ETV Bharat / state

തൃശൂര്‍ പൂരം: ആനകളുടെ പട്ടികയും, ഫിറ്റ്നസും സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്‌ - elephants fitness certificate

author img

By ETV Bharat Kerala Team

Published : Apr 13, 2024, 1:06 PM IST

തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന മുഴുവൻ ആനകളുടെയും പട്ടികയും, ഫിറ്റ്നസും സമർപ്പിക്കാൻ വനം വകുപ്പിന് ഹൈക്കോടതിയുടെ നിര്‍ദേശം.

THRISSUR POORAM  LIST OF ELEPHANTS IN POORAM  FITNESS CERTIFICATE  തൃശൂര്‍ പൂരം
ELEPHANTS FITNESS CERTIFICATE

എറണാകുളം: തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന മുഴുവൻ ആനകളുടെയും പട്ടികയും, ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. പതിനാറാം തീയതി റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പിനാണ് നിർദേശം നൽകിയത്. തൃശൂര്‍ പൂരത്തിന് ദിവസങ്ങൾ ശേഷിക്കെയാണ് എഴുന്നള്ളിക്കുന്ന മുഴുവൻ ആനകളുടെയും പട്ടികയും, ഫിറ്റ്നസും സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.

പതിനാറാം തീയതി വനം വകുപ്പ് ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണം. തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്ന കാര്യത്തിൽ 17ന് ഹൈക്കോടതി തീരുമാനമെടുക്കും. മദപ്പാടുള്ളതോ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതോ ആയ ആനകളെ പൂരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഡോക്‌ടർമാർക്ക് പുറമെ കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും ആനകളെ പരിശോധിക്കണം.

ഉത്സവകാലത്ത് ആനകളെ എഴുന്നള്ളിക്കുന്ന കാര്യത്തിൽ നേരത്തെ വനം വകുപ്പ്‌ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പുറപ്പെടുവിച്ച നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശം നൽകിയിട്ടുണ്ട്.
ആനകളുടെ 50 മീറ്റർ ചുറ്റളവിൽ തീവെട്ടി, മേളം, പടക്കം പൊട്ടിക്കൽ എന്നിവ പാടില്ല. മൂന്ന് മീറ്റർ പരിധിയിൽ ജനങ്ങളെ കടത്തി വിടരുത്.

ആനകൾക്ക് ചുറ്റും പൊലീസും വോളന്‍റിയർമാരും സംരക്ഷണം ഒരുക്കണം. ചൂട് കുറയ്ക്കുന്നതിനായി നിശ്ചിത ഇടവേളകളിൽ ആനകൾക്ക് വെള്ളം നനച്ചു കൊടുക്കണം. ഉത്സവാഘോഷങ്ങൾക്ക് കുറഞ്ഞത് 12 മണിക്കൂർ മുൻപ് ഡോക്‌ടർമാർ ആനകളെ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണം.

ഒരുപക്ഷേ ആന ഇടഞ്ഞാൽ ലോഹത്തോട്ടി ഉൾപ്പെടെ ഉപയോഗിക്കുന്നില്ലെന്നുറപ്പു വരുത്തണമെന്നും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ ഉത്തരവിൽ നിർദേശമായുണ്ട്. ഈ ഉത്തരവ് കർശനമായി പാലിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.

ALSO READ: പൂരത്തിനെ വരവേൽക്കാനൊരുങ്ങി തൃശൂർ; തിരുവമ്പാടിയുടെ പന്തൽ കാൽനാട്ട് കർമ്മം നടന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.