, 2022, 11:46 AM IST

KCBC seeks government intervention in buffer zone  ബഫര്‍സോണ്‍ വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെസിബിസി  ബഫര്‍സോണ്‍ വിഷയം  ബഫർസോണ്‍ വിഷയത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കാനൊരിങ്ങി കെസിബിസി  buffer zone issue
ബഫര്‍സോണ്‍ സീറോ കിലോമീറ്ററില്‍ നിജപ്പെടുത്തണം; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെസിബിസി

ഈ വിഷയത്തിൽ നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് കെസിബിസിയുടെ പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിക്കും

എറണാകുളം : കേരളത്തിന്‍റെ പ്രത്യേക സാഹചര്യത്തില്‍ ബഫര്‍സോണ്‍ സീറോ കിലോമീറ്ററില്‍ നിജപ്പെടുത്തണമെന്ന് കെസിബിസി. ഈ വിഷയത്തിൽ നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് കെസിബിസിയുടെ പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിക്കും. എല്ലാവിഭാഗം ജനങ്ങളെയും സാരമായി ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ സത്വര ഇടപെടല്‍ നടത്തണമെന്നാണ് കെസിബിസിയുടെ ആവശ്യം.

കേരളത്തിലെ സാമാന്യജനങ്ങളെ ബാധിക്കുന്ന വിഷയമാണ് വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമായി ഒരു കിലോമീറ്റര്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍/ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള 2022 ജൂണ്‍ മൂന്നിലെ സുപ്രീംകോടതി വിധിയെന്ന് കെസിബിസി ചൂണ്ടിക്കാട്ടുന്നു. കൃഷി ചെയ്യുന്നത് മാത്രമല്ല സ്വന്തം ആവശ്യത്തിനായി വീട് വയ്ക്കുന്നത് പോലും നിരോധിക്കപ്പെട്ടിരിക്കുന്ന ഇടമാണ് ബഫര്‍ സോണ്‍.

ഇതുമൂലം ഇതിനുള്ളില്‍ വരുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ അപ്രഖ്യാപിത കുടിയിറക്കലിന് ഇരകളായി ജനിച്ച മണ്ണില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച രീതിയില്‍ വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്‍റെ ആകെ വിസ്‌തൃതിയുടെ 29.65 ശതമാനവും സംരക്ഷിത വനങ്ങളാണ്.

ഇന്ത്യയുടെ ആകെ വിസ്‌തൃതിയുടെ 1.2 ശതമാനം മാത്രം വിസ്‌തൃതിയുള്ള കേരളത്തിലാണ് ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും 4 ശതമാനം (24 എണ്ണം) നിലനില്‍ക്കുന്നത്. ജനസാന്ദ്രത ദേശീയ ശരാശരി വെറും 382 മാത്രമുള്ളപ്പോള്‍ കേരളത്തിലേത് 859 ആണെന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്.

ഇതെല്ലം ചൂണ്ടിക്കാട്ടുന്നത് ദുഷ്‌കരമായ സാഹചര്യത്തിലും കേരളം ഏറ്റവും മികച്ച രീതിയില്‍ വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുന്ന സംസ്ഥാനമാണെന്നതാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാഹചര്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം നിലവിൽ വന്ന വന നിയമങ്ങള്‍ കേരളത്തിലെ റവന്യൂ ഭൂമിയില്‍ അടിച്ചേല്‍പ്പിക്കുന്നത് സാമാന്യ നീതിയുടെ ലംഘനമാണെന്നും കെസിബിസി വ്യക്തമാക്കുന്നു.

സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പുതന്നെ സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്‌തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് ബഫർ സോണ്‍ കേരളത്തിന്‍റെ സംരക്ഷിത വനത്തിന്‍റെ അതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ഉള്ളിലേക്ക് മാറ്റി നിശ്ചയിക്കണമെന്ന ആവശ്യവും കെസിബിസി ഉന്നയിക്കുന്നു.

ABOUT THE AUTHOR

...view details