ETV Bharat / state

വിഷ്‌ണുപ്രിയ വധക്കേസ് : പ്രതിക്ക് ജീവപര്യന്തം തടവ് ; 10 വർഷം തടവും രണ്ടുലക്ഷം രൂപ പിഴയും - VISHNUPRIYA MURDER CASE JUDGEMENT

author img

By ETV Bharat Kerala Team

Published : May 13, 2024, 4:07 PM IST

തലശേരി അഡിഷണൽ ജില്ല കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 ഒക്ടോബര്‍ 22നാണ് പ്രണയത്തില്‍ നിന്ന് പിന്‍വാങ്ങിയതിന്‍റെ പകയിൽ പ്രതി വീട്ടിൽകയറി വിഷ്‌ണുപ്രിയയെ കഴുത്തറുത്ത് കൊന്നത്.

VISHNUPRIYA MURDER CASE  LIFE IMPRISONMENT TO SHYAMJITH  വിഷ്‌ണുപ്രിയ വധക്കേസ്  ശ്യാംജിത്തിന് ജീവപര്യന്തം
Accused Shyamjith And Vishnupriya (Source: ETV Bharat Reporter)

കണ്ണൂര്‍ : ജില്ലയെ നടുക്കിയ വിഷ്‌ണുപ്രിയ കൊലപാതകത്തിൽ പ്രതിക്ക് ജീവപര്യന്തം. പ്രണയത്തില്‍ നിന്ന് പിന്‍വാങ്ങിയതിന്‍റെ വൈരാഗ്യത്തില്‍ പാനൂരിനടുത്ത് വള്ള്യായിയിൽ വിഷ്‌ണുപ്രിയയെ(25) വീട്ടില്‍ക്കയറി കൊലപ്പെടുത്തിയ കേസിൽ ആണ് വിധി. കൂത്തുപറമ്പിനടുത്ത് മാനന്തേരി താഴെ കളത്തില്‍ വീട്ടില്‍ എം ശ്യാംജിത്തിനാണ്(28) കോടതി ശിക്ഷ വിധിച്ചത്.

കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും വീട്ടിൽ അതിക്രമിച്ചുകയറിയതിന് 10 വർഷം തടവും രണ്ടുലക്ഷം രൂപ പിഴയും ഉൾപ്പടെയാണ് ശിക്ഷ. രണ്ട് ശിക്ഷകളും ഒന്നിച്ചനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി. തലശേരി അഡിഷണൽ ജില്ല കോടതി(1)ൽ ജഡ്‌ജി എ വി മൃദുലയാണ് വിധി പറഞ്ഞത്.

കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2022 ഒക്ടോബര്‍ 22 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ദാരുണമായ സംഭവം. പാനൂര്‍ ന്യൂക്ലിയസ് ക്ലിനിക്കില്‍ ഫാര്‍മസിസ്റ്റായിരുന്നു വിഷ്‌ണുപ്രിയ. വിഷ്‌ണുപ്രിയയും ശ്യാംജിത്തും പ്രണയത്തിലായിരുന്നു. കൊലപാതകം നടക്കുന്നതിന് രണ്ടുമാസം മുന്‍പ് ഇവര്‍ തെറ്റിപ്പിരിഞ്ഞെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പൊലീസ് കണ്ടെത്തിയത്.

കൊലപാതകം നടക്കുന്നതിന്‍റെ ആറുദിവസം മുന്‍പ് വിഷ്‌ണുപ്രിയയുടെ അച്ഛമ്മ മരിച്ചിരുന്നു. ബന്ധുക്കളൊക്കെ അവിടെ ആയിരുന്നപ്പോഴാണ് വീട്ടിൽ ഒറ്റയ്‌ക്കായിരുന്ന വിഷ്‌ണുപ്രിയയെ ശ്യാംജിത്ത് കൊലപ്പെടുത്തിയത്. മരണവീട്ടില്‍ നിന്ന് ബന്ധുവായ യുവതി, വിഷ്‌ണുപ്രിയയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്.

നിലവിളികേട്ട് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തുകയായിരുന്നു. പ്രതി ശ്യാംജിത്ത് വീട്ടിലെത്തിയതും കൊലപാതകം നടത്തിയതും പരിസരവാസികളൊന്നും അറിഞ്ഞിരുന്നില്ല. കഴുത്തറുത്തും കൈഞരമ്പുകൾ മുറിച്ചുമാണ് കൊലപാതകം നടത്തിയത്. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ നിലയിലാണ് വിഷ്‌ണുപ്രിയയെ കണ്ടത്. ഇരുകൈകള്‍ക്കും വെട്ടേല്‍ക്കുകയും ചെയ്‌തിരുന്നു.

പ്രതി കൈഞരമ്പ് മുറിച്ച് മരണം ഉറപ്പാക്കുകയും ചെയ്‌തു. 29 മുറിവുകളായിരുന്നു വിഷ്‌ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. ഇതില്‍ പത്ത് മുറിവുകളും മരണശേഷമായിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി മാനന്തേരിയിലെ സ്വന്തം വീട്ടിലെത്തുകയും ചെയ്‌തിരുന്നു. പിന്നീട് ഫോണ്‍ ലൊക്കേഷന്‍ മനസിലാക്കി പൊലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടി.

Also Read: പ്രണയം നിരസിച്ചതിന് ആസിഡ് ആക്രമണം, മൂന്ന് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക് ; മംഗലാപുരത്ത് മലയാളി യുവാവ് പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.